Asianet News MalayalamAsianet News Malayalam

ചാൻസലർ വിവാദം: ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാലും ഒപ്പിടാതെ വെച്ചാലും സർക്കാർ കോടതിയെ സമീപിക്കും

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഉടന്‍ ആരിഫ് മുഹമ്മദ് ഖാന് അയക്കുമെന്നാണ് വിവരം

Chancellor row Kerala govt would move court if Governor doesnt sign ordinance
Author
First Published Nov 11, 2022, 9:36 AM IST

തിരുവനന്തപുരം: ചാൻസലർ ഓർഡിനൻസിൽ നിയമ പോരാട്ടത്തിന് സംസ്ഥാന സർക്കാർ. ഓർഡിനൻസ് ഗവർണർ രാഷ്ട്രപതിക്ക് അയച്ചാലോ ഒപ്പിടാതെ നീട്ടി വെച്ചാലോ കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചു. ഓർഡിനൻസ് ഇന്നു തന്നെ രാജ് ഭവന് അയക്കും. രാഷ്ട്രപതിക്ക് ഓർഡിനൻസ് അയച്ചാലും നിയമസഭയിൽ ബില്ല് കൊണ്ടുവരാമെന്ന് ഒരു വിഭാഗം നിയമ വിദഗ്ദ്ധർ സംസ്ഥാന സർക്കാരിനെ അറിയിച്ചു.

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഉടന്‍ ആരിഫ് മുഹമ്മദ് ഖാന് അയക്കുമെന്നാണ് വിവരം. രണ്ട് ദിവസം മുൻപ് മന്ത്രിസഭ യോഗം ഓര്‍ഡിന്‍സ് പാസ്സാക്കിയെങ്കിലും ഇത് ഇന്നലെ രാത്രി വരെ ഗവര്‍ണര്‍ക്ക് അയച്ചിരുന്നില്ല. ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്ത് ബില്‍ പാസ്സാക്കാന്‍ കഴിയുമോയെന്ന ചോദ്യം ഉയർന്നത് കൊണ്ടായിരുന്നു ഇത് അയക്കാതിരുന്നത് എന്നാണ് വിവരം. എങ്കിലും സര്‍ക്കാര്‍ പിന്നോട്ട് പോകാന്‍ സാധ്യതയില്ല. കലാമണ്ഡലം കല്പിത സർവകലാശാല ചാൻസ്ലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റി ഇന്നലെ സർക്കാർ ഉത്തരവ് ഇറക്കിയത് ഇതിന്റെ തെളിവാണ്.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരുന്നുണ്ട്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതിനുള്ള ഓർഡിനൻസിന്റെ തുടർ നടപടികൾ ഈ യോഗം ചർച്ച ചെയ്യും. തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവും സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ പരിഗണനയ്ക്ക് വന്നേക്കും. നവംബർ പതിനഞ്ചാം തീയതിയിലെ രാജ്ഭവൻ മാർച്ചിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും.

Follow Us:
Download App:
  • android
  • ios