Asianet News MalayalamAsianet News Malayalam

ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, രണ്ടിടത്ത് യെല്ലോ അലേർട്ട്; ഇന്നും കനത്ത മഴയ്ക്ക് സാധ്യത

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് (Orange) അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം  ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ (Yellow) അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

chances of heavy rain in kerala today 13/10/2021
Author
Thiruvananthapuram, First Published Oct 13, 2021, 12:51 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് (heavy rain) മുന്നറിയിപ്പ്. അറബികടലിൽ (Arabian sea) രൂപംകൊണ്ട ചക്രവാതചുഴി കൂടാതെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം (Low pressure) രൂപപ്പെടാനും സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ ശക്തമായിരുന്ന പടിഞ്ഞാറൻ കാറ്റ് വടക്കൻ കേരളത്തിലേക്കും വ്യാപിക്കുന്നതോടെ സംസ്ഥാനത്ത് 16 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 

ജില്ലകളിലെ ഇന്നത്തെ മഴയ്ക്കുള്ള സാധ്യത

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് (Orange) അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ആലപ്പുഴ, കോട്ടയം  ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ (Yellow) അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. 2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതെന്നും അധികൃതർ അറിയിച്ചു.

ഏത് സാഹചര്യവും നേരിടാൻ തയാറാണെന്ന് മന്ത്രി

കനത്ത മഴയെ തുടര്‍ന്നുള്ള ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറെന്ന് റവന്യൂമന്ത്രി കെ രാജന്‍ ഇന്നലെ അറിയിച്ചിരുന്നു. എന്‍ഡിആര്‍എഫിന്‍റെ ആറ് ടീം തൃശ്ശൂര്‍, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കേന്ദ്ര സേനാ വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ഡിജിപി അനില്‍കാന്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പടെ സംഭവിക്കാന്‍ സാധ്യതയുളളതിനാല്‍ അത്തരം സാഹചര്യം നേരിടുന്നതിന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി ജെസിബി, ബോട്ടുകള്‍ എന്നിവ ഉള്‍പ്പടെയുളള സംവിധാനങ്ങള്‍ ക്രമീകരിക്കും. സംസ്ഥാനത്തെ എല്ലാ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും പ്രത്യേക ജാഗ്രതാനിര്‍ദ്ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൊലീസ് ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.

Follow Us:
Download App:
  • android
  • ios