കോഴിക്കോട്: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിലൂടെ രാജ്യശ്രദ്ധയാകര്‍ഷിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കേരളത്തിലെത്തുന്നു. രാജ്യമാകെ അലയടിച്ച ദില്ലിയിലെ പ്രതിഷേധങ്ങള്‍ക്കിടെ ആസാദിനെ ജയിലിലടച്ചിരുന്നു. ജാമ്യം നേടി പുറത്തിറങ്ങിയ ആസാദ് ദില്ലിയില്‍ വീണ്ടും പ്രതിഷേധിച്ച ശേഷമാണ് കേരളത്തിലേക്കെത്തുന്നത്.  പൗരത്വ ഭേദഗതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച്, ആദ്യമായി പ്രമേയം പാസാക്കിയ കേരളത്തിലേക്ക് ആസാദ് എത്തുന്നതോടെ പ്രതിഷേധങ്ങള്‍ ഒന്നുകൂടി ശക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതിയുടെ പ്രതിഷേധത്തിലാണ് ആസാദ് അണിനിരക്കുക. കോഴിക്കോട് കടപ്പുറത്ത് ആസാദി സ്‌ക്വയറില്‍ ജനുവരി 31 ന് മൂന്നുമണിക്കാണ് പ്രതിഷേധപരിപാടി. പൗരത്വ ഭേദഗതി പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്ന് നിലപാടിലാണ് ചന്ദ്രശേഖര്‍ ആസാദ്.

പൗരത്വ നിയമഭേദ​ഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ആസാദിന് തീസ് ഹസാരി കോടതിയാണ് ജാമ്യം നല്‍കിയത്. വൻ സ്വീകരണത്തോടെയാണ് ജയിലിന് പുറത്ത് ആസാദിനെ ഏവരും വരവേറ്റത്. ആസാദ് പ്രതിഷേധിച്ച ജമാ മസ്‍ജിദ് പാകിസ്‍ഥാനിലാണോ എന്നും വളര്‍ന്നു വരുന്ന നേതാവായ ആസാദിന് എല്ലാ പൗരന്‍മാരേയും പോലെ പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും അന്ന് കോടതി ചൂണ്ടികാട്ടിയിരുന്നു.

തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം, സിഎഎ പിന്‍വലിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും രാജ്യത്തെ വിഭജിക്കുന്നവര്‍ക്കെതിരെയാണ് ഞങ്ങള്‍ സമരം ചെയ്യുന്നതെന്നും ആസാദ് പറഞ്ഞിരുന്നു. ഫെബ്രുവരി 16-ന് മുമ്പായി ആസാദ് ദില്ലി എയിംസില്‍ ചികിത്സയ്ക്കെത്തുമെന്നാണ് സൂചന. ഇതിനുമുന്നോടിയായി രാജ്യമാകെ പൗരത്വ പ്രതിഷേധത്തില്‍ പങ്കുചേരാനുള്ള നീക്കത്തിലാണ് യുവ നേതാവ്.