പുതുപ്പള്ളി: കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി മുന്‍മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. ചിലര്‍ നടത്തുന്ന പ്രചാരണം തെറ്റാണ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം  മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതെല്ലാം നിരസിക്കുന്നു. ചെറുപ്പക്കാരുടെ പ്രാതിനിധ്യം യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ട നിലയില്‍ കാണുന്നില്ല.

പല ജില്ലയിലും യുവാക്കളെ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുമുണ്ട്. ഇതില്‍ വ്യക്തിപരമായി തനിക്ക് പരിഭവം ഉണ്ട്. ഈ സാഹചര്യത്തില്‍ മത്സരിക്കുന്നത് ഉചിതമല്ലെന്നാണ് തോന്നുന്നത്. ഇതൊരു പരാതിയോ എതിര്‍പ്പോ അല്ലെന്നും ഔചിത്യക്കുറവുണ്ടെന്ന് തോന്നലുള്ളതിനാലാണ് തീരുമാനമെന്നും ചാണ്ടി ഉമ്മന്‍ വിശദമാക്കുന്നു. ഫെയിസ് ബുക്ക് ലൈവിലൂടെയാണ് ചാണ്ടി ഉമ്മന്‍ ഇക്കാര്യം വിശദമാക്കിയത്.

വരുന്ന തെരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ലെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു. നല്ലപോലെ ആലോചിച്ച ശേഷമാണ് തീരുമാനമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിക്ക് ആരോഗ്യ പ്രശ്നമുണ്ടെന്ന നിലയിലെ പ്രചാരണങ്ങളും ചാണ്ടി ഉമ്മന്‍ തള്ളി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രചാരണം സജീവമായി നില്‍ക്കുമ്പോഴാണ് ലൈവ് വീഡിയോയുമായി ചാണ്ടി ഉമ്മന്‍ എത്തുന്നത്.