തുടക്കത്തിൽ തന്നെ ലീഡ് പിടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. അസന്നിഹിത വോട്ടുകളിലും പോസ്റ്റൽ വോട്ടുകളിലും മുന്നിൽ. 

കോട്ടയം :  പുതുപ്പള്ളിയിൽ തുടക്കത്തിൽ തന്നെ ലീഡ് പിടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ ഇരുപതിനായിരം വോട്ടുകൾക്ക് ചാണ്ടി ഉമ്മൻ ലീഡുയർത്തി. അയര്‍ക്കുന്നത്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടി നേടിയ ലീഡിനേക്കാൾ മികച്ച മുന്നേറ്റം ചാണ്ടി ഉമ്മൻ നേടി. രണ്ടാം റൌണ്ടിൽ തന്നെ സമ്പൂർണ്ണാധിപത്യത്തിലേക്ക് ചാണ്ടിയെത്തുന്ന കാഴ്ചയാണുള്ളത്. വന്‍ ലീഡില്‍ വിജയമുറപ്പിച്ചതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു. പുതുപ്പള്ളിയിലെ വീട്ടുമുറ്റത്ത് ഉമ്മൻ ചാണ്ടിയുടെ ഫ്ലെക്സുമായിട്ടാണ് പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്.

8 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന വോട്ടെണ്ണൽ വൈകിയാണ് ആരംഭിച്ചത്. ആദ്യംപോസ്റ്റൽ വോട്ടുകളെണ്ണിയപ്പോൾ 4 വോട്ടിന് ചാണ്ടി ലീഡ് പിടിച്ചു. പത്ത് വോട്ടുകളിൽ ഏഴെണ്ണം ചാണ്ടിക്കും 3 വോട്ടുകൾ ജെയ്ക്ക് സി തോമസിനും ലഭിച്ചു. അസന്നിഹിത വോട്ടുകളിലും ചാണ്ടി കൃത്യമായ ലീഡുയർത്തി. ഒരു ഘട്ടത്തിൽ പോലും ജെയ്ക്കിന് മുന്നിലേക്ക് എത്താനായില്ല. കഴിഞ്ഞ തവണ ജെയ്ക്ക് സി തോമസ് മുന്നേറിയ അയർക്കുന്നത്ത് ഇത്തവണ ചാണ്ടി വലിയ തരംഗമുണ്ടാക്കിയെന്നതാണ് ഇടത് കേന്ദ്രങ്ങളിലെ അങ്കലാപ്പുണ്ടാക്കുന്നത്. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ വലിയ മുന്നേറ്റം ചാണ്ടിയുണ്ടാക്കുമെന്നാണ് ആദ്യ മണിക്കൂറുകളിൽ ലഭിക്കുന്ന സൂചന.

പോസ്റ്റൽ വോട്ട് പിടിച്ച് ചാണ്ടി ഉമ്മന്‍; പത്തില്‍ ഏഴും നേടി മുന്നില്‍, ആദ്യ ഫല സൂചന പുറത്ത്

ആദ്യമണിക്കൂറിൽ തന്നെ കൃത്യമായ ലീഡുയർന്നതോടെ യുഡിഎഫ് പ്രവർത്തകർ ചാണ്ടി ഉമ്മന് അഭിവാദ്യങ്ങളർപ്പിച്ച് മുദ്രാവാക്യം വിളികളും ആഹ്ലാദ പ്രകടനവും വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. 

asianet news