കോട്ടയം മെഡിക്കൽ കോളേജിൽ ബിന്ദുവിൻ്റെ മൃതദേഹം വഹിച്ച ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ച സംഭവത്തിൽ കേസ്

കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിൻ്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് പ്രതിഷേധിച്ച ചാണ്ടി ഉമ്മൻ എംഎൽഎക്കെതിരെ കേസ്. ഇദ്ദേഹത്തിന് പുറമെ സ്ഥലത്ത് പ്രതിഷേധിച്ച 30 ഓളം പേർക്കെതിരെയും കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്തു. ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചതിൻ്റെ പേരിലാണ് നടപടി

രാവിലെ പത്തേമുക്കാലോടെയാണ് കോട്ടയം മെഡ‍ിക്കൽ കോളേജിലെ പത്ത്, പതിനൊന്ന്, പതിനാലാം വാർഡുകളടങ്ങിയ കെട്ടിടത്തിലെ ശുചിമുറിയുടെ ഭാഗം ഇടിഞ്ഞ് വീഴുന്നത്. മുഖ്യമന്ത്രിയുടെ മേഖലാ അവലോകനയോഗം കോട്ടയത്ത് നടക്കുമ്പോഴായിരുന്നു അപകടം. യോഗത്തിനെത്തിയ ആരോഗ്യമന്ത്രി വീണ ജോ‍ർജ്ജും, സഹകരണ മന്ത്രി വി.എൻ.വാസവനും ഉടനടി സ്ഥലത്തെത്തി. പഴയ കെട്ടിടമാണെന്നും, ആരും അകത്തില്ലായിരുന്നു എന്നുമായിരുന്നു മന്ത്രിമാരുടെ ആദ്യ വിശദീകരണം. രണ്ട് പേർക്ക് പരിക്കേറ്റുവെന്നും ആശങ്കപ്പെടേണ്ട മറ്റ് കുഴപ്പങ്ങളില്ലെന്നും പറഞ്ഞ മന്ത്രിമാർ സംഭവത്തെ നിസ്സാരവത്കരിച്ചു.

ഇതിനിടെ വാർഡിൽ ചികിത്സയിലായിരുന്ന ബിന്ദുവിന്റെ മകൾ തന്റെ അമ്മയെ കാണാനില്ലെന്ന് പരാതിപ്പെട്ടു, അപ്പോഴാണ് കാര്യമായ തെരച്ചിൽ പോലും തുടങ്ങുന്നത് ചാണ്ടി ഉമ്മൻ എംഎൽഎയടക്കമെത്തി പ്രതിഷേധം തുടങ്ങി. പിന്നാലെ ജെസിബിയടക്കം സ്ഥലത്തെത്തിച്ച് രക്ഷാപ്രവർത്തനം. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബിന്ദുവിനെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മന്ത്രിമാരുടെ എല്ലാ വാദങ്ങളും തെറ്റായിരുന്നുവെന്ന് പിന്നാലെ തെളിഞ്ഞു. അപകടസമയത്ത് 100ലധികം രോഗികൾ കെട്ടിടത്തിലുണ്ടായിരുന്നു. ഓർത്തോ വിഭാഗത്തിലടക്കം ശസ്ത്രികയ കഴിഞ്ഞ രോഗികളെ പ്രവേശിപ്പിക്കുന്ന വാർഡായിരുന്നു ഇത്. പ്രശ്നമുണ്ടായതിന് പിന്നാലെയാണ് ഒഴിപ്പിക്കലടക്കം നടന്നതെന്ന് രോഗികളും കൂട്ടിരിപ്പുകാരും വെളിപ്പെടുത്തി. ഗുരുതര വീഴ്ച വ്യക്തമായതിന് പിന്നാലെ മന്ത്രിമാർ തിരുത്തുമായെത്തി. അപ്പോഴും പറ്റിയ തെറ്റ് പൂർണമായി അംഗീകരിക്കാതെയായിരുന്നു വിശദീകരണം. ശുചിമുറി ഉപയോഗിക്കാറുണ്ടായിരുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് വീണ്ടും ആവർത്തിച്ചു. ഇതിനിടെ രോഗികളെ ഡിസ്ചാർജ്ജ് ചെയ്ത് തിരിച്ചയക്കുവന്നുവെന്ന ആരോപണവുമുയർന്നു. അങ്ങനെ തീരുമാനിച്ചിട്ടില്ലെന്നാണ് ആശുപത്രി വിശദീകരണം.

വൈകിട്ടോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈ സമയത്താണ് അതുവരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരും ബിന്ദുവിൻ്റെ ബന്ധുക്കളും അടക്കം ആംബുലൻസ് തടഞ്ഞത്. കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം, മകൾക്ക് ജോലി, മകളുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുക എന്നീ കാര്യങ്ങൾ സർക്കാർ പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം.

YouTube video player