നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാൾ മൂന്ന് മുതൽ അഞ്ചിരട്ടി വരെ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയാണ് പിഎസ്‍സി റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കെല്ലാം ജോലി കിട്ടില്ല. എന്നാൽ ഉദ്യോഗാർത്ഥികൾ പലരും ചൂഷണങ്ങള്‍ക്കും അനഭിലഷണീയമായ പ്രവണതകള്‍ക്കും വിധേയരാകുന്നുവെന്ന് മുഖ്യമന്ത്രി. 

തിരുവനന്തപുരം: പിഎസ്‍സി റാങ്ക് പട്ടിക ചുരുക്കുന്ന കാര്യം ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. റാങ്ക് പട്ടിക ഒഴിവുകൾക്ക് ആനുപാതികമായി മാത്രം പ്രസിദ്ധീകരിക്കുന്ന കാര്യം ആലോചിച്ച് വരികയാണെന്ന് നിയമസഭയിൽ എച്ച് സലാമിന്‍റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാൾ മൂന്ന് മുതൽ അഞ്ചിരട്ടി വരെ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയാണ് പിഎസ്‍സി റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കെല്ലാം ജോലി കിട്ടില്ല. എന്നാൽ ഉദ്യോഗാർത്ഥികൾ പലരും ചൂഷണങ്ങള്‍ക്കും അനഭിലഷണീയമായ പ്രവണതകള്‍ക്കും വിധേയരാകുന്നുവെന്ന് വ്യക്തമായതാണെന്നും അതിനാലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി പുനഃപരിശോധിക്കുന്ന കാര്യം പരിഗണിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ആകെ ഒഴിവിന്‍റെ മൂന്നിരട്ടി മെയിൻ പട്ടികയിലും ഒഴിവിന്‍റെ പകുതിയുടെ അഞ്ചിരട്ടി ചേർത്ത് സപ്ളിമെന്‍ററി പട്ടികയും തയ്യാറാക്കലാണ് നിലവിലെ രീതി. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മെയിൻ പട്ടികക്ക് പുറമെ സംവരണ വിഭാഗങ്ങൾക്കായുള്ള സപ്ളിമെന്‍ററി പട്ടികയും തയ്യാറാക്കുന്നത്. പട്ടികയിലുണ്ടായിട്ടും നിയമനം കിട്ടാത്ത ഉദ്യോഗാർത്ഥികൾ സംഘടിച്ച് ഉണ്ടാക്കുന്ന പ്രതിഷേധവും സമ്മർദ്ദവും മറികടക്കാനാണ് മാറ്റത്തിനുള്ള സർക്കാർ ശ്രമം.

പട്ടിക ചുരുക്കുന്നതിനോട് ഉദ്യോഗാർത്ഥികൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണുള്ളത്. അതേ സമയം ഒഴിവുകളുടെ എണ്ണം, നിലവിലെ ജീവനക്കാരുടെ വിരമിക്കൽ തീയതി അടക്കമുള്ള വിവരം വെബ്‍സൈറ്റിൽ പ്രസിദ്ധപ്പെടുത്താനുള്ള നീക്കം ഉദ്യോഗാർത്ഥികൾ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്.

ഒഴിവിന് ആനുപാതികമായി റാങ്ക് പട്ടിക ചുരുക്കുന്നതോടെ, ഉദ്യോഗാർത്ഥികൾക്ക് അനാവശ്യ പ്രതീക്ഷ നൽകുന്ന സ്ഥിതിയുണ്ടാവില്ല. ജസ്റ്റിസ് ദിനേശൻ കമ്മീഷന്‍റെ ശുപാർശ അനുസരിച്ചാകും ഇക്കാര്യത്തിൽ തുടർ തീരുമാനങ്ങളുണ്ടാവുക. ഒഴിവുകളേക്കാൾ വളരെയധികം പേരെ പട്ടികയിൽ പെടുത്തുന്നത് അനഭലഷണീയമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി, വിരമിക്കൽ തീയതി പ്രസിദ്ധീകരിക്കുന്നത് പരിശോധിക്കുമെന്നും അറിയിച്ചു. 

എച്ച് സലാമിന്‍റെ സബ്മിഷന് മുഖ്യമന്ത്രി നൽകിയ മറുപടിയുടെ പൂർണരൂപം വായിക്കാം:

നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഇരട്ടി വരെ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കുന്നത്. നിയമനാധികാരികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേയ്ക്ക് സംവരണ തത്വങ്ങള്‍ പാലിച്ചാണ് റാങ്ക് ലിസ്റ്റുകളില്‍ നിന്നും പി.എസ്.സി നിയമന ശിപാര്‍ശകള്‍ നല്‍കിവരുന്നത്. ഈ സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കെല്ലാം നിയമനം ലഭ്യമാവുകയില്ല. അതേസമയം, റാങ്ക് ലിസ്റ്റുകളുടെ കാലാവധിയ്ക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുക എന്നതാണ് സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയം. ഇതിനായി ഒഴിവുകള്‍ യഥാസമയം കൃത്യതയോടെ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് എല്ലാ നിയമനാധികാരികള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി വരുന്നുണ്ട്.

റാങ്ക് ലിസ്റ്റില്‍ പ്രതീക്ഷിത ഒഴിവുകളേക്കാള്‍ വളരെയധികം ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തുന്നത് പ്രമേയാവതാരകന്‍ സൂചിപ്പിച്ചതുപോലെ ചില ചൂഷണങ്ങള്‍ക്കും അനഭിലഷണീയമായ പ്രവണതകള്‍ക്കും വഴിവെക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ചുകൊണ്ട് ഒഴിവിന് ആനുപാതികമായി സംവരണ തത്വങ്ങള്‍ പാലിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ ശിപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദിനേശന്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ട്.

പി.എസ്.സി നിയമനം സംബന്ധിച്ച് വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വകുപ്പുകളിലും സ്ഥാപനങ്ങളിലും ഉള്ള തസ്തികകള്‍, അതില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍, അവരുടെ വിരമിക്കല്‍ തീയതി, ദീര്‍ഘകാല അവധി, നിയമനം നടത്തുന്നതിന് അനുവദനീയമായ തസ്തികകള്‍, തുടങ്ങിയ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ / സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിഷയം പരിശോധിക്കാവുന്നതാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona