ഹനീഷിന്‍റെ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകമെന്ന് സൂചന ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം, ചീഫ് സെക്രട്ടറിക്ക് ഇതാദ്യമായി ഒരു വകുപ്പിന്‍റെ ചുമതല,വിപി ജോയിക്ക് ഔദ്യോഗിക ഭാഷയുടെ  ചുമതല നല്‍കി

തിരുവനന്തപുരം:ചീഫ് സെക്രട്ടറി വിപി ജോയിക്ക് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്‍റെ അധിക ചുമതല അടക്കം സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. റോഡ് ക്യാമറ വിവാദം അന്വേഷിക്കുന്ന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ആദ്യം റവന്യു വകുപ്പിലേക്കും മണിക്കൂറുകള്‍ക്കകം ആരോഗ്യ വകുപ്പിലേക്കും സ്ഥലം മാറ്റി .

റോഡ് ക്യാമറ വിവാദം അന്വേഷണത്തിന്‍റെ അവസാന ഘട്ടത്തിലാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്ഥാനമാറ്റം. ഇന്നലെ ഇറങ്ങിയ ഉത്തരവിൽ മുഹമ്മദ് ഹനീഷിന് മാറ്റം റവന്യു ദുരന്ത നിവാരണ വകുപ്പിലേക്കായിരുന്നു. വ്യവസായ വകുപ്പിലേക്ക് പകരം വരുന്നത് സുമൻ ബില്ല. ഉത്തരവിറങ്ങി മണിക്കൂറുകൾക്കകം തന്നെ തിരുത്ത് വന്നു. റവന്യു വകുപ്പിൽ നിന്ന് മുഹമ്മദ് ഹനീഷ് വീണ്ടും പൊതുജനാരോഗ്യ വകുപ്പിലേക്ക്. പൊതു ജനാരോഗ്യ വകുപ്പിൽ നിന്ന് ടിങ്കു ബിസ്വാൾ റവന്യുവിലേക്കും. പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ജയതിലകിനെ മാറ്റിയപ്പോൾ റവന്യു വകുപ്പിന്റെ കൂടി താൽപര്യം പരിഗണിച്ചാണ് പുതിയ ഉത്തരവെന്നാണ് വിവരം.

അടിക്കടി മാറിമറിഞ്ഞ സ്ഥലംമാറ്റത്തിൽ മുഹമ്മദ് ഹനീഷ് അതൃപ്തനെന്നും സൂചനയുണ്ട്. റോഡിലെ ക്യാമറ വിവാദം വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിച്ച് വരികയാണ്. രണ്ട് ദിവസത്തിനകം മുഹമ്മദ് ഹനീഷ് റിപ്പോര്ട്ട് സമര്‍പ്പിക്കും . വര്‍ഷങ്ങളായി കൈവശം വച്ചിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല മുഹമ്മദ് ഹനീഷിൽ നിന്ന് റാണി ജോര്‍ജ്ജ് ഏറ്റെടുക്കും. ഡോ. ഷര്‍മ്മിള മേരി ജോസഫിന് തദ്ദേശ വകുപ്പ് ചുമതലക്ക് പുറമെ സാമൂഹ്യ നീതി വകുപ്പിന്‍റെ കൂടി ചുമതല. ഐടി സെക്രട്ടറി രത്തൻഖേൽക്കറിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതല കൂടി ഉണ്ടായിരിക്കും. രജിസ്ടേഷൻ ഐജിയായിരുന്ന ഇമ്പശേഖറിനെ കാസര്‍കോട് കളക്ടര്‍ ആയി നിയമിച്ചു.