Asianet News MalayalamAsianet News Malayalam

ചാന്നാർ ലഹള പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയത് അപലപനീയം: മുഖ്യമന്ത്രി

ചരിത്ര പുസ്തകങ്ങളെ തെറ്റായ രീതിയില്‍ മാറ്റിയെഴുതുന്ന സംഘപരിവാര്‍ കാഴ്ചപ്പാടുകള്‍ പ്രതിഫലിക്കുന്നതാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

channar lahala shouldn't have erased from NCERT text books says cm pinarayi vijayan
Author
Thiruvananthapuram, First Published Mar 18, 2019, 9:36 PM IST

തിരുവനന്തപുരം: എന്‍സിഇആര്‍ടിയുടെ ഒമ്പതാം ക്ലാസിലെ ചരിത്രപാഠപുസ്തകത്തില്‍ നിന്നും നവോത്ഥാന മുന്നേറ്റങ്ങളെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്ര പുസ്തകങ്ങളെ തെറ്റായ രീതിയില്‍ മാറ്റിയെഴുതുന്ന സംഘപരിവാര്‍ കാഴ്ചപ്പാടുകള്‍ പ്രതിഫലിക്കുന്നതാണ് ഈ നടപടിയെന്ന് പിണറായി വിമർശിക്കുന്നു.

നവോത്ഥാന മുന്നേറ്റങ്ങളെയും ഇന്ത്യയിലെ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ നടത്തിയ പോരാട്ടങ്ങളെയുമാണ് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. കേരളത്തിന്‍റെ നവോത്ഥാന മുന്നേറ്റത്തിലും വിശിഷ്യ സ്ത്രീ വിമോചന ചരിത്രത്തിലും സുപ്രധാനമായ പങ്കുവഹിച്ച മാറുമറയ്ക്കല്‍ സമരവും ഒഴിവാക്കിയിരിക്കുകയാണ്. അക്കാലത്തെ സാമൂഹ്യനീതിയുടെ പൊള്ളത്തരങ്ങളെ തുറന്നുക്കാട്ടുന്ന പുസ്തകമാണ് സി. കേശവന്‍റെ 'ജീവിതസമരം' എന്ന ആത്മകഥ. അതിലെ ഭാഗങ്ങളും ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്. 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദളിതരും പിന്നോക്ക വിഭാഗങ്ങളും നടത്തിയ സമരങ്ങളെ ബോധപൂര്‍വ്വം തമസ്കരിക്കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളത്. നവോത്ഥാന മൂല്യങ്ങളെയും സ്ത്രീ മുന്നേറ്റങ്ങളേയും ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാനുള്ള ഇടപെടലാണ് ഇതെന്ന് സ്പഷ്ടമാണെന്നും മുഖ്യമന്ത്രി പറയുന്നു. നവോത്ഥാന മൂല്യങ്ങളെ പാഠപുസ്തകത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തി സമത്വത്തിന്‍റെ ആശയങ്ങള്‍ ഏറ്റവും പ്രചരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് അവയെ തിരസ്കരിക്കുന്ന നടപടി എന്‍സിഇആര്‍ടിയില്‍ നിന്നു ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

നവോത്ഥാന മൂല്യങ്ങളെ പുതിയ തലമുറയുടെ ബോധങ്ങളില്‍ നിന്ന് മായ്ച്ചുകളയാനുള്ള ശ്രമമാണിതെന്ന് ഈ നാടിനെ സ്നേഹിക്കുന്നവര്‍ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios