കൊച്ചി: കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയ്ക്ക് എതിരായ വ്യാജ രേഖ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മൂന്ന് വൈദികരെയും വിദ്യാർത്ഥിയായ കോന്തുരുത്തി സ്വദേശിയയും പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. ഫാദർ ടോണി കല്ലൂക്കാരനാണ് ഒന്നാം പ്രതി, രണ്ടാം പ്രതി  ഫാദർ പോൾ തേലക്കാട്ട്, മൂന്നാം പ്രതി  ഫാദർ ബെന്നി മാരാംപറമ്പിൽ. വ്യാജ രേഖ ഉണ്ടാക്കിയ കോന്തുരുത്തി സ്വദേശി ആദിത്യനാണ് കേസിലെ നാലാം പ്രതി. ആദിത്യന്‍റെ സഹായി വിഷ്ണു റോയിയെ കേസിലെ മാപ്പു സാക്ഷിയാക്കി. 

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയ്ക്ക് കള്ളപ്പണ ഇടപാടുണ്ടെന്ന് വരുത്താൻ പ്രതികൾ ശ്രമിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരാണ് ഗൂഡാലോചനയിൽ പങ്കാളികളായത്. കർദ്ദിനാളിനെ സ്ഥാനത്ത് നിന്ന് മാറ്റുകായായിരുന്നു പ്രതികളുടെ ലക്ഷ്യം. 2019 ഫെബ്രുവരി 18നാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ വൈദികർ നേരത്തേ തന്നെ മുൻകൂർ ജാമ്യം നേടിയിരുന്നു. 

എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിൽ കർദ്ദിനൾ മാർ ജോർജ്ജ് ആലഞ്ചേരി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് വരുത്തി തീ‍ർക്കുന്നതിനാണ് വ്യാജ ബാങ്ക് രേഖകൾ ഉണ്ടാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. കോന്തുരുത്തി സ്വദേശി ആദിത്യനാണ് കംപ്യൂട്ടർ ഉപയോഗിച്ച് സ്വന്തമായി ബാങ്ക് രേഖകൾ നിർമ്മിച്ചത്. ബെംഗലുരുവിലെ സുഹൃത്ത് വിഷണു റോയിയുടെ സഹായവും ആദിത്യന് കിട്ടി. 

എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരായ ഫാദർ പോൾ തേലക്കാട്, ടോണി കല്ലൂക്കാരൻ, എന്നിവരുടെ നിർദ്ദേശ പ്രകാരണമാണ് ബാങ്ക് രേഖകൾ ഉണ്ടാക്കിയതെന്നാണ് ആദിത്യൻ നൽകിയ മൊഴി. തുടർന്ന് വൈദികരായ പോൾ തേലക്കാടിനെയും ടോണി കല്ലൂക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ രേഖ ചമയ്ക്കൽ, ഗൂഢാലോചന, വ്യാജ രേഖ ശരയായ രേഖയെന്ന രീതിയിൽ അവതരിപ്പിക്കൽ അടക്കം നിരവധി വകുപ്പുകളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. 

2019 ജനുവരിയിൽ നടന്ന സിറോ മലബാർ സിനഡിലായിരുന്നു മുൻ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ജേക്കബ് മനത്തോടത്ത് കർദ്ദിനാളിനെതിരായ ബാങ്ക് രേഖകൾ ഹാജരാക്കിയത്. എന്നാൽ പരിശോധനയിൽ ഈ ബാങ്കുകളിൽ കർദ്ദിനാളിന് അക്കൗണ്ട് ഇല്ലെന്ന് കണ്ടെത്തി. തുടർന്നാണ് സിനഡ് നിർദ്ദേശ പ്രകാരം പൊലീസിൽ പരാതി നൽകിയത്. ജേക്കബ് മനത്തോടത്തിനെതിരെയും കേസെടുത്തെങ്കിലും കുറ്റകൃത്യത്തിൽ പങ്കില്ലാത്തതിനാൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.