Asianet News MalayalamAsianet News Malayalam

ചാരിറ്റി തട്ടിപ്പ്: പണം നൽകി കേസ് ഒത്തുതീർക്കാൻ പ്രതികളുടെ നീക്കം, കോടതിയെ സമീപിക്കാൻ പരാതിക്കാരിയോട് പൊലീസ്

ചാരിറ്റി വീഡിയോ പ്രചരിപ്പിച്ചതിലൂടെ പോത്തൻകോട്ടെ കിടപ്പുരോഗിക്ക് കിട്ടിയ പണം കൈപ്പറ്റിയതായി നേരത്തെ തന്നെ ഈ സംഘം പൊലീസിനോട് സമ്മതിച്ചിരുന്നു

Charity fraud Trivandrum police asks complainant to move court to settle case
Author
First Published Dec 15, 2022, 4:49 PM IST

തിരുവനന്തപുരം: ചാരിറ്റി തട്ടിപ്പ് കേസിൽ നിന്ന് തടിയൂരാൻ വിസ്മയ ന്യൂസ് സംഘത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി പോത്തൻകോട്ടെ കിടപ്പ് രോഗിയിൽ നിന്ന് തട്ടിയെടുത്ത തുക സംഘം തിരിച്ചേൽപ്പിച്ചു. കേസിലെ പ്രതികളായ വിസ്മയ ന്യൂസ് എന്ന സാമൂഹിക മാധ്യമ സംഘമാണ് പണം കൈമാറിയത്. പിന്നീലെ കേസ് ഒത്തുതീർപ്പാക്കണമെന്ന് പരാതിക്കാരി പൊലീസിനോട് ആവശ്യപ്പെട്ടു.കേസ് ഒത്തുതീർക്കാൻ കോടതിയെ സമീപിക്കണമെന്ന് പരാതിക്കാരിയോട് പോത്തൻകോട് പൊലീസ് നിർദ്ദേശിച്ചു. കിടപ്പുരോഗിയുടെ ചാരിറ്റി വീഡിയോ ചെയ്ത് 1,30,000 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. പ്രതികളായ രജിത്ത് കാര്യത്തിൽ, രജനീഷ്, അനീഷ് മംഗലാപുരം എന്നിവർ ചേർന്നാണ് തട്ടിയ പണം തിരികെ നൽകിയത്.

ചാരിറ്റി വീഡിയോ പ്രചരിപ്പിച്ചതിലൂടെ പോത്തൻകോട്ടെ കിടപ്പുരോഗിക്ക് കിട്ടിയ പണം കൈപ്പറ്റിയതായി നേരത്തെ തന്നെ ഈ സംഘം പൊലീസിനോട് സമ്മതിച്ചിരുന്നു. സംഘത്തിൻറെ ബാങ്ക് അക്കൗണ്ട് വിശദമായി പരിശോധിക്കാനായിരുന്നു പൊലീസിൻറെ തീരുമാനം. നാലരവര്‍ഷത്തിലേറെയായി നട്ടെല്ല് തകര്‍ന്ന് കിടക്കുന്ന പോത്തൻകോട് സ്വദേശി ഷിജുവിൻറെ ചാരിറ്റി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിലൂടെ കിട്ടിയ 1.30 ലക്ഷം രൂപയാണ്  വിസ്മയ ന്യൂസ് എന്ന സാമൂഹിക മാധ്യമം നടത്തുന്നവര്‍ തട്ടിയെടുത്തത്. 

കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് ഈ വാർത്ത പുറത്തുകൊണ്ടുവന്നത്. വാര്‍ത്തയ്ക്ക് പിന്നാലെ വിസ്മയ ന്യൂസിലെ വീഡിയോ ചിത്രീകരിച്ച ക്യാമറാമാന്‍ അനീഷ്, നടത്തിപ്പുകാരന്‍ രജനീഷ്, അനീഷിന്‍റെ ഭാര്യ രമ്യ എന്നിവരെ പോത്തൻകോട് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഷിജുവിൻറെ സഹോദരിയുടെ അക്കൗണ്ടിലേക്ക് വന്ന പണം കൈപ്പറ്റിയതായി ഈ സംഘം പൊലീസിനോട് സമ്മതിച്ചു. 

കൊല്ലത്തെ മറ്റൊരു രോഗിക്ക് കൈമാറാനാണ് പണം വാങ്ങിയതെന്നാണ് ഇവർ പറയുന്നത്. ഇത് പൊലീസ് വിശ്വസിച്ചിരുന്നില്ല. ഇവരുടെ ബാങ്ക് അക്കൗണ്ടിൻറെ വിശദാംശങ്ങൾ മുഴുവൻ പരിശോധിച്ച് തുടർ നടപടിയിലേക്ക് പോകാനായിരുന്നു പൊലീസ് നീക്കം. മറ്റൊരു പ്രതിയായ രജിത് കാര്യത്തിലിനെ പൊലീസ് ചോദ്യം ചെയ്യാൻ ഇരിക്കെയാണ് പരാതിക്കാരി തന്നെ കേസ് ഒത്തുതീർക്കാൻ മുന്നോട്ട് വന്നത്.
 

Follow Us:
Download App:
  • android
  • ios