സേനാപതി പഞ്ചായത്തിലെ വട്ടപ്പാറ മുതൽ ഉടുമ്പൻചോല പഞ്ചായത്തിലെ ആനക്കല്ല് വരെയുള്ള വിസ്തൃതമായ പ്രദേശമാണ് ചതുരംഗപ്പാറ വില്ലേജ് ഓഫിസിന്റെ പരിധി
ഇടുക്കി: ഇടുക്കിയിലെ ഉടുമ്പൻചോലയിൽ ലക്ഷങ്ങൾ മുടക്കി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിച്ചത് ഉദ്ഘാടനം ചെയ്യാത്തത് ജീവനക്കാർക്ക് പ്രതിസന്ധി. ഒരു മാസം മുൻപ് വൈദ്യുതി കണക്ഷനടക്കം കിട്ടിയ വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യാത്തതാണ് കാരണം. മന്ത്രിയുടെ സമയം ലഭിക്കാത്തതിനാലാണ് ഉദ്ഘാടനം വൈകുന്നതെന്നാണ് വിവരം. ഇതുമൂലം കാടിന് നടുവിലെ പഴയ കെട്ടിടത്തിലാണ് ചതുരംഗപ്പാറ വില്ലേജ് ഓഫീസ് ഇപ്പോഴും പ്രവർത്തിക്കുന്നത്. കാട്ടാനകളെയും പാമ്പുകളെയും ഭയന്നാണ് ഒറ്റപ്പെട്ട സ്ഥലത്തെ ഓഫീസിൽ ജീവനക്കാർ ജോലി ചെയ്യുന്നത്.
ചതുരംഗപ്പാറ വില്ലേജ് രൂപീകരിച്ചത് 1956 ലാണ്. 1984 ൽ നിർമ്മിച്ച കെട്ടിടത്തിലാണ് ഇപ്പോൾ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. സേനാപതി പഞ്ചായത്തിലെ വട്ടപ്പാറ മുതൽ ഉടുമ്പൻചോല പഞ്ചായത്തിലെ ആനക്കല്ല് വരെയുള്ള വിസ്തൃതമായ പ്രദേശമാണ് ചതുരംഗപ്പാറ വില്ലേജ് ഓഫിസിന്റെ പരിധി.
നാട്ടുകാർക്ക് ഈ വില്ലേജ് ഓഫീസിലെത്താൻ കടമ്പകളേറെയുണ്ട്. ഉടുമ്പൻചോലയിൽ നിന്ന് 100 രൂപ മുടക്കി ഓട്ടോറിക്ഷ വിളിച്ചാലേ ചതുരംഗപ്പാറയിലെത്താനാവൂ. ചായ കുടിക്കാനും ഫോട്ടോസ്റ്റാറ്റ് എടുക്കാനും ഉടുമ്പൻചോലയിലേക്ക് തിരികെ പോകണം. ഏലത്തോട്ടങ്ങൾക്ക് നടുവിലാണ് ഓഫീസ്. ഇവിടെ പല തവണ കാട്ടാന കൂട്ടം എത്തിയിട്ടുണ്ട്. തോട്ടപ്പുഴുവിൻറെയും പാമ്പിന്റെയും ശല്യവും രൂക്ഷമാണ്. മഴ കനത്താൽ വൈദ്യുതിയും ഇന്റർനെറ്റും കിട്ടില്ല. പത്തു ദിവസം വരെ സർട്ടിഫിക്കറ്റുകളൊന്നും നൽകാൻ കഴിഞ്ഞില്ല. മൊബൈൽ റേഞ്ച് കുറവായതിനാൽ ജീവനക്കാരുടെ വൈഫൈ ഉപയോഗിച്ച് പോലും അത്യാവശ്യ കാര്യങ്ങൾ ചെയ്തു തീർക്കാനാകുന്നില്ല. അഞ്ച് ജീവനക്കാരുള്ള ഓഫീസിൽ ആവശ്യത്തിന് ഫർണിച്ചറുകളുമില്ല. പൊളിഞ്ഞ കതകിൻറെ പലകയിലാണ് ഫയലുകളൊക്കെ സൂക്ഷിക്കുന്നത്. രണ്ടു ദിവസം അവധിയായാൽ ഫയലുകൾ ചിതലരിക്കും. ഈ സാഹചര്യത്തിലാണ് കെട്ടിടം ഉദ്ഘാടനം വേഗത്തിലാക്കണമെന്ന് ആവശ്യം ഉയരുന്നത്.
