കൊല്ലം: ചവറയിൽ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്നെ മുന്നണികൾ താഴെത്തട്ടിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങി. കഴിഞ്ഞ ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകളിൽ മാറിമറിഞ്ഞ കണക്കുകളാണ് മുന്നണികളുടെ ആത്മവിശ്വാസം കൂട്ടുന്നത്.

മന്ത്രിയായിരിക്കെ മത്സരിക്കാനിറങ്ങിയ ഷിബു ബേബി ജോണിനെ അട്ടിമറിച്ചാണ് വിജയൻപിള്ള വിജയക്കൊടി പാറിച്ചത്. ഇടത് വലത് മുന്നണികൾക്കൊപ്പം രണ്ടായി നിന്നിരുന്ന ആർഎസ്പി ഒന്നിച്ചിറങ്ങിയിട്ടും പരാജയമേറ്റു വാങ്ങേണ്ടി വന്നു. കൊല്ലത്തെ ആഞ്ഞടിച്ച ഇടത് തരംഗത്തിൽ 6187 വേട്ടുകളുടെ ഭൂരിപക്ഷമാണ് വി‍ജയൻപിള്ളക്ക് ചവറ സമ്മാനിച്ചത്. ഇതിനു പുറമെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ മേൽക്കൈയും ഇടതു മുന്നണിയുടെ ആത്മവിശ്വാസം കൂട്ടുന്നു

എന്നാൽ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതിനിധിയായി മത്സരിച്ച എൻ കെ പ്രേമചന്ദ്രൻ 27,568 വോട്ടകളുടെ വമ്പൻ ലീഡാണ് ചവറ നിയമസഭ മണ്ഡലത്തിൽ മാത്രം നേടിയത്. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലും ഭൂരിപക്ഷം, കോർപ്പറേഷൻ ഡിവിഷനുകളിലും പ്രേമചന്ദ്രൻ ആധിപത്യം സ്ഥാപിച്ചു.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 10276 വോട്ട് നേടിയ ബിജെപിക്ക് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 1379 വോട്ടുകൾ മാത്രമാണ് ചവറയിൽ അധികം നേടാൻ കഴിഞ്ഞത്. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ യുവ സ്ഥാനാർ‍ത്ഥിയെ ഇറക്കി മത്സരം കടുപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. രാഷ്ട്രീയ വിഷയങ്ങൾക്കൊപ്പം സാമുദായിക സമവാക്യങ്ങളും ഈ ഉപതെരഞ്ഞെടുപ്പിൽ നിർണായകമാവും.