നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്യാനുള്ള സമയ പരിധി വർദ്ധിപ്പിച്ചു. നാളെ മുതൽ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് ചെക്ക് ഇൻ ചെയ്യാം.

കൊച്ചി വിമാനത്താവളത്തിലൂടെയുള്ള ആഭ്യന്തര യാത്രക്കാരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ചെക്ക് ഇൻ ചെയ്യാനുള്ള സമയപരിധി വർദ്ധിപ്പിച്ചത്. നിലവിൽ വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുമ്പാണ് ചെക്ക് ഇൻ കൗണ്ടറുകൾ തുറക്കുന്നത്. എന്നാൽ വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കിയത് മൂലം പരിശോധന ഹാളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 

അവസാന നിമിഷം എത്തുന്ന യാത്രക്കാർക്ക് പലപ്പോഴും ചെക്ക് ഇൻ കൗണ്ടറുകളിലേക്ക് പ്രവേശിക്കാനും കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് വിമാനത്താവള കമ്പനിയായ സിയാൽ, വിമാനകമ്പനികളോട് ചെക്ക് ഇൻ ചെയ്യാനുള്ള സമയം കൂട്ടാൻ ആവശ്യപ്പെട്ടത്. രാജ്യാന്തര യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യം നിലവിലെ പോലെ മൂന്ന് മണിക്കൂറായി തുടരും.