തിരുവനന്തപുരം: ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ കൈവിട്ട് പോകരുതെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്ന് അടക്കം നാട്ടിലെത്തുന്ന എല്ലാവരുടേയും വിവരങ്ങൾ പൊലീസും ആരോ​ഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വാഹനങ്ങളിൽ ആളുകളെ കുത്തിനിറച്ചുള്ള യാത്രകൾ ആരംഭിച്ചിട്ടുണ്ടെന്നും ഇത് ആ‍ർക്കും ​ഗുണം ചെയ്യില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. 

ചെക്ക് പോസ്റ്റുകളിലും ആശുപത്രികളിലും പിപിഇ കിറ്റും മാസ്കും ആവശ്യാനുസരണം വിതരണം ചെയ്യും. മരുന്നുക്ഷാമം പരിഹരിക്കാൻ ഇടപെടും. ഭക്ഷണശാലകളില്‍ നിന്ന് പാഴ്‍സല്‍ സൗകര്യം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ റോഡരുകില്‍ തട്ടുകടകള്‍ തുടങ്ങിയിട്ടുണ്ട്. അവിടെ ഇരുന്ന് ആളുകള്‍ ഭക്ഷണം കഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില സ്വകാര്യ ട്യൂഷൻ സെന്‍ററുകള്‍ പ്രവ‍ർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. സ്‍കൂള്‍ തുറക്കുന്ന മുറയ്ക്ക് മാത്രമേ ട്യൂഷൻ സെന്‍ററും ആരംഭിക്കാൻ പാടുള്ളൂ. എന്നാല്‍ ഓണ്‍ലൈന്‍ ട്യൂഷനാകാം. ആശുപത്രികളിൽ തിരക്ക് വ‍ർധിക്കുന്ന നിലയുണ്ട് അതിനെ നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഒന്നിലേറെ നിലകളുള്ള തുണിക്കടകള്‍ക്ക് പ്രവ‍ർത്തിക്കാം. മൊത്തവ്യാപാരികളായ തുണികച്ചവടക്കാ‍ർക്കും ഇളവ് ബാധകമാണ്. പല കടകളിലും ചെറിയ കുട്ടികളേയും കൊണ്ട് ഷോപ്പിം​ഗിന് പോകുന്നതായി കണ്ടു. പത്ത് വയസിന് താഴെയുള്ള കുട്ടികളേയും കൊണ്ട് പുറത്തു പോകുന്നത് പൂ‍ർണമായും ഒഴിവാക്കണം. ഇക്കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. പരീക്ഷകൾക്ക് വേണ്ട തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. വിദ്യാ‍ർത്ഥികളെ എത്തിക്കാൻ ബസ് സൗകര്യം ഉറപ്പാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഫോട്ടോ സ്റ്റുഡിയോകൾ തുറന്ന് പ്രവ‍ർത്തിപ്പിക്കാം.