Asianet News MalayalamAsianet News Malayalam

നവകേരളം എങ്ങനെ? യുവാക്കളെ കേൾക്കാൻ മുഖ്യമന്ത്രി, സർവ്വകലാശാല സംവാദം ഇന്ന്

കേരളത്തിലെ 5 സര്‍വ്വകലാശാല ക്യാമ്പസുകളിലെ വിദ്യാർത്ഥികളുമായുള്ള സംവാദ പരമ്പരയുടെ ഉദ്ഘാടന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ അധ്യക്ഷനാകും

Cheif minister pinarayi vijayan campus discussion starts today in cusat
Author
Kochi, First Published Feb 1, 2021, 12:02 AM IST

കൊച്ചി: സംസ്ഥാനത്തെ സർവ്വകലാശാല വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ആശയസംവാദം ഇന്ന് തുടങ്ങുന്നു. നവ കേരളം - യുവ കേരളം സംവാദ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം കൊച്ചിയിലാണ് മുഖ്യമന്ത്രി നിർവ്വഹിക്കുക. രാവിലെ പത്ത് മണിയ്ക്ക് കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ അഞ്ച് സർവ്വകലാശാലകളിൽ നിന്നുള്ള 200 വിദ്യാർത്ഥികൾ നേരിട്ടും 1500 വിദ്യാർത്ഥികൾ ഓൺലൈൻ ആയും പങ്കെചടുക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ മുന്നോട്ട് വെക്കുന്ന ആശയങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും അഭിപ്രായരൂപീകരണമാണ് പരിപാടിയുടെ ലക്ഷ്യം. കേരളത്തിലെ 5 സര്‍വ്വകലാശാല ക്യാമ്പസുകളിലെ വിദ്യാർത്ഥികളുമായുള്ള സംവാദ പരമ്പരയുടെ ഉദ്ഘാടന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ അധ്യക്ഷനാകും.

ഫെബ്രുവരി 6, 8, 11, 13 തിയതികളിലായാകും മറ്റ് സർവ്വകലാശാലകളിലെ വിദ്യാർത്ഥികളുമായി പിണറായി സംവാദം നടത്തുക. ഫെബ്രുവരി 6ന് കേരള സര്‍വ്വകലാശാലയിലും 8-ാം തിയതി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലും 11ന് കാലിക്കറ്റിലും 13-ാം തിയതി കണ്ണൂര്‍ സര്‍വ്വകലാശാലയിലും എന്ന നിലയിലാണ് ക്രമീകരണം.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥി പ്രതിഭകള്‍ സംവാദത്തില്‍ പങ്കെടുക്കും. 200 വിദ്യാര്‍ത്ഥികള്‍ ഓരോ പരിപാടിയിലും നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈനായുമാണ് പങ്കെടുക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്‍റെ ഭാവി എങ്ങനെയായിരിക്കണം എന്ന വിഷയത്തിൽ വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ദേശം സമര്‍പ്പിക്കും. ജോണ്‍ ബ്രിട്ടാസ്, വീണാ ജോര്‍ജ്ജ് എംഎല്‍എ, അഭിലാഷ് മോഹനന്‍, നികേഷ് കുമാര്‍, ജി എസ് പ്രദീപ് തുടങ്ങിയ പ്രമുഖമാധ്യമപ്രവര്‍ത്തകരാണ് പരിപാടിയില്‍ അവതാരകരായി എത്തുക. പരിപാടിയോട് അനുബന്ധിച്ച് ജി എസ് പ്രദീപിന്‍റെ 'ഇന്‍സ്പയര്‍ കേരള' എന്ന പ്രത്യേക ഷോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുസാറ്റില്‍ ഇന്ന് നടക്കുന്ന സംവാദത്തിൽ കുസാറ്റ്, കെടിയു, ആരോഗ്യസര്‍വ്വകലാശാല, ന്യുവാല്‍സ്, ഫിഷറീസ് സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുക. 6-ാം തീയതി കേരള സര്‍വ്വകലാശാലയില്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലെ മുഴുവന്‍ സ്ഥാപനങ്ങളിലേയും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുക്കും. 8-ാം തിയതി മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നടത്തുന്ന പരിപാടിയില്‍ എംജി, സംസകൃത സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

11ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കാലിക്കറ്റ്, കാര്‍ഷിക സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല, കലാമണ്ഡലം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി പ്രതിഭകള്‍ പരിപാടിയുടെ ഭാഗമാകും. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ 13-ാം തീയതിയിലെ മീറ്റില്‍ കണ്ണൂരിന് പുറമേ കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാല, വെറ്റിനറി സര്‍വ്വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

Follow Us:
Download App:
  • android
  • ios