തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ നേട്ടം. ഇന്ന് 21 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് ആറുപേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറുപേരും കണ്ണൂര്‍ സ്വദേശികളാണ്.  ഇതിൽ അഞ്ച് പേർ വിദേശത്തും നിന്നും വന്നവരാണ്. ഒരാള്‍ സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗിയായത്. സംസ്ഥാനത്ത്  408 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 294 പേരുടെ രോഗം ഭേദമായി. നിലവില്‍ ചികിത്സയിലുള്ളത് 114 രോഗികളാണ്. സംസ്ഥാനത്ത്  നിരീക്ഷണത്തിലുള്ളത്  46203 പേരാണ്. ഇതിൽ 398 പേർ ആശുപത്രിയിലാണ്. 62 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19756 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ആശുപത്രികളിൽ നിരീക്ഷണത്തിലുള്ള മുഴുവൻ പേരുടെയും സാംപിളുകൾ പരിശോധിക്കും. രണ്ടോ മൂന്നോ ദിവസം കൊണ്ട് നടപടി പൂർത്തിയാക്കും. കഴിഞ്ഞ ദിവസം വാർത്താസമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ട ദിവസങ്ങളിൽ ഇനി കാണാം എന്ന് പറഞ്ഞാണ്. അതതു ദിവസത്തെ പ്രധാന സംഭവങ്ങളാണ് വാർത്താസമ്മേളനത്തിൽ ഇതുവരെ പറഞ്ഞിരുന്നത്. നാം ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ പൊങ്ങച്ചമായി പറയാൻ വാർത്താസമ്മേളനത്തിൽ ശ്രമിച്ചിട്ടില്ല. 

ജനുവരി 30-നാണ് ആദ്യത്തെ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. അവിടുന്നങ്ങോട്ട് സംസ്ഥാനം മുൾമുനയിൽ നിൽക്കുന്ന അവസ്ഥയിലായിരുന്നു.രാജ്യത്തെ ആദ്യത്തെ കൊവിഡ് ബാധ നമ്മുടെ നാട്ടിലായിരുന്നു. ചൈനയിലെ വുഹാനിൽ നിന്നും വന്ന വിദ്യാർത്ഥിനിയെയാണ് തൃശ്ശൂരിലെ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. പല ലോകരാഷ്ട്രങ്ങളേയും വൈറസ് ഗുരുതരമായി ബാധിച്ചപ്പോൾ കേരളം ഉണർന്നു പ്രവർത്തിക്കുകയായിരുന്നു. 

ആരോഗ്യവകുപ്പിന് കീഴിൽ പ്രത്യേക സംഘമുണ്ടാക്കി, എല്ലാ ജിലയിലും പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ചികിത്സയ്ക്ക് മാനദണ്ഡം രൂപീകരിച്ചു. ഫെബ്രുവരി രണ്ടിനും മൂന്നിനുമായി ആലപ്പുഴയിലും കാസർകോടും ചൈനയിൽ നിന്നും വന്ന രണ്ട് വിദ്യാർത്ഥിനികൾക്ക് കൂടി രോഗം ബാധിച്ചു. അവരെ ചികിത്സിച്ചു ഭേദമാക്കി. കൊവിഡിനെതിരായ ആദ്യഘട്ടം നാം അങ്ങനെ വിജയകരമായി പൂർത്തിയാക്കി എന്നു പറയാം.

എന്നാൽ പിന്നീട് ഫെബ്രുവരി 19-ന് പത്തനംതിട്ടയിൽ അഞ്ചുപേർക്ക് കൊവിഡ് സ്ഥീരീകരിച്ചു. ഇതിന് മുൻപേ തന്നെ വിമാനത്താവളങ്ങളിൽ നമ്മൾ പ്രത്യേക സ്ക്രീനിംഗ് ആരംഭിച്ചിരുന്നു. എന്നിട്ടും രോഗബാധയുണ്ടായി. ഇതോടെ ശക്തമായ മുന്നൊരുക്കങ്ങൾ നമ്മൾ ആരംഭിച്ചു. രോഗബാധിതരുമായി ഇടപെട്ടവരേയും അവർക്കൊപ്പം പോയവരെയുമെല്ലാം കണ്ടെത്തി സമ്പർക്ക പട്ടിക തയ്യാറാക്കി. അതിനുശേഷം വിമാനത്താവളങ്ങളിലെല്ലാം പരിശോധന കർശനമാക്കി. വിദേശത്തു നിന്നും വരുന്ന എല്ലാവരേയും നിരീക്ഷണത്തിലാക്കി. ഇതിനിടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ എല്ലാ കൂടിച്ചേരലുകളും ഒഴിവാക്കി. വിവാഹങ്ങളടക്കം ലളിതമാക്കി. സിനിമാ തിയേറ്ററുകൾ അടച്ചുപൂട്ടി.

സർക്കാർ സംവിധാനങ്ങളും ബഹുജനസംഘടനകളും ഒന്നിച്ചിറങ്ങി. ഒരു ഭിന്നാഭിപ്രായവുമില്ലാതെ ഒരു സംസ്ഥാനം ഒന്നാകെ വൈറസ് പ്രതിരോധത്തിന് അണിനിരന്നു. വ്യക്തിശുചിത്വം പാലിക്കൽ, സാനിറ്റൈസർ ഉപഭോഗം, സാമൂഹിക അകലം പാലിക്കൽ എന്നിവ കർശനമായി കേരളത്തിൽ നടപ്പാക്കി. ദേശീയതലത്തിൽ ലോക്ക് ഡൗണ്‍ വരും മുൻപേ കേരളത്തിൽ ഇതിനുള്ള നടപടികൾ എടുത്തു. കുറഞ്ഞ ചെലവിൽ സാനിറ്റൈസറും മാസ്കും ഉത്പാദിപ്പിച്ച് ജനങ്ങളിൽ എത്തിച്ചു. പെട്ടെന്ന് സ്തംഭിച്ചു പോയ നാടിനേയും ജനജീവിത്തേയും തിരികെ പിടിക്കാൻ 20000 കോടിയുടെ സ്പെഷ്യൽ പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചു. വിദേശത്ത് നിന്നും പ്രവാസികൾ തിരിച്ചു വരാൻ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിർദേശത്തിനെതിരെ കേരളനിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. 

കൊവിഡ് വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്തതും ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുണ്ടായിരുന്നതും കേരളത്തിലാണ്. കേരളം കൊവിഡിന്‍റെ നാടാണ് എന്നു പറഞ്ഞാണ് അയൽസംസ്ഥാനം അതിർത്തി റോഡുകൾ ടാറിട്ട് മൂടിയത്.

ഫെബ്രുവരി ഒന്നിന് സംസ്ഥാനത്ത് 1471 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു. അന്നേദിവസം 36 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മാർച്ച് 26 ആയപ്പോൾ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഏപ്രിൽ നാല് ആയപ്പോൾ അതു 1,71,355 വരെ എത്തി. ഏപ്രിൽ നാലിന് പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 174 പേരെയാണ്. അന്ന് ആശുപത്രികളിൽ 734 പേരുണ്ടായിരുന്നു. ഏപ്രിൽ 11ന് ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ എണ്ണം 811 ആയി. 126 പേരെ ആ ഒരു ദിവസം മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു രോഗിയിൽ നിന്നും 23 പേരിലേക്ക് രോഗമെത്തി. അവരിൽ നിന്നും 12 പേരിലേക്ക് രോഗമെത്തി. ഈ നിലയിൽ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. 

എല്ലാ രോഗികളേയും കണ്ടെത്തി അവർ ഇടപെട്ട എല്ലാവരേയും കണ്ടെത്തി നിരീക്ഷണത്തിലാക്കുകയാണ് ചെയ്തത്. ഇന്നിപ്പോൾ നമുക്ക് ആശ്വസിക്കാൻ വകയുണ്ട്. 1.21 ലക്ഷത്തിൽ നിന്നും 46000 ആയി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞു. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ലോക ശരാശരി 5.75 ശതമാനമാണ്. ദേശീയതലത്തിൽ അത് 2.83 ശതമാനമാണ്. എന്നാൽ കേരളത്തിൽ 0.58 ശതമാനം മാത്രമാണ്. 

ജനസംഖ്യ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് 19 പരിശോധനാ സംവിധാനമുള്ളത് കേരളത്തിലാണ്. കൊവിഡ് ടെസ്റ്റിംഗ് കിയോസ്ക് ആദ്യമായി സ്ഥാപിച്ചത് കേരളമാണ്. നമുക്കിപ്പോൾ 33 കൊവിഡ് സ്പെഷ്യല്‍ ആശുപത്രികളുണ്ട്. പകർച്ചാവ്യാധി നിയമം കൊവിഡ് വ്യാപനം തടയാൻ ആദ്യം ഉപയോഗിച്ചത് കേരളമാണ്. സംസ്ഥാനത്തെ 1296 ആശുപത്രികളിലായി 49722 കിടക്കകൾ ഇപ്പോൾ സജ്ജമാണ്. 1369 ഐസിയു ബെഡുകളും, 800 വെന്‍റിലേറ്ററുകളും സർക്കാർ ആശുപത്രികളിൽ സജ്ജമാണ്. 866 വെന്‍റിലേറ്ററുകള്‍ സ്വകാര്യ ആശുപത്രികളിലുണ്ട്. 81904 ബെഡുകളും 6059 ഐസിയു ബെഡുകളും 1578 വെന്‍റിലേറ്ററുകളും സ്വകാര്യമേഖലയിൽ സജ്ജമാണ്. ഏത് അടിയന്തരസാഹചര്യവും നേരിടാൻ ഇപ്പോൾ തന്നെ നാം സജ്ജരാണ്.

1205-ല്‍ അധികം കമ്മ്യൂണിറ്റി കിച്ചനുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. അവിടെ നിന്നും നിരീക്ഷണത്തിലുള്ളവർക്കും ആവശ്യക്കാർക്കും സൗജന്യമായി ഭക്ഷണം നൽകുന്നു. 333 കുടുംബശ്രീ ജനകീയ ഹോട്ടലുകളിലൂടെ ഇരുപത് രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്നു. കേരളത്തിലെ ക്യാംപുകളിൽ അതിഥി തൊഴിലാളികൾ സുരക്ഷിതരാണ്. ഇതോടൊപ്പം തെരുവിൽ ഉറങ്ങുന്നവർക്കും താമസവും ഭക്ഷണവും നൽകുന്നു. 3665 പേരെ ഈ രീതിയിൽ പുനരധിവസിപ്പിച്ചു. 

കൊവിഡ് ചികിത്സയ്ക്കായി മുന്നൂറിലേറെ ഡോക്ടർമാരേയും നാന്നൂറിലേറെ ഹെൽത്ത് ഇൻസ്പെക്ടർമാരേയും യുദ്ധ കാലടിസ്ഥാനത്തിൽ നിയമിച്ചു. സംസ്ഥാനത്തെ മുഴുവൻ ജനങ്ങള്‍ക്കും സൗജന്യമായി അരിധാന്യങ്ങൾ നൽകി. അവശ്യകിറ്റിന്‍റെ വിതരണം പുരോഗമിക്കുന്നു. കേരളത്തിലെ ചികിത്സാ സമ്പ്രാദയത്തിന്‍റെ നിലവാരവും കരുത്തും ഇവിടെ നിന്നും രോഗം ഭേദമായി മടങ്ങിപ്പോയ വിദേശികൾ മറയില്ലാതെ പറഞ്ഞിട്ടുണ്ട്. 

95 ഉം 88 ഉം വയസ്സുള്ള വൃദ്ധദമ്പതികളെ കൊവിഡ് രോഗത്തിൽ നിന്നും ചികിത്സിച്ച് ഭേദമാക്കി വീട്ടിലേക്ക് അയക്കാൻ നമ്മുക്ക് സാധിച്ചു. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്ക് കേരളത്തിലായത് ഇന്ദ്രജാലം കൊണ്ടല്ല. നമ്മുടെ ഒന്നിച്ചുള്ള പ്രവർത്തനം കൊണ്ടാണ്. മാധ്യമങ്ങളും മാധ്യമപ്രവർത്തകരും കേരളത്തെ പുകഴ്ത്തുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം കേരളത്തിന് നൽകിയ പ്രശംസ സ്വന്തം ജീവൻ പണയം വച്ച് കൊവിഡ് രോഗത്തെ നേരിടുന്ന ആരോഗ്യ പ്രവർത്തകർക്കുള്ളതാണ്. ഏതു പ്രതിസന്ധിയും മറികടക്കാൻ നമ്മുക്ക് മാറ്റാരുടേയും സഹായം വേണ്ട എന്ന സന്ദേശമാണ് ഇതിലൂടെ വന്നത്.

പ്രവാസി ലോകം കടുത്ത ആശങ്കയിൽ

കൊവിഡ് 19 വ്യാപനം നമ്മുടെ പ്രവാസി സഹോദരങ്ങളെ വലിയ ആശങ്കയിലാക്കി. പ്രവാസികളിൽ വലിയ പങ്ക് ഗൾഫ് രാജ്യങ്ങളിലാണ്. ഏതാണ്ട് 20 ലക്ഷത്തോളം പേർ. ഇവരും നാട്ടിലെ ഇവരുടെ ബന്ധുക്കളും വലിയ ആശങ്കയാണ് ഇന്ന് നേരിടുന്നത്. വിദേശത്തെ മലയാളികൾ പലരും കൊവിഡ് ബാധിച്ച് മരിച്ചത് ആശങ്കയ്‍ക്ക് വഴി വെച്ചു. പരമാവധി ആശ്വാസം നൽകാനാണ് നോർക്കയിലൂടെ ശ്രമിക്കുന്നത്. എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരും വിസിറ്റിംഗ് വിസയിൽ പോയവരും ബിസിനസ് ആവശ്യങ്ങൾക്കും അക്കാദമിക്ക് ആവശ്യങ്ങൾക്കുമെല്ലാം പോയവർ വിദേശത്തെ വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. 

ഈ സാഹചര്യത്തിലാണ് വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കണം എന്ന് കേരളം ആവശ്യപ്പെട്ടത്. വിദേശത്തു നിന്നും വരുന്നവരെ എയർപോർട്ടിന് അടുത്ത് തന്നെ നിരീക്ഷണത്തിൽ വെക്കാനും രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റാനും കേരളം തയ്യാറാണ്. രണ്ട് ലക്ഷത്തോളം മുറികൾ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നും വരുന്നവരെ സർക്കാർ നേതൃത്വത്തിൽ എയർപോർട്ടിൽ നിന്നും നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടു വരും. നിരീക്ഷണം കഴിഞ്ഞ് സർക്കാർ തന്നെ അവരെ വീടുകളിൽ എത്തിക്കും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനം എടുക്കും വരെ എല്ലാ പ്രവാസികളും അവർ നിൽക്കുന്ന രാജ്യത്ത് തന്നെ തുടരുക. 

രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നും കൊവിഡ് വ്യാപനം സംബന്ധിച്ച് മോശം വാർത്ത പുറത്തു വരുന്നുണ്ട്. ദില്ലിയിലും മുംബൈയിലും നിരവധി മലയാളി നഴ്സുമാർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. ലോക്ക് ഡൗണില്‍ ഇളവ് നൽകി ഗതാഗതം പുനസ്ഥാപിച്ചാൽ പലവഴിക്കും ആളെത്തും, അവരെയെല്ലാം സംരക്ഷിക്കണം. 

പ്രതിബന്ധങ്ങളെ തരണം ചെയ്‍ത് കാസര്‍കോട്

ഈ ഘട്ടത്തിൽ കാസർകോട് ജില്ലയുടെ അനുഭവം പരിശോധിക്കാം. രണ്ട് മാസമായി കാസർകോട് കൊവിഡിനെതിരെ പോരാട്ടത്തിലാണ്. അവിടെ കൊവിഡ് സ്ഥിരീകരിച്ച 169 പേരിൽ 142 പേരും രോഗമുക്തരായി കഴിഞ്ഞു. ഇപ്പോൾ ചികിത്സയിലുള്ള ആരുടേയും നില ഗുരുതരമല്ല. മാർച്ച് 21 മുതൽ ജില്ല മുഴുവനായും അടച്ചിട്ടു. അതിന് മുൻപേ തന്നെ അവിടെ 144 പ്രഖ്യാപിച്ച് നിയന്ത്രണം കർശനമാക്കി. എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് കാസർകോട് ഇന്ന് രാജ്യം അംഗീകരിക്കുന്ന മാതൃകയായി മാറി കഴിഞ്ഞു. 4854 പേരാണ് അവിടെ ഇനി നീരീക്ഷണത്തിലുള്ളത്. ആറുപേരെ ഇന്ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 27 പേരാണ് ഇനി കൊവിഡ് ചികിത്സയിലുള്ളത്. വലിയ തോതിൽ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചെങ്കിലും ഇന്ന് ആശ്വാസത്തിന്‍റെ വക്കിലാണ് കാസർകോട് ജില്ല. തുടർന്നും ഈ ജാഗ്രതയും കരുതലും കൈവിടാതിരിക്കണം എന്ന് കാസർകോട്ടുകാരോട് അഭ്യർത്ഥിക്കുന്നു. 

കണ്ണൂർ ജില്ലയിൽ 54 പേർക്ക് ഇപ്പോൾ രോഗബാധയുണ്ട് അവിടെയും കടുത്ത നിയന്ത്രണങ്ങളിലേക്ക് സർക്കാർ പോകുകയാണ്. ഇത്രയെല്ലാം ഇവിടെ വിശദീകരിച്ചത്, നാമിപ്പോൾ വളരെ സുരക്ഷിതമായ അവസ്ഥയിലാണ് എന്ന് ചിലരൊക്കെ ചിന്തിച്ചു വച്ചിരിക്കുന്നതിനാലാണ്.

ജാഗ്രത പാലിക്കണം

കണ്ണിമ ചിമ്മാതെ ജാഗ്രത പാലിക്കേണ്ട ഘട്ടത്തിലാണ് ഇപ്പോഴും. പലരും വണ്ടിയുമായി റോഡിലിറങ്ങി. ഇതൊന്നും ശരിയല്ല. കേരളം ലോക്ക് ഡൗണ്‍ ലംഘിച്ചു എന്ന തരത്തിൽ ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ നമ്മൾ വളരെ ആലോചിച്ചു മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കു. പൊതുഗതാഗതത്തിന് നാം അനുമതി നൽകിയിട്ടില്ല. എന്നാൽ കാർഷിക രംഗത്തെ എല്ലാ പ്രവർത്തനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാവണം എന്ന് ചില ബാങ്കുകൾ ആവശ്യപ്പെട്ടതായി കണ്ടു. അത്യാവശ്യം വേണ്ട ജീവനക്കാര്‍ ജോലിക്കെത്തിയാൽ മതി. ഭിന്നശേഷിക്കാരായ 50 കുട്ടികളും അവരുടെ മാതാപിതാക്കളും മൈസൂരിൽ കുടുങ്ങി കിടക്കുകയാണ്. സ്പീച്ച് തെറാപ്പിക്ക് പോയവരാണ് ഇവർ. ഇവരുടെ കാര്യത്തിൽ സർക്കാർ ഇടപെടും. ദില്ലിയിലെ മലയാളി വിദ്യാർത്ഥികളെ താമസസ്ഥലത്ത് നിന്നും ഒഴിപ്പിക്കാൻ ശ്രമം നടക്കുന്നതായി വാർത്തയിലൂടെ അറിഞ്ഞു . ഇക്കാര്യത്തിൽ സർക്കാര്‍ ഇടപെടും. ദില്ലിയിൽ മറ്റും മലയാളി നഴ്സുമാർ അനുഭവിക്കുന്ന മാസസിക സമ്മർദ്ദം ശ്രദ്ധയിൽപ്പെട്ടു. ഇവർക്കായി ദില്ലി കേരള ഹൗസില്‍ കൗണ്‍സിലിംഗ് കേന്ദ്രം അനുവദിക്കും.

രക്തദാനത്തിന് ആളുകൾ എത്തുന്നത് കുറഞ്ഞതായി കണ്ടു. എൻസിസി, എൻഎസ്എസ് വൊളണ്ടിയർമാരെ ഇതിനായി വിനിയോഗിക്കും. സംസ്ഥാനത്തെ പട്ടികജാതി -പട്ടിക വർഗ്ഗ കോളിനികളിൽ ആവശ്യത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി എവിടെയെങ്കിലും പരാതിയുണ്ടെങ്കിൽ അവിട കർശനമായ നിയമ നടപടി എടുക്കും. ഹോട്ട്സ്പോട്ടുകളിൽ കൂടുതൽ കർക്കശനിയന്ത്രണം ഏർപ്പെടുത്തും. ഈ ഘട്ടത്തിൽ ചരക്കുനീക്കം പ്രധാനമാണ്. അതു തടസപ്പെടുത്താൻ ആരേയും അനുവദിക്കില്ല. കയറ്റിറക്കം സംബന്ധിച്ച് തർക്കമുണ്ടാവാൻ പാടില്ല. ആരാധനാലയങ്ങളിൽ തിരക്കുണ്ടാവരുത് എന്ന് എല്ലാവരോടും അഭ്യർത്ഥിച്ചതാണ്, അതിനിയും തുടരണം. മത്സ്യവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ചിലർ വേറെ നിറം നൽകാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത്തരം പ്രവണത മുളയിലെ നുള്ളണം. 

ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല

ബാർബർ ഷോപ്പുകൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം തുറക്കാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ വിദഗ്ദ്ധരിൽ നിന്നുമെത്തി. പല രാജ്യങ്ങളിലേയും അനുഭവങ്ങളും സർക്കാരിന് മുന്നിലെത്തി. ഇക്കാര്യത്തിൽ വിശദമായ പരിശോധന വേണം. അതുവരെ സംസ്ഥാനത്ത് ബാർബർ ഷാപ്പുകൾ തുറക്കാൻ അനുവദിക്കില്ല. കൊവിഡ് ഭീഷണി പെട്ടെന്ന് ഒഴിഞ്ഞു പോകുമെന്ന് കരുതേണ്ട. അതിനാൽ രോഗപ്രതിരോധത്തിനാവശ്യമായ പുതിയ ശീലങ്ങൾ വളർത്തിയെടുക്കാനാവാണം. അതു കുട്ടികളിൽ നിന്നും വേണം ആരംഭിക്കാൻ. ബാർബർ ഷോപ്പുകളിൽ ഒരേ ഉപകരണം പലർക്കും ഉപയോഗിക്കും. തുണിയും ഒന്നു തന്നെയാവും, ഇതൊക്കെ മാറണം. 

കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളേയും ഇതിനായി ഉപയോഗിപ്പെടുത്തും. ഐസിഎംആറിന്‍റെയും ഡ്രഗ് കണ്ട്രോളർ ഓഫ് ഇന്ത്യയുടേയും അനുമതി ലഭിച്ചാലുടൻ പ്ലാസ്മ ചികിത്സ ആരംഭിക്കും. രോഗമുക്തി നേടിയവരുടെ രക്തത്തിൽ വൈറസിനെതിരായ ആന്‍റിബോഡ് ഉണ്ടാവും ഇതുശേഖരിച്ച് രോഗമുള്ളവരിൽ പകരുക എന്നതാണ് പ്ലാസ്മ ചിക്തിസ കൊണ്ട് ഉദ്ദേശിക്കുന്നത്. 

സംസ്ഥാനത്തിന് പിപിഇ കിറ്റും, ഗ്ലൗസുകളും കേന്ദ്രസർക്കാരിൽ നിന്നും കിട്ടിയിട്ടുണ്ട്. വർക്കലയിൽ ബൈക്കപടത്തിൽ മരിച്ച ജൈവകർഷകൻ ശ്രീകുമാറിന് മസ്തിഷ്കമരണം സംഭവിച്ചു. അദ്ദേഹത്തിന്‍റെ അവയവങ്ങൾ ഇതേ തുടർന്ന് ദാനം ചെയ്തു. ഈ കഠിന ഘട്ടത്തിലും മൃതസജ്ഞീവനി വഴി അവയവദാനത്തിന് തയ്യാറായ കുടുംബത്തെ അനുമോദിക്കുന്നു.