എൽഡിഎഫ് അപ്രതീക്ഷിത തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രതികരണവുമായി ഗായകൻ സൂരജ് സന്തോഷ്. ഇടതുപക്ഷം തകരുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴല്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അപ്രതീക്ഷിത തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രതികരണവുമായി ഗായകൻ സൂരജ് സന്തോഷ്. ഇടതുപക്ഷം തകരുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴല്ല, മറിച്ച് ഇടതുപക്ഷ മൂല്യങ്ങളില്‍ നിന്നും ആശയങ്ങളില്‍ നിന്നും ഇടത് പ്രസ്ഥാനങ്ങളും ഇടതുപക്ഷക്കാരും അകലുമ്പോള്‍ മാത്രമാണെന്നാണ് സൂരജ് സന്തോഷ് സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.
നേരത്തെയും സാമൂഹിക വിഷയങ്ങളിൽ തന്‍റെ അഭിപ്രായങ്ങൾ തുറന്നു പറയാറുള്ള ഗായകനാണ് സൂരജ്. ഗായകരുടെ സംഘടനയില്‍ നിന്ന് കഴിഞ്ഞ വർഷം സൂരജ് രാജിവച്ചിരുന്നു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ രാമമന്ത്രം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും പറഞ്ഞ ഗായിക കെ എസ് ചിത്രയെ വിമർശിച്ചതിന് പിന്നാലെ സൂരജ് വൻതോതിൽ സൈബറാക്രമണം നേരിട്ടിരുന്നു. ആ ഘട്ടത്തിൽ ഗായകരുടെ സംഘടന കൂടെ നിന്നില്ല എന്ന കാരണത്താലാണ് സൂരജ് രാജിവച്ചത്.
ഒരിക്കൽ തോറ്റാൽ എല്ലാം തോറ്റെന്നല്ല: എം വി ഗോവിന്ദൻ
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. അപ്രതീക്ഷിത തിരിച്ചടിയെന്നയിരുന്നു വിലയിരുത്തൽ. ആവശ്യമായ പരിശോധന നടത്തി തിരുത്തൽ വരുത്തുമെന്നും തിരുത്തൽ വരുത്തി തിരിച്ചടി അതിജീവിച്ച അനുഭവം ഉണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 77 ബ്ലോക്ക് പഞ്ചായത്തും 343 ഗ്രാമപഞ്ചായത്തിലും സിപിഎം വിജയിച്ചു. ഇത് 70 സീറ്റിന് തുല്യമാണ്. 28 മുനിസിപ്പാലിറ്റികളിലും വിജയിച്ചു. 2010 ൽ ഇതിനേക്കാൾ വലിയ തോൽവി ഉണ്ടായി. ആ പരാജയത്തെ ഫലപ്രദമായി നേരിട്ട് പിന്നീട് എൽഡിഎഫ് മുന്നോട്ടുവന്നു. എൽഡിഎഫിന്റെ അടിത്തറ തകർന്നു എന്ന് പ്രചാരവേല നടത്തുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
പകുതി ജില്ലാ പഞ്ചായത്തിലും ജയിക്കാനായത് വലിയ നേട്ടമാണ്. വർഗീയ ശക്തികളുമായി യുഡിഎഫ് പരസ്യവും രഹസ്യവുമായ നീക്കുപോക്ക് ഉണ്ടാക്കി. അതേ സമയം തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ വിജയമൊഴിച്ചാൽ ബിജെപിക്ക് കാര്യമായ നേട്ടം ഇല്ലെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. പന്തളം മുനിസിപ്പാലിറ്റിയിൽ അടക്കം എൽഡിഎഫ് ജയിച്ചു. ശബരിമല ഉൾക്കൊള്ളുന്ന വാർഡിൽ ബിജെപി തോറ്റു. പാലക്കാട് നഗരസഭയിലും ഭൂരിപക്ഷമില്ല. സംഘടനാപരമായ പോരായ്മകൾ ഉണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലും. പാർട്ടി ഇതിനെ അതിജീവിച്ചു മുന്നോട്ടു പോകും. എൽഡിഎഫ് വിരുദ്ധ വികാരമല്ലെന്നും അങ്ങനെയെങ്കിൽ ഏഴ് ജില്ലാ പഞ്ചായത്തിൽ വിജയിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


