Asianet News MalayalamAsianet News Malayalam

കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നെന്ന് മുഖ്യമന്ത്രി; ചിരി പദ്ധതിക്ക് തുടക്കം

മാർച്ച് 25 മുതലുള്ള കാലയളവില്‍ 18 വയസിൽ താഴെയുള്ള 66 കുട്ടികൾ ആത്മഹത്യ ചെയ്‍തു. 

cheif minister says suicidal attempt among children increasing
Author
Trivandrum, First Published Jul 9, 2020, 7:15 PM IST

തിരുവനന്തപുരം: കൊവിഡ് കാലത്ത് കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാർച്ച് 25 മുതലുള്ള കാലയളവില്‍ 18 വയസിൽ താഴെയുള്ള 66 കുട്ടികൾ ആത്മഹത്യ ചെയ്‍തു. വീട്ടിലുള്ള കുട്ടികളുടെ നേരെയുള്ള ഇടപെടലാണ് ആത്മഹത്യാ കാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്. കുട്ടികളുടെ മാനസികാവസ്ഥ കൂടി ഉള്‍ക്കൊണ്ടാവണം മാതാപിതാക്കളുടെ ഇടപെടല്‍ ഉണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഫോൺ വഴി കൗൺസിലിങ് നൽകുന്ന ചിരി പദ്ധതിക്കും തുടക്കം കുറിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഓൺലൈൻ ക്ലാസിലിരിക്കാത്തതിനും, ഗെയി കളിക്കാൻ അനുവദിക്കാത്തതും അശ്ലീല ചിത്രം കണ്ടതുമെല്ലാം ചെറിയ കാരണങ്ങളായി തോന്നാം. തിരുത്താൻ ഇടപെടുന്നത് കുട്ടിയുടെ മനസിനെ വല്ലാതെ മുറിവേൽപ്പിച്ച് കൊണ്ടാവരുത്. താളം തെറ്റിയ കുടുംബ ജീവിതം മൂലം ആത്മഹത്യ ചെയ്ത കുട്ടിയുണ്ട്. രക്ഷിതാവിന്‍റെ അമിത മദ്യപാനത്തോട് പൊരുത്തപ്പെടാനാവാതെ കുട്ടി ആത്മഹത്യ ചെയ്യുന്നു. കൊവിഡ് കാലത്ത് വിദ്യാലയം അടച്ചിടേണ്ടി വന്നു. കൂട്ടുകാരുടെ കൂടെ ഇടപഴകാനാവുന്നില്ല. മാനസിക സമ്മർദ്ദം മുറുകുന്ന സ്ഥിതിയാണ്. കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ മുതിർന്നവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. കൗമാരക്കാർ ശാരീരികവും മാനസികവുമായ വളർച്ചയുടെ പടവിലാണ്. മുതിർന്നവരോടെന്ന പോലെ അവരോട് പെരുമാറരുത്. ഊഷ്മളമായ ബന്ധം ഉണ്ടാകണം. സ്നേഹപൂർവം പെരുമാറണം.

കുടുംബ പ്രശ്നങ്ങൾ ഉണ്ടാകും. അത് പരിഹരിക്കാൻ കൗൺസിലിങ് അടക്കം നടത്താൻ ഉപേക്ഷ നടത്തരുത്. കുട്ടികളിൽ മാനസിക സമ്മർദ്ദം ഉണ്ടാകരുത്. വിദ്യാഭ്യാസം മത്സരമല്ല. അറിവ് നേടാനുള്ള ഉപാധിയാണ്. അത് അവരെ ബോധ്യപ്പെടുത്താനുള്ള ബാധ്യത അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉണ്ട്. ആത്മഹത്യാ പ്രവണതയെ കുറിച്ച് പഠിക്കാൻ സമിതിയെ രൂപീകരിച്ചു. മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഫോൺ വഴി കൗൺസിലിങ് നൽകുന്ന ചിരി പദ്ധതിക്കും തുടക്കം കുറിച്ചു. സമൂഹത്തിന്‍റെ ഭാവി കുട്ടികളുടെ കൈകളിലാണ്. നാളത്തെ പൗരന്മാർ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ കൂടി ഉത്തരവാദിത്തമാണ്. അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ല.

Follow Us:
Download App:
  • android
  • ios