പാലാരിവട്ടം പാലത്തിന് ഒരു നിലപാട്, ചെമ്പൂച്ചിറ സ്കൂളിന് വേറൊരു നിലപാട് എന്ന സംസ്ഥാന സർക്കാർ രീതി അംഗീകരിക്കാനാവില്ല
തൃശ്ശൂർ: ചെമ്പൂച്ചിറ സ്കൂളിന്റെ ബലക്ഷയം വലിയ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്കൂളിന്റെ നിർമ്മാണത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ട്. ക്ലാസ് നടന്നിരുന്നുവെങ്കിൽ നൂറ് കണക്കിന് വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ പെട്ടേനെ. അഴിമതിയിൽ സി പി എം നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കെട്ടിട നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ ഒരാൾക്കെതിരെയും കേസെടുത്തിട്ടില്ലെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തരവാദികൾക്കെതിരെ നടപടി വേണം. കേസെടുത്തില്ലെങ്കിൽ കോൺഗ്രസ് നിയമ നടപടി സ്വീകരിക്കും. നടപടി എടുക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം പാലത്തിന് ഒരു നിലപാട്, ചെമ്പൂച്ചിറ സ്കൂളിന് വേറൊരു നിലപാട് എന്ന സംസ്ഥാന സർക്കാർ രീതി അംഗീകരിക്കാനാവില്ല. പണം കൊടുത്തിട്ടില്ലെന്ന് പറഞ്ഞ് കിഫ്ബിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ ഗ്രൂപ്പിസം ശക്തമായി എതിർക്കുമെന്ന് വിഡി സതീശൻ പറഞ്ഞു. ആരെങ്കിലും ഗ്രൂപ്പ് യോഗം ചേർന്നാൽ നടപടി എടുക്കും. അംഗത്വ ക്യാമ്പയിൻ നീട്ടുമെന്നും ഡിജിറ്റൽ വഴിയുള്ള നടപടിക്രമം പ്രവർത്തകർക്ക് പരിചിതമല്ലാത്തതാണ് അംഗത്വ ക്യാമ്പയിൻ വൈകാൻ കാരണമെന്നും വിഡി സതീശൻ വിശദീകരിച്ചു.
ബലക്ഷയത്തെ തുടര്‍ന്നാണ് ചെമ്പൂച്ചിറ സ്കൂളിൽ പുതുതായി പണിത കെട്ടിടത്തിന്‍റെ രണ്ടാം നില പൂര്‍ണ്ണമായി പൊളിച്ചു നീക്കുന്നത്. നിർമ്മാണത്തിലെ ക്രമക്കേട് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടു വന്നത്. മുൻ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്‍റെ പുതുക്കാട് മണ്ഡലത്തില്‍ കിഫ്ബിയുടെ മൂന്ന് കോടി രൂപയും എം എൽ എ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മിച്ച് ഉദ്ഘാടനത്തിന് തയ്യാറായിരുന്ന സ്‌കൂൾ കെട്ടിടമാണിത്.
ഒന്നുതൊട്ടാല്‍ കയ്യില്‍ അടര്‍ന്നുവരുന്ന ചുമരുകളും ബീമുകളും ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നതോടെ സര്‍ക്കാര്‍ പ്രാഥമിക പരിശോധന നടത്തി. ബലക്ഷയമില്ലെന്നും പ്ലാസ്റ്ററിംഗില്‍ മാത്രമാണ് പോരായ്മയെന്നുമായിരുന്നു അന്ന് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. ഇടയ്ക്ക് പെയ്ത മഴയില്‍ പുത്തൻ കെട്ടിടത്തിലെ ക്ലാസ് മുറികള്‍ ചോര്‍ന്നൊലിക്കാൻ തുടങ്ങിയതോടെ രക്ഷിതാക്കള്‍ വിജിലൻസിനെ സമീപിച്ചു. തുടര്‍ന്നാണ് കെട്ടിടം പൊളിച്ചു പണിയാൻ തീരുമാനമായത്. രണ്ടാം നിലയുടെ മേല്‍ക്കൂര പൂര്‍ണ്ണമായി പൊളിച്ചു നീക്കി. ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കിഫ്ബി പദ്ധതിയില്‍ സ്കൂൾ കെട്ടിടങ്ങളുടെ നവീകരണത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. നിര്‍മ്മാണത്തിലെ ക്രമക്കേട് മൂലം സംഭവിച്ചിരിക്കുന്നത് കോടികളുടെ നഷ്ടമാണ്. കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുളള ക്രമക്കേട് നടത്തുന്ന കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
