Asianet News MalayalamAsianet News Malayalam

ക്യാൻസറില്ലാത്ത യുവതിക്ക് കീമോ ചെയ്ത സംഭവം; ഡോക്ടർമാരെ ന്യായീകരിച്ച് കോട്ടയം മെഡി. കോളേജ്

തെറ്റ് സ്വകാര്യ ലാബിന്‍റേതാണെന്നും നേരത്തെയും പരാതി ഉയർന്നപ്പോൾ മെഡിക്കൽ സംഘം അന്വേഷിച്ചിരുന്നുവെന്നുമാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടില്ലെന്നും കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി. 

chemo treatment for no cancerous patient no mistake in doctors part says medical college
Author
Kottayam, First Published Jun 3, 2019, 12:13 PM IST

കോട്ടയം: കാൻസറില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവത്തിൽ ഡോക്ടർമാർക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ. വേഗത്തിൽ ചികിത്സ നൽകാനാണ് ഡോക്ടടർമാർ ശ്രമിച്ചതെന്നാണ് വിശദീകരണം. വിഷയത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ആരോഗ്യ വകുപ്പിന് ഇന്ന് റിപ്പോർട്ട് നൽകും. രോഗിക്ക് തുടർ ചികിത്സ ആവശ്യമെങ്കിൽ സൗജന്യമായി നൽകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഉറപ്പ് നൽകി.

തെറ്റ് സ്വകാര്യ ലാബിന്‍റേതാണെന്നും നേരത്തെയും പരാതി ഉയർന്നപ്പോൾ മെഡിക്കൽ സംഘം അന്വേഷിച്ചിരുന്നുവെന്നുമാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടില്ലെന്നും കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി. 

വേഗത്തിൽ ചികിത്സ ലഭ്യമാക്കാനാണ് ഡോക്ടർമാർ ശ്രമിച്ചതെന്നാണ് വിശദീകരണം. സ്വകാര്യ ലാബിൽ പരിശോധന നടത്തിയത് മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച മുതിർന്ന ഡോക്ടറാണ്. 

മാറിടത്തിലുണ്ടായ മുഴ കാൻസറാണെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയ്ക്കെത്തിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളിൽ ഒരെണ്ണം മെഡിക്കൽ കോളജ് പതോളജി ലാബിലും മറ്റൊന്ന് സ്വകാര്യ ലാബിലേക്കും നൽകി. കാൻസറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡോക്ടർമാർ ചികിൽസ തുടങ്ങുകയും രജനിയെ കീമോതെറാപ്പിക്ക് വിധേയയാക്കുകയും ചെയ്തത്.

ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാൻസറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബിൽ നൽകിയ സാംപിളും ഡോക്ടർമാരുടെ നിർദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിലും തിരുവനന്തപുരം ആര്‍സിസിയിലും പരിശോധിച്ചെങ്കിലും കാൻസർ കണ്ടെത്താനായില്ല. 

കോട്ടയം മെഡിക്കൽ കോളജിൽ മുഴ നീക്കം ചെയ്തെങ്കിലും  വസ്ത്രവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന രജനിയുടെ ജോലി നഷ്ടമായി.കുടുംബത്തിന്‍റെ വരുമാനമാര്‍ഗവും വഴി മുട്ടി. കടുത്ത ആരോഗ്യ പ്രശ്നങ്ങളും യുവതി നേരിടുന്നുണ്ട്. മുടിമുഴുവൻ പൊഴിഞ്ഞു പോയി. ശരീരമാകെ കരിവാളിച്ച നിലയിലാണ്.

Follow Us:
Download App:
  • android
  • ios