Asianet News MalayalamAsianet News Malayalam

കാൻസറില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവം: ലാബുകൾക്കും ഡോക്ടർമാർക്കുമെതിരെ കേസെടുത്തു

ഒരാളുടെ പ്രവൃത്തിമൂലം ജീവന് അപായമുണ്ടാകുന്ന തരത്തിൽ പ്രവർത്തിച്ചുവെന്ന വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണത്തിൽ ചികിത്സാപിഴവ് കണ്ടെത്തിയാൽ ആ വകുപ്പും ചുമത്തും

chemo treatment for non cancerous patient, police take case against doctors and labs
Author
Kottayam, First Published Jun 8, 2019, 5:04 PM IST

കോട്ടയം: കാൻസറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തിൽ കോട്ടയം ഗാന്ധി നഗർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാക്കെതിരെയും രണ്ട് സ്വകാര്യ ലാബുകൾക്കെമെതിരെയും ആലപ്പുഴ സ്വദേശി രജനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

മെഡിക്കൽ കോളേജിന് മുന്നിൽ പ്രവർത്തിക്കുന്ന സിഎംസി ക്യാൻസർ സെന്‍ററിൽ നടത്തിയ മാമോഗ്രാമിലും ഡയനോവ ലാബിലെ ബയോപ്സിയിലും രജനിക്ക് കാൻസറുണ്ടെന്നായിരുന്നു റിപ്പോ‌ർട്ട്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്  ഡോ. സുരേഷ് കുമാർ കീമോ ചെയ്യാൻ നിർദ്ദേശിച്ചതെന്നാണ് പരാതി.  

ഡോ രഞ്ജനാണ് സ്വകാര്യലാബിൽ പരിശോധനക്ക് നിർദ്ദേശിച്ചത്. ഇവർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണ്  രജനി പൊലീസിനെ സമീപിച്ചത്. ഒരാളുടെ പ്രവൃത്തിമൂലം ജീവന് അപായമുണ്ടാകുന്ന തരത്തിൽ പ്രവർത്തിച്ചുവെന്ന വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 

അന്വേഷണത്തിൽ ചികിത്സാപിഴവ് കണ്ടെത്തിയാൽ ആ വകുപ്പും ചുമത്തും. മാർച്ച് നാലിനാണ് കുടശനാട് സ്വദേശി രജനി മെഡിക്കൽകോളേജിൽ ചികിത്സക്കെത്തുന്നത്. മെഡിക്കൽ കോളേജിലെ ലാബിൽ ബയോസ്പി ചെയ്യുന്നതിനൊപ്പം സ്വകാര്യ ലാബിലും ടെസ്റ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. 

സ്വകാര്യലാബിലെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കീമോ തുടങ്ങി. എന്നാൽ, മെഡിക്കൽ കോളേജിലെ റിപ്പോർട്ടിൽ രജനിക്ക് കാൻസറില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്മേലാണ് രജനി പരാതി നൽകിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios