Asianet News MalayalamAsianet News Malayalam

കാൻസറില്ലാതെ കീമോ ചെയ്ത സംഭവം: യുവതിക്ക് സ‍ർക്കാ‍ർ ജോലി നൽകണമെന്ന് കൊടിക്കുന്നിൽ

ഡോക്ടർമാർക്കെതിരെയും ലാബിനെതിരെയും അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഇക്കാര്യത്തിൽ കൈകഴുകി രക്ഷപ്പെടാൻ സർക്കാർ ശ്രമിക്കരുതെന്നും കൊടിക്കുന്നിൽ

chemotherapy for non cancerous person, government should give job for rajani says kodikkunnil
Author
Thiruvalla, First Published Jun 3, 2019, 9:08 PM IST

തിരുവല്ല: കാൻസർ സ്ഥിരീകരിക്കാതെ കോട്ടയം  മെഡിക്കൽ കോളേജിൽ കീമോതെറാപ്പിയ്ക്ക് വിധേയയായ രജനിക്ക് ആരോഗ്യ വകുപ്പിൽ ജോലി നൽകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. രജനിയുടെ മാവേലിക്കര കുടശ്ശനാട്ടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു എംപിയുടെ പ്രതികരണം.

ഡോക്ടർമാർക്കെതിരെയും ലാബിനെതിരെയും അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഇക്കാര്യത്തിൽ കൈകഴുകി രക്ഷപ്പെടാൻ സർക്കാർ ശ്രമിക്കരുതെന്നും കൊടിക്കുന്നിൽ പറഞ്ഞു. പ്രാഥമിക പരിശോധനകളിൽ ക്യാൻസറുണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് രജനിക്ക് കീമോ നടത്തിയതെന്നായിരുന്നു മെ‍ഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. 

മാറിടത്തിലുണ്ടായ മുഴ കാൻസറാണെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് രജനി കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയ്ക്കെത്തിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളിൽ ഒരെണ്ണം മെഡിക്കൽ കോളജ് പതോളജി ലാബിലും മറ്റൊന്ന് സ്വകാര്യ ലാബിലേക്കും നൽകി. കാൻസറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡോക്ടർമാർ ചികിൽസ തുടങ്ങുകയും രജനിയെ കീമോതെറാപ്പിക്ക് വിധേയയാക്കുകയും ചെയ്തത്.

ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാൻസറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യ ലാബിൽ നൽകിയ സാംപിളും ഡോക്ടർമാരുടെ നിർദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിലും തിരുവനന്തപുരം ആര്‍സിസിയിലും പരിശോധിച്ചെങ്കിലും കാൻസർ കണ്ടെത്താനായില്ല. 

കോട്ടയം മെഡിക്കൽ കോളജിൽ മുഴ നീക്കം ചെയ്തെങ്കിലും  വസ്ത്രവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന രജനിയുടെ ജോലി നഷ്ടമായി.കുടുംബത്തിന്‍റെ വരുമാനമാര്‍ഗവും വഴി മുട്ടി. കടുത്ത ആരോഗ്യ പ്രശ്നങ്ങളും യുവതി നേരിടുന്നുണ്ട്. മുടിമുഴുവൻ പൊഴിഞ്ഞു പോയി. ശരീരമാകെ കരിവാളിച്ച നിലയിലാണ്.

Follow Us:
Download App:
  • android
  • ios