കൊച്ചി: കൊവിഡ് രോഗികളുടെ ഫോൺവിളികളുടെ വിശദാംശങ്ങൾ ശേഖരിക്കാനുള്ള സർക്കാർ തീരുമാനത്തിന് എതിരെ ഹൈക്കോടതിയിൽ ഹർജി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. 

ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്നും  സർക്കാർ നടപടി സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് രമേശ് ചെന്നിത്തലയുടെ ഹർജിയിൽ ആരോപിക്കുന്നു. കോവിഡ് രോഗികൾ ക്വാറൻറൈൻ ലംഘിക്കുന്നുണ്ടോ എന്നറിയാൻ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ മതി. 

ഫോൺവിളികളുടെ വിശദാംശങ്ങൾ ശേഖരിക്കേണ്ടതില്ല. അതീവപ്രാധാന്യമുള്ള കേസുകളുടെ അന്വേഷണത്തിനും, ദേശസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിലുമാണ് ഫോൺവിളികളുടെ വിശദാംശങ്ങൾ ശേഖരിക്കാറുള്ളത്.  ഫോൺവിളി വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകുന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് റദ്ദാക്കാണമെന്നും ആവശ്യമുണ്ട്. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും എതിർകക്ഷികളാക്കിയാണ് ഹർജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹർജി  നാളെ പരിഗണിക്കും.