Asianet News MalayalamAsianet News Malayalam

പിണറായി സർക്കാർ മൂന്ന് ലക്ഷം അനധികൃത നിയമനങ്ങൾ നടത്തിയെന്ന് ചെന്നിത്തല

മാണി സി കാപ്പൻ യുഡിഎഫിലേക്ക് വന്നാൽ സ്വീകരിക്കാൻ തയ്യാറാണെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി പലരും എൽഡിഎഫ് വിട്ടു യുഡിഎഫിൽ ചേരുമെന്നും ചെന്നിത്തല പറഞ്ഞു.

chenithala on the protest of psc rank holders
Author
Thrissur, First Published Feb 10, 2021, 9:53 AM IST

തൃശ്ശൂ‍ർ: പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് മൂന്ന് ലക്ഷം പേരെ അനധികൃതമായി സർക്കാർ സർവ്വീസിൽ സ്ഥിരപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2600 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ശുപാർശ ചെയ്തുള്ള ഫയൽ അടുത്ത മന്ത്രിസഭാ യോ​ഗം പരി​ഗണിക്കാനിരിക്കുകയാണെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ യുവാക്കൾ സമരം ചെയ്യുമ്പോൾ അവരെ അവ​ഗണിച്ചുള്ള അനധികൃത നിയമനങ്ങൾ യുവാക്കളോട് കാണിക്കുന്ന അനീതിയാണെന്നും ചെന്നിത്തല പറഞ്ഞു. 
 
മാണി സി കാപ്പൻ യുഡിഎഫിലേക്ക് വന്നാൽ സ്വീകരിക്കാൻ തയ്യാറാണെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി പലരും എൽഡിഎഫ് വിട്ടു യുഡിഎഫിൽ ചേരുമെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം മാണി സി കാപ്പൻ ഇതുവരേയും യുഡിഎഫിനെ ഔദ്യോ​ഗികമായി സമീപിച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. 

തവനൂരിൽ വന്ന് മത്സരിക്കാനുള്ള മന്ത്രി കെടി ജലീലിൻ്റെ വെല്ലുവിളിക്ക് മറുപടിയായി കേരളത്തിൽ എവിടെയും താൻ മത്സരിക്കാൻ തയ്യാറാണെന്ന് ചെന്നിത്തല പറഞ്ഞു. എന്നാൽ ജലീൽ ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങൾക്ക് മറുപടി പറയാൻ ചെന്നിത്തല തയ്യാറായില്ല. യാക്കോബായ- ഓർത്തഡോക്സ് തർക്കം സമാധാനപരമായി തീർക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും ഇരുവിഭാ​ഗവുമായും മുന്നണി ചർച്ച നടത്തുമെന്നും ചെന്നിത്തല പറഞ്ഞു. 

ചെന്നിത്തലയുടെ വാക്കുകൾ - 

പിഎസ്.സി റാങ്ക് പട്ടികയിൽ കയറി പറ്റുന്നതിലും ബുദ്ധിമുട്ടാണ് നിയമനം കിട്ടാൻ. സെക്രട്ടേറിയറ്റിൽ സമരം ചെയ്യുന്നവരെയാണ് ഏറ്റവും വലിയ ശത്രുക്കളായി സർക്കാർ കാണുന്നത്. പി.എസ്.സി റാങ്ക് പട്ടികയിലുള്ളവരെ സമരത്തിന് ഇറക്കിയത് ഞങ്ങളാണോ. ആ പാവങ്ങൾ ക്ഷമ കെട്ട് സമരത്തിന് വന്നത്. പൊലീസ് റാങ്ക് ലിസ്റ്റ് നോക്കൂ. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിനെ തുടർന്ന് മാസങ്ങളോളം പൊലീസ് റാങ്ക് ലിസ്റ്റ് മരവിപ്പിച്ചു. അപ്പോഴേക്കും കൊവിഡ് വന്നു. 

ഈ സർക്കാർ ഒരു പിഎസ്.സി പട്ടികയും നീട്ടിയിട്ടില്ല. ഉദ്യോ​ഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി വന്നപ്പോൾ ആണ് ഇവർ തെരഞ്ഞെടുപ്പ് മാസം വരെ കാലാവധി നീട്ടിയത്. അവരെ അപമാനിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. ഈ സർക്കാർ മൂന്ന് ലക്ഷം അനധികൃത നിയമനങ്ങൾ നടത്തി 2600-താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയൽ ഇന്നത്തെ മന്ത്രിസഭാ യോ​ഗത്തിലേക്ക് വരുന്നുണ്ട്. ഇതു യുവാക്കളോട് ചെയ്യുന്ന അനീതിയാണ്. 

ശബരിമലയിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ യുഡിഎഫ് ​ആ​ഗ്രഹിക്കുന്നില്ല. എൽഡിഎഫാണ് വിശ്വാസികളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ചത്. ശബരിമല വിഷയത്തിൽ സർക്കാർ ആർക്കൊപ്പമാണെന്ന് വ്യക്തമാക്കണം. എന്തിനാണ് എം.എ.ബേബി നിലപാടിൽ മലക്കം മറിഞ്ഞത്. ശബരിമല വിഷയത്തിൽ യുഡിഎഫ് ഒന്നും ചെയ്തില്ലെന്ന വാദം ശരിയല്ല. പാർലമെൻ്റിൽ യുഡിഎഫ് പ്രതിനിധി ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിന് കേന്ദ്രം എതിർത്തതിനാൽ അവതരണാനുമതി ലഭിച്ചില്ല.  

നിയമസഭയിലും പാർലമെൻ്റിലും ചെയ്യാവുന്നതെല്ലാം യുഡിഎഫ് ചെയ്തിട്ടുണ്ട്. ശബരിമല വിഷയത്തിൽ മൂന്ന് മുന്നണികളും ഒന്നും ചെയ്തില്ലെന്ന എൻഎസ്എസ് വാദം തെറ്റിദ്ധാരണ മൂലമാണ്. ഇക്കാര്യത്തിൽ സത്യാവസ്ഥ എൻഎസ്എസ് നേതൃത്വത്തെ നേരിൽ കണ്ട് ബോധ്യപ്പെടുത്തും. യുഡിഎഫ് ചെയ്ത കാര്യങ്ങൾ എൻഎസ്എസ് ശ്രദ്ധിക്കാതെ പോയിരിക്കാം. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമാണ് ശബരിമല. തെരഞ്ഞെടുപ്പിൽ എംപിമാ‍ർ ആരും മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios