മുഖ്യമന്ത്രി പിണറായിയേയും സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനെയും കടന്നാക്രമിച്ചായിരുന്നു യാത്രയുടെ തുടക്കം

കാസർകോട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കാസ‍ർകോട് പര്യടനം നടത്തി ഇന്ന് ഉച്ചയോടെ കണ്ണൂരിലെത്തും. യാത്രയുടെ രണ്ടാം ദിവസം കാസർകോട് പെരിയയിൽ നിന്നാണ് ആരംഭിക്കുക. രാവിലെ പത്ത് മണിയോടെ പെരിയയിൽ യൂത്ത് കോൺഗ്രസ് രക്തസാക്ഷികളായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ ബന്ധുക്കൾ യാത്രയുടെ ഭാഗമാകും. തുടർന്ന് കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ സ്ഥലങ്ങൾ പിന്നിട്ട് വൈകുന്നേരത്തോടെ യാത്ര കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. 

മുൻമുഖ്യമന്ത്രിയും കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനുമായി ഉമ്മൻ ചാണ്ടി ഫ്ലാഗ് ഓഫ് ചെയ്ത യാത്ര ഇന്നലെ വൈകിട്ട് കുമ്പളയിൽ നിന്നാണ് തുടങ്ങിയത്. കൊവിഡ് കാലമായിട്ടും വൻജനാവലിയാണ് ഐശ്വര്യകേരള യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കുമ്പളയിൽ എത്തിയത്.

എൽഡിഎഫിനും എൻഡിഎയ്ക്കും മുമ്പേ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ പ്രവ‍ർത്തനങ്ങളിലേക്ക് കടക്കുകയെന്നത് തന്നെയാണ് ഐശ്വര്യകേരളയാത്രയിലൂടെ യുഡിഎഫ് ലക്ഷ്യം വയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായിയേയും സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനെയും കടന്നാക്രമിച്ചായിരുന്നു യാത്രയുടെ തുടക്കം.

ജനപ്രശ്നങ്ങൾ ഒന്നൊന്നായി ഉന്നയിച്ച് സ‍ർക്കാരിനെ പ്രതിരോധത്തിലാക്കിയ വിജയിയായിട്ടാണ് ചെന്നിത്തല ഐശ്വര്യകേരള ജാഥ നയിക്കുന്നതെന്നായിരുന്നു ഉമ്മൻചാണ്ടി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞത്. യുഡിഎഫ് കാലം വികസനത്തിന്‍റെയും കരുതലിന്‍റെയും കാലമായിരുന്നു, മാർക്സിസ്റ്റ് പാർട്ടിയുടെ കാലം അക്രമരാഷ്ട്രീയത്തിന്‍റെയും കൊലപാതകത്തിന്‍റെയും കാലമാണ്, ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്, അതിൽ ഇപ്പോഴും മാറ്റമില്ല. യുഡിഎഫ് സ‍ർക്കാർ അധികാരത്തിൽ എത്തിയാലും ശബരിമല വിഷയത്തിൽ ഭക്ത‍ർക്കൊപ്പം ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന നിലപാടെടുക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞിരുന്നു.

അടുത്ത 5 വർഷം കേരളം വാഴുക ഐക്യമുന്നണിയാകുമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞുവച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ എൽഡിഎഫ് ജയം ചക്ക വീണപ്പോൾ മുയൽ ചത്തത് പോലെയാണ്, എപ്പോഴും അങ്ങനെയാവില്ല, മുസ്ലീം ലീഗിനേയും കോൺഗ്രസിനേയും തെറ്റിപ്പിക്കാനാണ് സിപിഎം ഇപ്പോൾ ശ്രമിക്കുന്നത്. ഈ ഏഷണിപ്പണി നി‍ർത്തിക്കൂടെയെന്നും ബിജെപി പറയുന്ന അതേ വർത്തമാനമാണ് സിപിഎമ്മും പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.

ചവറ്റു കൊട്ടയിലിറെഞ്ഞി കേസിന്‍റെ അന്വേഷണമാണ് സിബിഐയെ ഏൽപിച്ചിരിക്കുന്നതെന്ന് സോളാർ ചൂണ്ടികാട്ടി മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. വിഷം ചീറ്റുന്ന വർഗീയതയാണ് സിപിഎം ഉയർത്തുന്നത്. ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന തരത്തിലാണ് അവരുടെ നീക്കങ്ങളെന്നും മുല്ലപ്പള്ളി പറഞ്ഞു. വർഗസമരത്തിന് പകരം വർഗീയ പ്രീണനമാണ് സിപിഎം നടത്തുന്നതാണ് എം എം ഹസ്സൻ അഭിപ്രായപ്പെട്ടത്. വിജയരാഘവൻ ഇടതു മുന്നണിയുടെ കൺവീനറാണോ ഹിന്ദു മുന്നണിയുടെ കൺവീനറാണോ എന്ന് പറയണമെന്നും ഹസൻ ചോദിച്ചു.