തിരുവനന്തപുരം: കേറി വാടാ മക്കളേ എന്നു പറഞ്ഞവര്‍ കേറി വരണ്ട മക്കളേ എന്നാണ് ഇപ്പോള്‍ പറയുന്നതെന്ന് പ്രവാസി വിഷയത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രവാസികള്‍ ഗള്‍ഫ് നാട്ടില്‍ കിടന്നു മരിക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ പ്രതിഷേധം തുടരും. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവും ഉപനേതാവും കത്തയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം എന്നതടക്കം നാല് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കത്ത് അയക്കുക. 

അതേസമയം കാലിക്കറ്റ് സര്‍വകലാശാലയില്‍ വി സി നിയമനം നടക്കാത്തത് എന്തു കൊണ്ടെന്ന് വൈകിട്ടത്തെ ബഡായി ബംഗ്ലാവില്‍ മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ബാലാവകാശ കമ്മിഷന്‍ നിയമനം സര്‍ക്കാര്‍ നടപടികള്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട ചെന്നിത്തല നിയമനത്തിനായി സര്‍ക്കാര്‍ വരുത്തിയ ഇളവുകള്‍ പിന്‍വലിക്കണമെന്നും പറഞ്ഞു. പാര്‍ട്ടി സഖാക്കളെ നിയമിക്കാനാണ് ഇളവുകള്‍ വരുത്തുന്നതെന്നു ഈ വിഷയത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവനയെ പിന്തുണച്ച ചെന്നിത്തല 
നേതാക്കളുടെ വിവാദ പ്രസ്താവനയില്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നടപടികള്‍ ആവശ്യപ്പെടുന്നതെങ്കില്‍ ആലോചിക്കാമെന്നും വ്യക്തമാക്കി.