തിരുവനന്തപുരം: സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന്‍റെ അപകട മരണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവ മാധ്യമ പ്രവർത്തകൻ കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണം ഞെട്ടിച്ചുവെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. ബഷീറിന്‍റെ അകാലത്തിലുള്ള വിയോഗത്തിലൂടെ മികച്ച മാധ്യമ പ്രവർത്തകനെയാണ് നഷ്ടപ്പെട്ടത്. ബഷീറിന്റെ മരണം സൃഷ്‌ടിച്ച തീരാവേദനയിൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം പങ്ക് ചേരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

യുവ മാധ്യമ പ്രവർത്തകൻ കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണം ഞെട്ടിച്ചു. കഴിഞ്ഞ 30 നു യു.ഡി എഫ് യോഗത്തിനു ശേഷമുള്ള പത്രസമ്മേളനത്തിൽ ബഷീറിനെ കണ്ടിരുന്നു. വളരെ ചെറുപ്രായത്തിൽ സിറാജ് ദിനപത്രത്തിന്റെ പ്രാദേശിക റിപ്പോർട്ടറായി പത്രപ്രവർത്തനം ആരംഭിച്ച ബഷീർ ആത്മാർത്ഥത നിറഞ്ഞ ജോലിയിലൂടെ ബ്യുറോചീഫ് പദവി വരെ എത്തുകയായിരുന്നു.
മാധ്യമ രംഗത്തെ അർപ്പണ ബോധത്തിനുള്ള അംഗീകാരം കൂടിയായിരുന്നു ഈ പദവി. 
നിയമസഭാ റിപ്പോർട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി സമ്മാനിച്ച ആദരവ് ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ബഷീർ വിടപറഞ്ഞത്.

ബഷീറിന്റെ അകാലത്തിലുള്ള വിയോഗത്തിലൂടെ മികച്ച മാധ്യമ പ്രവർത്തകനെയാണ് നഷ്ടപ്പെട്ടത്. ബഷീറിന്റെ മരണം സൃഷ്‌ടിച്ച തീരാവേദനയിൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം പങ്ക് ചേരുന്നു. ആദരാഞ്ജലികൾ.