എന്തെങ്കിലും പറയാനുണ്ടോ, കുറ്റബോധമുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചെങ്കിലും ചെന്താമര ഒന്നിനോടും പ്രതികരിച്ചില്ല.
പാലക്കാട്: കുറ്റക്കാരനെന്ന കോടതി വിധിയിൽ നിസ്സംഗനായി കൊടുംകുറ്റവാളി ചെന്താമര എന്ന ചെന്താമരാക്ഷൻ. പോത്തുണ്ടി സജിത കൊലക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് കണ്ടെത്തിയിരിക്കുന്നത്. ഒക്ടോബർ 16 ന് ശിക്ഷാവിധി പ്രഖ്യാപിക്കും. എന്തെങ്കിലും പറയാനുണ്ടോ, കുറ്റബോധമുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചെങ്കിലും ചെന്താമര ഒന്നിനോടും പ്രതികരിച്ചില്ല. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനും ഒന്നുമില്ലെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം. വിചാരണവേളയിൽ പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു ചെന്താമരയുടെ പ്രതികരണം.
നെന്മാറ പോത്തുണ്ടി ബോയൻസ് കോളനിയിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്ന സജിതയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് അഡീഷൽ സെഷൻസ് കോടതി കണ്ടെത്തിയത്. ഭാര്യയും മകളും തന്നെ വിട്ടു പോകാൻ കാരണം സജിതയെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി.
സജിതയുടെ വീടിനകത്ത് ചോര പതിഞ്ഞ ചെന്താമരയുടെ കാൽപാടുകൾ കേസിൽ നിർണായകമായി . സജിതയുമായുള്ള മൽപിടുത്തത്തിനിടയിൽ ചെന്താമരയുടെ ഷർട്ടിൻ്റെ പോക്കറ്റ് കീറി നിലത്തു വീണു വസ്ത്രം ചെന്താമരയുടെ തന്നെയെന്ന് ഭാര്യ മൊഴി നൽകി. വെട്ടാനുപയോഗിച്ച കൊടുവാൾ വീട്ടിലുള്ളതെന്നും ഭാര്യ തിരിച്ചറിഞ്ഞു. കൊലപാതകത്തിന് ശേഷം ചെന്താമര വീട്ടിൽ നിന്ന് ഇറങി വരുന്നത് കണ്ടതായി അയൽവാസി പുഷ്പയും മൊഴി നൽകി. ഈ തെളിവുകളെല്ലാം പരിഗണിച്ചാണ് കോടതി ചെന്താമരയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.



