അഭിലാഷിനോട് കീഴടങ്ങാൻ ബന്ധുക്കൾ മുഖേന പൊലീസ് സമ്മർദ്ദം ചെലുത്തിയിരുന്നു.

തൃശ്ശൂർ : തൃശ്ശൂർ ചേർപ്പിലെ സദാചാര കൊലപാതകക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഗൾഫിലേക്ക് മുങ്ങിയ ചേർപ്പ് സ്വദേശി അഭിലാഷിനെ പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടനെ ആയിരുന്നു പിടികൂടിയത്. അഭിലാഷിനോട് കീഴടങ്ങാൻ ബന്ധുക്കൾ മുഖേന പൊലീസ് സമ്മർദ്ദം ചെലുത്തിയിരുന്നു.

ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇതോടെ കൊലക്കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം ആറായി. ഒന്നാം പ്രതി രാഹുൽ ഉൾപ്പെടെ നാല് പേർ ഇപ്പോഴും ഒളിവിലാണ്. മൂന്നുപേരെ അറസ്റ്റ് ചെയ്തത് ഉത്തരാഖണ്ഡ‍ിൽ നിന്നാണ്. അവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഇപ്പോൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ കൊലപാതകത്തിൽ ഇനി വിഷ്ണു, വിജിത്, ചിഞ്ചു, രാഹുൽ, എന്നിവരാണ് പിടിയിലാകാനുള്ളത്.

ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷത്രത്തിന് സമീപത്ത് വച്ചായിരുന്നു സഹറിനെതിരെ ആള്‍ക്കൂട്ട മര്‍ദ്ദനം ഉണ്ടായത്. 32കാരനായ സഹർ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ഇന്നലെ ഉച്ചയ്ക്ക് 11.45ഓടെയാണ് മരിച്ചത്. കഴിഞ്ഞ പതിനെട്ടിന് രാത്രിയാണ് സഹറിന് മര്‍ദ്ദനമേറ്റത്. രാത്രി വൈകി വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ സഹറിനെ പ്രദേശത്തുണ്ടായിരുന്ന യുവാക്കള്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്ത് മര്‍ദ്ദിക്കുകയായിരുന്നു. 

Read More : അയോ​ഗ്യത, രാഹുലിന് നഷ്‌ടമാകുക എട്ട് വർഷം; മറികടക്കാനെന്ത് ചെയ്യും, സാധ്യതകൾ ഇങ്ങനെ