കോഴിക്കോട്: കോഴിക്കോട് ചേവായൂര്‍ പീഡനക്കേസ് പ്രതിയായ സിറോ മലബാര്‍ സഭ വൈദികൻ മനോജ് പ്ലാക്കൂട്ടത്തിലിന് മുൻകൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചു. പരാതി അറിയിക്കാനെത്തിയ തന്നെ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയുമായി മുന്നോട്ടുപോയാല്‍ സഭ സംരക്ഷിക്കില്ലെന്നും കുടുംബജീവിതം തന്നെ ഇല്ലാതായേക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി. ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചെന്നും പരാതിക്കാരി കോടതിയില്‍ വ്യക്തമാക്കി.

വൈദികനെതിരായ പീഡനക്കേസ്: താമരശേരി ബിഷപ്പിനെതിരെ വീട്ടമ്മയുടെ മൊഴി

കുട്ടികളില്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ വൈദികൻ മനോജ് പ്ലാക്കൂട്ടം ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മ നേരത്തെ നല്‍കിയ പരാതിയിൽ ആരോപിക്കുന്നത്. കേസിൽ മതപരമായ സംഘടനയിൽ നിന്നും നീതികിട്ടുമെന്ന് പ്രതിക്ഷിച്ചാണ് പരാതി വൈകിയതെന്നും വിശദീകരിക്കുന്നുണ്ട്. 2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.കേസില്‍ പ്രതിയായ ഫാ. മനോജ് പ്ലാക്കൂട്ടം ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി ഈ മാസം 19ന് കോടതി പരിഗണിക്കും.