ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി കേസിലെ സിപിഎം നേതാവ് എം ഗിരീഷിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ജില്ലാ സെക്രട്ടറി എം മെഹബൂബ് ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്
കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ജില്ലാ സെക്രട്ടറി എം മെഹബൂബ്. വസ്തുതാപരമല്ലെന്ന് കണ്ട് നേരത്തെ പെൻഡിങ്ങിൽ വെച്ച കേസിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കള്ളക്കേസിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തതെന്നും ഭരണ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ പ്രേരിതമായ വേട്ടയാടൽ നടക്കുന്നുവെന്നും സി പി എം ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു. കേസ് വിശ്വസനീയമല്ലെന്നും കേസിന് പിന്നിൽ ഗൂഢാലോചന നടന്നെന്നും മെഹബൂബ് കൂട്ടിച്ചേർത്തു. അതേസമയം ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി കേസ് അന്വേഷിക്കുന്ന എസ് ഐ ടിയാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് ദിവസം സംഘം ചേർന്ന് പരിക്കേൽപ്പിച്ചു എന്ന കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിലാണ് അറസ്റ്റ്. ഗിരീഷ് ഉൾപ്പെടെ 5 പേർക്കെതിരെയാണ് കേസ്. വധശ്രമം ഉൾപ്പെടെ വകുപ്പുകളാണ് ചുമത്തിയിരുന്നത്. സി പി എം പ്രവർത്തകനായ സി പി ജലീലും അറസ്റ്റിലായി. എം ഗിരീഷിനെ മെഡിക്കൽ പരിശോധനയ്ക്കായി സ്റ്റേഷനിൽ നിന്നും ഇറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

