ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങളിൽ സങ്കേതിക പ്രശ്നം ഉണ്ടായി. അവ ഉടൻ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ പോളിംഗ് 10 ശതമാനം പിന്നിട്ടുവെന്നാണ് വ്യക്തമാകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ നിലമ്പൂരിൽ കഴിഞ്ഞ തവണത്തെക്കാൾ പോളിംഗ് പ്രതീക്ഷിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽഖറും പ്രതികരിച്ചു. ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങളിൽ സങ്കേതിക പ്രശ്നം ഉണ്ടായി. അവ ഉടൻ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

അതേസമയം വോട്ടെടുപ്പ് നടക്കുന്ന പോളിങ് ബൂത്ത് രണ്ടിൽ വിവി പാറ്റിൽ തകരാർ ഉണ്ടെന്ന പരാതിയുമായി യു ഡി എഫ് രംഗത്തെത്തി. പരാതിയെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവച്ചു. എന്താണ് തകരാറെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. നിലവിൽ ഈ ബൂത്തിൽ 41 പേർ വോട്ട് ചെയ്തു കഴിഞ്ഞിരുന്നു. പ്രശ്ന പരിഹാരത്തിനായി പോളിങ് ബൂത്തിലെ ഉദ്യോ​ഗസ്ഥർ മുതിർ‌ന്ന ഉദ്യോ​ഗസ്ഥരുമായി സംസാരിച്ചു വരികയാണ്. നേരത്തെ, ബൂത്ത് രണ്ടിൽ വെളിച്ച കുറവെന്ന് യു ഡി എഫ് പരാതി നൽകിയിരുന്നു. മറ്റൊരു ബൂത്തിലും വിവി പാറ്റിൽ തകരാറുണ്ടായതായി പരാതി ഉയർന്നിരുന്നു. ഈ പ്രശ്നം പരിഹരിച്ച് അവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചിട്ടുണ്ട്.

അതിനിടെ സ്ഥാനാർത്ഥികളും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. യു ഡി എഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം നടത്തിയതെന്നും പി വി അൻവർ പ്രതികരിച്ചു. വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം. സ്വരാജിന് സി പി എം സെക്രട്ടറിയേറ്റിലേക്കും പോകാം. താൻ നിയമസഭയിലേക്ക് പോകുമെന്നും അൻവർ പറഞ്ഞു. എൽ ഡി എഫിൽ നിന്ന് 25 % വോട്ട് തനിക്ക് ലഭിക്കും. യു ഡി എഫിൽ നിന്ന് 35 % വോട്ടും ലഭിക്കും. 75000 ന് മുകളിൽ വോട്ട് തനിക്ക് ലഭിക്കും. അത് ആത്മ വിശ്വാസമല്ല, യാഥാർത്ഥ്യമാണെന്നും പി വി അൻവർ മാധ്യമങ്ങളോട് പറ‍ഞ്ഞു. ജനങ്ങളുടെ വിഷയങ്ങൾ രണ്ട് മുന്നണികളും അവഗണിച്ചു. 2016 ൽ ആര്യാടൻ ഷൗക്കത്തിൻ്റെ ബൂത്തിൽ താൻ ആണ് ലീഡ് ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ ബൂത്തിൽ ലീഡ് ആയി. ഇത്തവണയും നമുക്ക് കാണാം. സി പി എം പ്രാദേശിക നേതാക്കൾക്ക് ബന്ധപ്പെടാൻ മൂന്ന് മൊബൈൽ നമ്പർ നൽകിയിട്ടുണ്ട്. അവർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മുണ്ടൂരിൽ ദാരുണമായ മരണത്തിനിടെയാണ് തെരഞ്ഞെടുപ്പെന്നും അൻവർ കൂട്ടിച്ചേർത്തു.

വലിയ ഭൂരിപക്ഷം മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നുവെന്നാണ് യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചത്. മണ്ഡലം തിരിച്ചുപിടിക്കും. ഈ തെരഞ്ഞെടുപ്പിൽ ശക്തമായ മഴയത്താണ് പ്രചാരണവും കലാശക്കൊട്ടുമെല്ലാം നടന്നത്. അതിനാൽ തന്നെ ആ ആവേശം വോട്ടെടുപ്പിലുണ്ടാകും. മികച്ച പോളിങ് നടക്കുമെന്ന് കരുതുന്നു. ചരിത്ര ഭൂരിപക്ഷത്തോടെ നിലമ്പൂർ തിരിച്ചുപിടിക്കും. യു ഡി എഫിന് തൊട്ടുപിന്നിൽ വരുന്ന സ്ഥാനാർത്ഥി എൽ ഡി എഫായിരിക്കും. പിന്നെ സ്വതന്ത്രരായിരിക്കും. എൽ ഡി എഫ് - യു ഡി എഫ് മത്സരമാണ് വർഷങ്ങളായി മണ്ഡലത്തിൽ നടക്കുന്നതെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.

ഒരു ഘട്ടത്തിലും തനിക്ക് ആശങ്ക തോന്നിയിട്ടില്ലെന്നും നാട് പകർന്ന് നൽകിയ ആത്മവിശ്വാസം ശക്തമായുണ്ടെന്നുമാണ് ഇടത് സ്ഥാനാർഥി എം സ്വരാജ് പ്രതികരിച്ചത്. ഓരോ ദിവസവും ആത്മവിശ്വാസം വർധിച്ചു. ആഹ്ലാദത്തോടെയാണ് തെരഞ്ഞെടുപ്പിനെ വരവേറ്റത്. പ്രതീക്ഷയിൽ കവിഞ്ഞ പിന്തുണ ലഭിച്ചു. എൽ ഡി എഫ് പ്രവർത്തകർക്കെല്ലാം അതേ ആത്മവിശ്വാസമുണ്ടെന്നും എം സ്വരാജ് പറഞ്ഞു. എല്ലാവരും വോട്ട് ചെയ്യണമെന്നും ഇടത് സ്ഥാനാർത്ഥി ആഹ്വാനം ചെയ്തു.