കുമ്മനം രാജശേഖരന്‍ നല്‍കിയ കേസ് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് വൈകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 2016 നിയസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍ നല്‍കിയ കേസ് ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് നിയമോപദേശം കിട്ടിയിട്ടുണ്ടെന്ന് മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. 

2016-ല്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും ജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.മുരളീധരനാണ്. വടകര എംപിയായി തെരഞ്ഞെടുക്കപ്പെട്ട മുരളീധരന്‍ എംഎല്‍എ സ്ഥാനം രാജിവച്ചതോടെ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കേസ് തടസ്സമാവില്ലെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. അതേസമയം മഞ്ചേശ്വരം കേസിൽ ഹൈക്കോടതിയില്‍ നടപടികള്‍ തീരാത്തത് അനിശ്ചിതത്വമുണ്ടാക്കുന്നുണ്ടെന്നും ടിക്കാറാം മീണ വ്യക്തമാക്കി.