മദ്യനയ അഴിമതിക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് പിണറായി വിജയന്‍ തൃശൂരിലെത്തിയത് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വെള്ളിയാഴ്ച രാവിലെ സി പി എം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലെത്തി ജില്ലയിലെ പ്രമുഖ നേതാക്കളുമായി ചര്‍ച്ച നടത്തിയത് ഇ ഡി കേസുമായി ബന്ധപ്പെട്ടല്ലെന്ന് സി പി എം. ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. മദ്യനയ അഴിമതിക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് പിണറായി വിജയന്‍ തൃശൂരിലെത്തിയത് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
കരുവന്നൂര്‍ ബാങ്ക് കേസില്‍ നേതാക്കള്‍ക്കെതിരേ ഇ ഡി നടപടിയുണ്ടാകുമെന്ന് സി പി എമ്മിന് ആശങ്കയുണ്ടെന്നും ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി നേതാക്കളെ സന്ദര്‍ശിച്ചതെന്നും മാധ്യമ റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, എ സി മൊയ്തീന്‍, എം കെ. കണ്ണന്‍, പി കെ. ബിജു എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാൽ മുഖ്യമന്ത്രി ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് തൃശൂരിലെത്തിയത്. ഇതിനെ ചില ദൃശ്യമാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചത് ദുരുദ്ദേശപരവും പ്രതിഷേധാര്‍ഹവുമാണെന്ന് സി പി എം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
'തൃശൂര്‍ ജില്ലയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമാണ് അദ്ദേഹം പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. പാര്‍ട്ടിയുടെ സമുന്നത നേതാവ് തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ സംഘടനാ ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയതിനെ രാഷ്ട്രീയ ദുഷ്ടലാക്കോടെ വ്യാഖ്യാനിച്ചത് അധാര്‍മിക നടപടിയാണ്.
കഴിഞ്ഞ കുറേ മാസങ്ങള്‍ തുടര്‍ച്ചയായി നുണക്കഥകള്‍ തട്ടിവിട്ടിട്ടും ജനങ്ങള്‍ അതെല്ലാം നിരാകരിച്ചതിന്റെ ജാള്യത ചില മാധ്യമങ്ങള്‍ക്കുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പാലിക്കേണ്ട സാമാന്യമര്യാദ പോലും പാലിക്കാതെ നടത്തുന്ന ഇത്തരം കള്ള പ്രചാരണങ്ങളും ജനങ്ങള്‍ നിരാകരിക്കുക തന്നെ ചെയ്യും'. പ്രസ്താവനയില്‍ പറയുന്നു.
എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായ തരംഗമാണ് ജില്ലയില്‍ നിലവിലുള്ളത്. മികച്ച വിജയം സ്ഥാനാര്‍ഥികള്‍ നേടുക തന്നെ ചെയ്യും. വന്‍തോതില്‍ പണം ഒഴുക്കിയിട്ടും ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയാത്തതിന്റെ രോഷത്തിലും അമര്‍ഷത്തിലുമാണ് ബി ജെ പിയും കോണ്‍ഗ്രസും. വലത് മാധ്യമങ്ങളുടെ കള്ളപ്രചാരണങ്ങള്‍ ജനാധിപത്യ സമൂഹം തള്ളിക്കളയുക തന്നെ ചെയ്യുമെന്നും ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് പറഞ്ഞു.
