ലീഗിന്റേത് ഉറച്ച മതേതര നിലപാടാണെന്ന് സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസാണെന്നും സതീശന്‍ പുകഴ്ത്തി. അതേസമയം, അഞ്ച് മന്ത്രി സ്ഥാനമെന്ന പ്രതീക്ഷ കൈവിടാതെ ലീഗ്. വി ഡി സതീശനോട് ഇക്കാര്യം വീണ്ടും ആവശ്യപെടാനാണ് ലീഗിന്റെ നീക്കം.
തിരുവനന്തപുരം: മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. ലീഗിന്റേത് ഉറച്ച മതേതര നിലപാടാണെന്ന് സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസാണെന്നും സതീശന്‍ പുകഴ്ത്തി. അതേസമയം, മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ഒരു തർക്കവുമില്ലെന്ന് പാണക്കാട് സാദിക്കലി തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ചില വകുപ്പുകളിൽ മാറ്റം വരും. ചർച്ചകൾ തുടരുകയാണ്. വിദ്യാഭ്യാസം വിട്ടു നൽകണമെന ആവശ്യം തൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പാണക്കാട് സാദിക്കലി തങ്ങൾ കൂട്ടിച്ചേര്‍ത്തു.

വിഡി സതീശൻ നയിക്കുന്ന യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെയെന്ന് ഉടൻ അറിയാം. ഘടക കക്ഷി നേതാക്കളുമായി കോൺഗ്രസ് നേതൃത്വം നടത്തുന്ന ഉഭയകക്ഷി ചർച്ചകൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. അഞ്ച് മന്ത്രിമാർ വേണമെന്ന ലീഗിന്റെ ആവശ്യം ന്യായമെന്ന് കരുതുന്നുണ്ടെങ്കിലും മറ്റൊരു ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. നാല് മന്ത്രിസ്ഥാനവും ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവിയും നൽകാമെന്നാണ് വാഗ്ദാനം. എന്നാൽ ലീഗ് നേതൃത്വം വഴങ്ങാൻ ഇടയില്ല. രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടുന്ന ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കലാവും രണ്ടാമത്തെ വെല്ലുവിളി. കോൺഗ്രസിൽ ആരൊക്കെ മന്ത്രിസ്ഥാനം ഉറപ്പിക്കും എന്നതും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിസ്ഥാനത്തേക്ക് എത്തുമോ എന്നും വരും മണിക്കൂറിൽ അറിയാനാകും.
