അന്താരാഷ്ട്രാ നഴ്സസ് ദിനത്തിൽ ലോകത്തെമ്പാടുമുള്ള നഴ്സുമാർക്ക് നന്ദിയും ആശംസയും അറിയിച്ച് കേരളം. ജീവൻ പണയപ്പെടുത്തിക്കൊണ്ട് കൊവിഡിനെതിരെ പോരാടുന്ന ലോകത്തെമ്പാടുമുള്ള നഴ്സുമാർക്കും കേരളത്തിന്റ നന്ദിയും ആശംസയും അറിയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു
തിരുവനന്തപുരം: അന്താരാഷ്ട്രാ നഴ്സസ് ദിനത്തിൽ ലോകത്തെമ്പാടുമുള്ള നഴ്സുമാർക്ക് നന്ദിയും ആശംസയും അറിയിച്ച് കേരളം. ജീവൻ പണയപ്പെടുത്തിക്കൊണ്ട് കൊവിഡിനെതിരെ പോരാടുന്ന ലോകത്തെമ്പാടുമുള്ള നഴ്സുമാർക്കും കേരളത്തിന്റ നന്ദിയും ആശംസയും അറിയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിപ്പാ കാലത്ത് ജീവൻ വെടിഞ്ഞതടക്കം ഓർത്തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ..
വാക്കുകളിലേക്ക്...
ഇന്ന് അന്താരാഷ്ട്രാ നഴ്സസ് ദിനമാണ്. ജീവൻ പണയപ്പെടുത്തിക്കൊണ്ട് കൊവിഡിനെതിരെ പോരാടുന്ന ലോകത്തെമ്പാടുമുള്ള നഴ്സുമാർക്കും കേരളത്തിന്റ നന്ദിയും ആശംസയും അറിയിക്കുന്നു. ഇൻറർനാഷണൽ കൌൺസിൽ ഫോർ നഴ്സസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് 20 ലക്ഷത്തോളം നഴ്സുമാരാണ് ഈ കാലയളവിൽ കൊവിഡ് ബാധിതരായത്. മൂവായിരത്തിലധികം പേർ കൊവിഡ് മൂലം കൊല്ലപ്പെടുകയും ചെയ്തു. ഈ വെല്ലുവിളി മുന്നിലുണ്ടായിട്ടു കൂടി സമൂഹത്തിന്റെ ക്ഷേമത്തിനായി അവർ അക്ഷീണം പ്രയത്നിക്കുകയാണ്.
കേരളത്തിന്റെ കൊവിഡ് പ്രതിരോധം താരതമ്യേന മികച്ച രീതിയിൽ നടപ്പിലാക്കാൻ സാധിച്ചതിൽ ആ പ്രയത്നത്തിനുള്ള പങ്ക് നിസ്തുലമാണ്. നിപ്പ വൈറസിന്റെ ആക്രമണമുണ്ടായപ്പോൾ ലിനി എന്ന സഹോദരിക്ക് നൽകേണ്ടി വന്നത് സ്വന്തം ജീവനാണ്. ഈ നാടിനായി നഴ്സുമാർ സഹിക്കുന്ന ത്യാഗങ്ങൾക്ക് നമുക്ക് നന്ദി പറയാം. സമൂഹം എന്ന നിലയിൽ നഴ്സുമാർക്ക് കൂടുതൽ പിന്തുണ ഏവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. അത് നമുക്ക് ഉറപ്പിക്കാം.
അന്താരാഷ്ട്രാ നഴ്സസ് ദിനത്തിന്റെ സന്തേശം 'എ വിഷൻ ഫോർ ഫ്യുച്ചർ ഹെൽത്ത് കെയർ'- എന്നതാണ്. കൊവിഡ് മഹാമാരി ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ആരോഗ്യ സംവിധാനങ്ങളുടെയും നയങ്ങളുടെയും ശക്തിയും ദൌർഭല്യവും വെളിപ്പെടുത്തിക്കഴിഞ്ഞു. അക്കാര്യത്തിൽ വികസിത രാജ്യങ്ങളെന്നോ വികസ്വര രാജ്യങ്ങളെന്നോ ഇല്ല. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഏറ്റവും നല്ല ചികിത്സ നൽകാനും അതിനുള്ള നയങ്ങളും മറ്റു രൂപികരിക്കാനുമുള്ള ശ്രമത്തിലാണ എല്ലാവരെയും പോലെ കേരളവും. അതിനായി ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താൻ സമൂഹത്തിൽ ചർച്ചകൾ ഉയരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
