Asianet News MalayalamAsianet News Malayalam

'ശ്രുതിയോടൊപ്പം ഈ നാട് തന്നെയുണ്ട്, വെല്ലുവിളികൾ അതിജീവിക്കാൻ ശ്രുതിയ്ക്കാവട്ടെ'; മുഖ്യമന്ത്രി പിണറായി വിജയൻ

ശ്രുതിയുടെയും ജെൻസന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെയെന്നും ഫേസ്ബുക്കിൽ മുഖ്യമന്ത്രി കുറിച്ചു. 

Chief Minister Pinarayi about jenson's death may Shruti overcome the challenges in life
Author
First Published Sep 11, 2024, 11:09 PM IST | Last Updated Sep 11, 2024, 11:16 PM IST

തിരുവനന്തപുരം: ‌‌ശ്രുതിയോടൊപ്പം ഈ നാട് തന്നെയുണ്ടെന്നും വെല്ലുവിളികൾ അതിജീവിക്കാൻ ശ്രുതിയ്ക്കാവട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവർ ഇല്ലാതായ ചൂരൽമല സ്വദേശി ശ്രുതിക്ക് വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനേയും നഷ്ടമായെന്ന വാർത്ത ഏറെ വേദനാജനകമാണ്. ശ്രുതിയുടെയും ജെൻസന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെയെന്നും ഫേസ്ബുക്കിൽ മുഖ്യമന്ത്രി കുറിച്ചു. 

ദുരന്തമുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോൾ നൽകാൻ സാധിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്നലെ വൈകുന്നേരമാണ് ജെൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. കോഴിക്കോട് ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കൂട്ടിയിടിയുടെ ആഘാതത്തില്‍ വാനിന്‍റെ മുന്‍ഭാഗം തകർന്നു. ‌വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്ന കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെൻസന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു. ജെൻസണുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തം. ഒറ്റക്കായി പോയ ശ്രുതിയെ ജെൻസണ്‍ കൈപിടിച്ച് ഒപ്പം ചേർത്ത് നിർത്തുകയായിരുന്നു. ഉരുള്‍പ്പൊട്ടലിനെ അതിജീവിച്ച് തിരിച്ചുവരുമ്പോഴാണ് വീണ്ടും ഒരു ദുരന്തത്തെ കൂടി ശ്രുതിയ്ക്ക് നേരിടേണ്ടി വരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവർ ഇല്ലാതായ ചൂരൽമല സ്വദേശി ശ്രുതിക്ക് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനേയും നഷ്ടമായിരിക്കുന്നുവെന്ന വാർത്ത ഏറെ വേദനാജനകമാണ്. ഇന്നലെ കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന ശ്രുതിയും ബന്ധുക്കളും പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ തന്റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്‌ടമായ ശ്രുതിക്ക് ഇപ്പോൾ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമായ കാര്യമാണ്. ദുരന്തമുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോൾ നൽകാൻ സാധിക്കുക. ശ്രുതിയുടെയും ജെൻസന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെ.

ഒടുവില്‍ ജെന്‍സണും യാത്രയായി; കുടുംബത്തിലെ ആ ഒമ്പത് പേര്‍ക്ക് പിന്നാലെ കൈപിടിച്ചവനും യാത്രയായി

https://www.youtube.com/watch?v=Ko18SgceYX8

 

Latest Videos
Follow Us:
Download App:
  • android
  • ios