അന്തരിച്ച കമ്യൂണിസ്റ്റ് നേതാവും മാധ്യമപ്രവർത്തകനുമായ  ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.  സാർവ്വദേശീയതലത്തിൽ പ്രവർത്തിച്ച മുതിർന്ന പത്രപ്രവർത്തകനും കമ്മ്യൂണിറ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനുമായിരുന്ന ബെർലിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നതായി മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.

തിരുവനന്തപുരം: അന്തരിച്ച കമ്യൂണിസ്റ്റ് നേതാവും മാധ്യമപ്രവർത്തകനുമായ ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. സാർവ്വദേശീയതലത്തിൽ പ്രവർത്തിച്ച മുതിർന്ന പത്രപ്രവർത്തകനും കമ്മ്യൂണിറ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനുമായിരുന്ന ബെർലിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നതായി മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു. കിഴക്കൻ ജർമ്മനിയുടെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും വിശേഷങ്ങൾ ലോകത്തെ അറിയിക്കാൻ പതിറ്റാണ്ടുകൾ ചെലവഴിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കണ്ണൂര്‍ നാറാത്തെ വീട്ടിൽ വച്ചായിരുന്നു ബെർലിന്റെ അന്ത്യം. 97 വയസ്സായിരുന്നു. ഇഎംഎസ്സിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വീട്ടിൽ വിശ്രമത്തിലായിരുന്നു ഇദ്ദേഹം. 1926 നവംബർ 26 ന് കണ്ണൂര്‍ കോളങ്കടയിലാണ് കുഞ്ഞനന്തൻ നായരുടെ ജനനം. പുതിയ വീട്ടിൽ അനന്തൻ നായര്‍, ശ്രീദേവി അമ്മ എന്നിവരായിരുന്നു മാതാപിതാക്കൾ. രാജവാഴ്ചകാലത്ത് ചിറക്കൽ തമ്പുരാന്റെ വ്യവഹാര കാര്യസ്ഥനായിരുന്നു അദ്ദേഹത്തിൻ്റെ പിതാവ്. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയർ എലിമെന്ററി സ്കൂളിലും, പിന്നീട് കണ്ണൂർ ടൗൺ മിഡിൽ സ്കൂളിലും,ചിറക്കൽ രാജാസിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. രാജാസ് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയിരുന്നു.

പി.കൃഷ്ണപിള്ളയാണ് ബെര്‍ലിൻ്റെ രാഷ്ട്രീയ ഗുരു. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകരിച്ച ബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് സ്കൂൾ വിദ്യാർത്ഥിയായിരുന്ന ബെര്‍ലിൻ കുഞ്ഞനന്തൻ നായരെ കൃഷ്ണപിള്ള നിയോഗിച്ചതാണ് അദ്ദേഹത്തിൻ്റെ രാഷ്ട്രീയജീവിതത്തിൻ്റെ തുടക്കം. 1943ൽ ബോംബെയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിൽ ബാലസംഘത്തെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിക്കുപ്പോൾ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ബഹുമതി 17 വയസ്സുള്ള കുഞ്ഞനന്തനായിരുന്നു.1942 ലാണ് പാർട്ടി അംഗത്വം ലഭിക്കുന്നത്.

Read more: സിപിഐ ഒന്നാം പാർട്ടി കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി, പിളർന്നപ്പോൾ സിപിഎമ്മിൽ, പിന്നീട് പുറത്ത്

ബെര്‍ലിനിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം സിപിഎമ്മിൻ്റെ പ്രാദേശിക ഘടകങ്ങളിൽ സജീവമായി പ്രവര്‍ത്തിച്ചു. എന്നാൽ കഴിഞ്ഞ പതിറ്റാണ്ടുകളിൽ സിപിഎമ്മിൻ്റെ നയവ്യതിയാനങ്ങളെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചതോടെ പാര്‍ട്ടി നേതൃത്വവുമായി ബെര്‍ലിൻ കുഞ്ഞനന്തൻ നായര്‍ അകന്നു. 2005-ൽ പാർട്ടി ഘടകമായ നാറാത്ത് ബ്രാഞ്ച് കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളുടെയും എതിർപ്പ് മറികടന്ന് ലോക്കൽ കമ്മിറ്റി തീരുമാനപ്രകാരം കുഞ്ഞനന്തനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. 

Read more: ബെ‍ര്‍ലിൻ കുഞ്ഞനന്തൻ നായര്‍ അന്തരിച്ചു

 പാര്‍ട്ടി നേതൃത്വത്തെ എതിര്‍ക്കുമ്പോൾ തന്നെ വിഎസ് അച്യുതാനന്ദനുമായി അദ്ദേഹം അടുപ്പം പുലര്‍ത്തി. സിപിഎമ്മിൽ നേരത്തെയുണ്ടായിരുന്ന വിഭാഗീയതയുടെ ഭാഗമായി ഈ ബന്ധം കൂട്ടിവായിക്കപ്പെടുകയും വിവാദങ്ങളിലേക്ക് നീങ്ങുകയും ചെയ്തു. പാര്‍ട്ടി തള്ളിപ്പറഞ്ഞ കാലത്ത് വി.എസ്. അച്യുതാനന്ദൻ ബെര്‍ലിനെ വീട്ടിലെത്തി സന്ദർശിച്ചത് പാർട്ടിക്കകത്ത് വിവാദങ്ങൾക്കു കാരണമായിരുന്നു. എം എൻ വിജയനെപ്പോലെ ഒരു കാലത്ത് പാര്‍ട്ടിയുടെ ആശയമുഖമായി ജീവിക്കുകയും പിന്നീട് പാര്‍ട്ടിക്ക് അനഭിമതനാവുകയും ചെയ്ത ആളായിരുന്നു ബെര്‍ലിൻ. പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ആൾ എന്നാണ് ചില മുതിർന്ന നേതാക്കൾ ഒരു ഘട്ടത്തിൽ ബെര്‍ലിനെ വിശേഷിപ്പിച്ചത്.