Asianet News MalayalamAsianet News Malayalam

ഇന്ന് 141 കൊവിഡ് കേസുകള്‍; നൂറ് കടക്കുന്നത് തുടര്‍ച്ചയായ അഞ്ചാം ദിവസം

രോഗലക്ഷണങ്ങളില്ലാത്ത കേസുകൾ പലയിടത്തുമുണ്ട്. വിദഗ്ധർ പറയുന്നത് അതിൽ വലിയ ആശങ്ക വേണ്ടെന്നാണ്. കൊവിഡിന്‍റെ കാര്യത്തിൽ 60% കേസുകളിലും രോഗലക്ഷണങ്ങൾ വളരെ ലഘുവോ അപ്രത്യക്ഷമോ ആണ്. 20% മിതമായ ലക്ഷണങ്ങളോടെയാണ്. തീവ്രലക്ഷണം ബാക്കി 20% രോഗികളിലാണ്.

chief minister pinarayi vijayan detailing current covid situation of kerala
Author
Trivandrum, First Published Jun 23, 2020, 6:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 141  പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം 100 കടക്കുന്നത്. രോഗമുക്തി നേടിയത് 60  പേരാണ്.  

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഇന്നൊരു മരണവുമുണ്ടായി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സ്ഥിതി രൂക്ഷമാകുന്നു എന്ന് കാണണം. രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ട്. ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്. ഇന്നത്തെ രോഗം ബാധിച്ചവരിൽ 79 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 52 പേർ. സമ്പർക്കം വഴി ഒന്‍പത് പേർ. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുണ്ട്.

ജില്ലകളുടെ കണക്ക്: പത്തനംതിട്ട, ആലപ്പുഴ - 27 വീതം. ആലപ്പുഴ 19, തൃശ്ശൂർ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട് കണ്ണൂർ 6 വീതം, തിരുവനന്തപുരം കൊല്ലം 4 വീതം വയനാട് 2.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ കണക്ക്: ദില്ലി 16 തമിഴ്നാട് 14 മഹാരാഷ്ട്ര 9 പശ്ചിമബംഗാൾ ഉത്തർപ്രദേശ് കർണാടക ഹരിയാന ആന്ധ്ര 2 വീതം മധ്യപ്രദേശ് മേഘാലയ ഹിമാചൽ 1 വീതം.

നെഗറ്റീവായത്: മലപ്പുറം 15, കോട്ടയം 12, തൃശ്ശൂർ 10, എറണാകുളം 6, പത്തനംതിട്ട 6, കൊല്ലം 4, തിരുവനന്തപുരം, വയനാട് 3, കണ്ണൂർ 1.

4473 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതുവരെ 3451 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ ചികിത്സയിൽ 1620 പേരാണ്. 1,50,196 പേരാണ് നിരീക്ഷണത്തിലുള്ളത്. 2206 ആശുപത്രികളിൽ. ഇന്ന് 275 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 1,46,649 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 3061 സാമ്പിളുകളുടെ ഫലം വരാനുണ്ട്. 

ഇതുവരെ സെന്‍റിനൽ സർവൈലൻസിന്‍റെ ഭാഗമായി 39,518 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 38,581 നെഗറ്റീവായി. ഹോട്ട്സ്പോട്ടുകൾ 111 ആയി. നൂറിൽ കൂടുതൽ രോഗികൾ ചികിത്സയിലുള്ളത് മലപ്പുറം 201, പാലക്കാട് 154, കൊല്ലം 150, എറണാകുളം 127, പത്തനംതിട്ട 126, കണ്ണൂർ 120, തൃശ്ശൂർ 114, കോഴിക്കോട് 107, കാസർകോട് 102 ജില്ലകളിലാണ്.

മെയ് 4-ന് ശേഷം റിപ്പോർട്ട് ചെയ്ത 2811 കേസുകളിൽ 2545 പേർ മറ്റ് രാജ്യങ്ങളിൽ നിന്നോ സംസ്ഥാനങ്ങളിൽ നിന്നോ വന്നവരാണ്. ജൂൺ 15 മുതൽ 22 വരെയുള്ള വിവരങ്ങൾ നോക്കിയാൽ ആകെ രോഗികളിൽ 95% പേരും പുറത്തുനിന്ന് വന്നതാണ്. തിരുവനന്തപുരത്ത് 8 പേർക്ക് സമ്പർക്കത്തിലൂടെ രോഗം വന്നു. കാസർകോട്, കോഴിക്കോട് ജില്ലകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആർക്കും സമ്പർക്കത്തിലൂടെ രോഗം വന്നിട്ടില്ല. 

രോഗലക്ഷണങ്ങളില്ലാത്ത കേസുകൾ പലയിടത്തുമുണ്ട്. വിദഗ്ധർ പറയുന്നത് അതിൽ വലിയ ആശങ്ക വേണ്ടെന്നാണ്. കൊവിഡിന്‍റെ കാര്യത്തിൽ 60% കേസുകളിലും രോഗലക്ഷണങ്ങൾ വളരെ ലഘുവോ അപ്രത്യക്ഷമോ ആണ്. 20% മിതമായ ലക്ഷണങ്ങളോടെയാണ്. തീവ്രലക്ഷണം ബാക്കി 20% രോഗികളിലാണ്. ഇതിൽ 5% പേരെ ഐസിയുവിലാക്കേണ്ടി വരും. 

രോഗലക്ഷണങ്ങൾ പുറത്ത് കാണാത്തവരിൽ വലിയ രോഗപ്പകർച്ചയ്ക്ക് സാധ്യതയില്ലെന്ന് പറയുന്നു. നമ്മൾ വീടിന് പുറത്തിറങ്ങുമ്പോഴാണ് മാസ്ക് ധരിക്കുന്നത്. വീടുകളിൽ സാധാരണ പോലെയാണ്. വൈറസ് ബാധിച്ച്, രോഗലക്ഷണമില്ലാതെ വീട്ടിലേക്ക് വന്നാൽ അവർ പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പകർത്തിയേക്കാം. പൊതുസ്ഥലങ്ങളിലെ കരുതൽ വീട്ടിനകത്തും കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും വേണം. 

അതിൽ ഏറ്റവും പ്രധാനം വൃദ്ധരും കുഞ്ഞുങ്ങളുമായി ഇടപെടുമ്പോഴാണ്. ആരും രോഗബാധിതരായേക്കാം എന്ന ധാരണ വേണം. ഇതിനേക്കാൾ ഗൗരതവതരമായ പ്രശ്നം ഉറവിടം കണ്ടെത്താൻ പറ്റാത്തതാണ്. ഇത് സമൂഹവ്യാപനത്തിലേക്കുള്ള സൂചനയാണ്. ഇന്ത്യ മൊത്തമായി എടുത്താൽ ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ 40%-ത്തിൽ അധികമാണ്. കേരളത്തിലിത് 2 ശതമാനത്തിലും താഴെയാണ്. 98% കേസുകളിലും സോഴ്സ് കണ്ടെത്താനായി.

ഉറവിടം കണ്ടെത്താനായില്ലെങ്കിൽ കൃത്യമായ ഇന്‍റര്‍വെന്‍ഷന്‍ പ്രോട്ടോക്കോള്‍ നമ്മൾ പാലിക്കുന്നു. ക്ലസ്റ്ററുകൾ രൂപീകരിക്കുകയും സമൂഹവ്യാപനത്തിന് കാരണമായോ എന്നന്വേഷിക്കുകയും ചെയ്യുന്നു. അത്തരം പ്രദേശങ്ങൾ കണ്ടെയ്ൻമെന്‍റ് സോണുകളായി സുരക്ഷാനടപടികൾ സ്വീകരിക്കുന്നു. അങ്ങനെ സമൂഹവ്യാപനം സംഭവിക്കുന്നത് തടയാൻ കഴിഞ്ഞു.

അതിനർത്ഥം സമൂഹവ്യാപനഭീഷണി ഒഴിഞ്ഞുപോയി എന്നല്ല. നാം കാണേണ്ടത്, ഇവിടെ നിസ്സഹായരായി നിൽക്കാനാകില്ല. വ്യാപനത്തോത് തടയാൻ സാധ്യമായ എല്ലാ വഴികളും തേടുകയാണ്. അതിന്‍റെ ഭാഗമായാണ് വിദേശത്ത് നിന്ന് വരുന്ന ആളുകളെ ടെസ്റ്റ് നടത്തി, രോഗികളെയും അല്ലാത്തവരെയും വേർതിരിച്ച് കൊണ്ടുവരണമെന്ന് പറഞ്ഞത്. പ്രധാനമന്ത്രിക്ക് ഉൾപ്പടെ കത്തും നൽകി. 

അതിന്‍റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ യാത്രികരെ ടെസ്റ്റ് ചെയ്യാൻ വിദേശമന്ത്രാലയം വിവിധ രാജ്യങ്ങളിലെ വിവിധ മിഷനുകളുമായി ബന്ധപ്പെട്ടിരുന്നു. ഈ വിവരം ഇവിടെ അറിയിച്ചിട്ടുണ്ട്. യുഎഇ റാപ്പിഡ് ആന്‍റിബോഡ‍ി ടെസ്റ്റ് നടത്തുന്നു. ഖത്തറിൽ ഒരു പ്രത്യേക ആപ്പ് ഉപയോഗിക്കുന്നുണ്ട്. കുവൈറ്റിൽ രണ്ട് ടെർമിനലുകളിൽ മാത്രമാണ് ഇപ്പോൾ ടെസ്റ്റുള്ളത്. ഇത് കൂടുതൽ ടെർമിനലുകളിലേക്ക് വ്യാപിപ്പിക്കാനാകും എന്നാണ് അറിയിപ്പ്. ടെസ്റ്റൊന്നിന് ഏതാണ്ട് 1000 രൂപയാണ് ചെലവ് വരിക. ഒമാനിൽ ആർടിപിസിആർ ടെസ്റ്റ് മാത്രമേ ഉള്ളൂ. സ്വകാര്യആശുപത്രികളെ എംബസി സമീപിച്ചു. എന്നാൽ ജൂൺ 25-ന് ഇത് പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് അറിയിപ്പ്.

സൗദിയിലും റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റ് ചില സ്വകാര്യ ആശുപത്രികൾ നടത്തുന്നു. ഇത് സർക്കാർ അംഗീകരിച്ചിട്ടില്ല. ബഹ്റിനിൽ ഇതിന് പ്രയാസമുണ്ടെന്നാണ് അറിയിപ്പ് ലഭിച്ചത്. വരുന്ന ആളുകളുടെ സുരക്ഷയിൽ നമുക്ക് വിട്ടുവീഴ്ച ചെയ്യാനാകില്ല. തിരിച്ച് വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും നാട്ടിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജൂൺ 25 മുതൽ ചാർട്ടേഡ്, സ്വകാര്യഫ്ലൈറ്റുകളിലും വരുമ്പോൾ ടെസ്റ്റ് വേണം. ഈ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് പ്രയാസമില്ലാത്ത രീതിയിൽ എന്ത് ചെയ്യാനാകും എന്ന് കേന്ദ്രസർക്കാരുമായി ആലോചിക്കുന്നു. ഇതിൽ ഉടനെ തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ.

സംസ്ഥാനത്ത് ഇതുവരെ റുട്ടീൻ സാംപിൾ, ഓഗ്‍മെന്‍റഡ്, സെന്‍റിനൽ, പൂൾഡ് സെന്‍റിനൽ, സിബിനാറ്റ്, ട്രൂനാറ്റ് എന്നീ രീതികൾ വഴി 1,92,000 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. ഇതിന്‍റെ തോത് കൂട്ടാനാണ് ആലോചന. പരിശോധനാകേന്ദ്രങ്ങളുടെ എണ്ണവും കൂട്ടും. രോഗലക്ഷണമില്ലാത്തവരെ പരിശോധിച്ച് വ്യാപനം തടയണം.

കൂടുതൽ വിമാനങ്ങൾ എത്തുമ്പോൾ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് കൂടുതലാളുകളെ നിയോഗിക്കും. സീനിയർ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഏകോപനച്ചുമതല നൽകും. തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുതലാണ്. ഇവിടെ കർക്കശമായ നിയന്ത്രണം സ്വീകരിക്കും. തിരുവനന്തപുരത്ത് സർക്കാർ ഓഫീസുകൾ കൂടുതലായതിനാൽ നിരത്തുകൾ തിരക്കുണ്ട്. മാർക്കറ്റുകളിലും മാളുകളിലും സാധാരണപോലെ ആൾക്കൂട്ടമുണ്ടാകുന്നു. കൊവിഡ് ബാധിച്ച് അഭിനയിക്കാൻ പോയവരും ഇക്കൂട്ടത്തിലുണ്ട്.

ഇതൊക്കെ നാമറിയാതെ നമുക്ക് ചുറ്റും രോഗം സഞ്ചരിക്കുന്നു എന്നതിന്‍റെ തെളിവാണ്. നഗരത്തിൽ ശക്തമായ നിയന്ത്രണം വരും. ഓഫീസുകളിലെ പൊതുസന്ദർശനം ഒഴിവാക്കണം. രോഗം ബാധിക്കാതിരിക്കാൻ ഏറ്റവും ശ്രദ്ധ വേണ്ടത് അവരവരുടെ ഭാഗത്ത് നിന്ന് തന്നെയാണ്. പ്രതിരോധമാണ് പ്രധാനം. ബ്രേക്ക് ദ ചെയ്ൻ എന്നാൽ നിയന്ത്രണത്തിന്‍റെ ചങ്ങല പൊട്ടിക്കുക എന്നല്ല അർത്ഥം. ആരോഗ്യപ്രവർത്തകരുടെ ക്ഷാമമില്ലാതിരിക്കാൻ നടപടിയെടുക്കും. അവസാനവർഷ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ക്ലിനിക്കൽ പോസ്റ്റിംഗ് കൊടുക്കും. ലോക്ക്ഡൗൺ ഇളവിൽ ബ്യൂട്ടി പാർലറുകൾ തുറന്നിട്ടുണ്ട്. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പല സ്ഥാപനങ്ങളും പാലിക്കുന്നില്ല. കർശനനടപടിയുണ്ടാകും. ഇളവ് തുടരണോ എന്ന് തന്നെ ആലോചിക്കേണ്ടി വരും. 

ലോക്ക്ഡൗണിൽ ഇളവ് നൽകുന്നത് രോഗം ഇവിടന്ന് പോയി എന്നല്ല അർത്ഥമാക്കുന്നത്. ബസ്സുകളിലും മറ്റ് വാഹനങ്ങളിലും ശാരീരികാകലം പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകും. തീരങ്ങളിൽ കടലാക്രമണം വലിയ പ്രതിസന്ധിയുണ്ടാക്കി. തീരസംരക്ഷണത്തിന് 408 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. കിഫ്ബി വഴി 396 കോടി, ഫിഷറീസ് വഴി 82 കോടി, ജലവിഭവവകുപ്പ് വഴി 6 കോടി എന്നിങ്ങനെയാണ് തുക. കൊവിഡ് പശ്ചാത്തലത്തിൽ ടെണ്ടർ വിളിച്ച് കരാർ വച്ച പദ്ധതികൾ അടക്കം വൈകുകയാണ്. ഇതിനാൽ മൺസൂൺ കാലത്തെ തീരദേശ സംരക്ഷണത്തിന് അടിയന്തര ഇടപെടലിനായി 10 ജില്ലകളിലെ കളക്ടർമാർക്ക് 2 കോടി വീതം അനുവദിക്കും.

കൊവിഡ് പ്രതിസന്ധിക്ക് ഇടയിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഇടപെടുന്നു. നിരവധി പദ്ധതികൾ ഇതിനോടകം നടപ്പാക്കി. അംഗനവാടി കുട്ടികൾക്ക് പോഷകാഹാരം വീട്ടിലെത്തിച്ച് നൽകി. ലോക്ക്ഡൗണിൽ റേഷൻ കടകളിലൂടെ ഭക്ഷ്യവിതരണം ഉറപ്പാക്കാനായി. കടകളിൽ വരാൻ ബുദ്ധിമുട്ടുള്ളവർക്ക് വീടുകളിൽ ഭക്ഷ്യവസ്തുക്കളെത്തിച്ചു. സൗജന്യകിറ്റുകളും നൽകി. 

ഇതിന്‍റെ തുടർച്ചയായി ഉച്ചഭക്ഷണ പദ്ധതിയിൽപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യകിറ്റും നൽകും. പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഭക്ഷ്യകിറ്റ് നൽകും. അരി, ചെറുപയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര, കറിപൗഡറുകൾ, ആട്ട, ഉപ്പ് ഇത്തരത്തിൽ ഒമ്പതിനങ്ങളാണ് ഉണ്ടാകുക. സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലെ 26 ലക്ഷം വിദ്യാർത്ഥികൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. 81 കോടി 37 ലക്ഷം രൂപ ഇതിനായി വകയിരുത്തി. ജൂലൈ ആദ്യവാരത്തോടെ കിറ്റുകൾ വിതരണം ചെയ്യും. 

ഓൺലൈൻ വിദ്യാഭ്യാസത്തിന് സാങ്കേതികസൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് സ്റ്റുഡന്‍റ് പൊലീസ് പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലുമായി 1311 ടിവിയും 123 സ്മാർട്ട് ഫോണുകളും വിതരണം ചെയ്തു. 48 ലാപ്ടോപ്പുകളുടെയും 146 കേബിൾ കണക്ഷനും നൽകി. ഏറ്റവും കൂടുതൽ ടിവി വിതരണം ചെയ്തത് കണ്ണൂരിലാണ്. 176 ആണ്. ഏറ്റവും കൂടുതൽ സ്മാർട്ട്ഫോൺ നൽകിയത് കൊച്ചി സിറ്റിയിലാണ്. 46 എണ്ണം. കൊവിഡ് പ്രതിരോധത്തിന് പൊലീസ് വളണ്ടിയർമാരുടെ സംഭാവന മാനിച്ച് അവരെ ആദരിക്കും. അപ്രീസിയേഷൻ സർട്ടിഫിക്കറ്റും നൽകും. റോപ്പ് - റോട്ടറി പൊലീസ് എൻഗേജ്മെന്‍റ് എന്ന പദ്ധതിയുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർക്ക് ജാക്കറ്റ് നൽകുന്നതാണ്. 

 

 

Follow Us:
Download App:
  • android
  • ios