റിപ്പോര്‍ട്ട് വൈകുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം:തൃശൂര്‍ പൂരം സംബന്ധിച്ച് നല്ല രീതിയിൽ തന്നെ പരിശോധന നടത്താൻ നേരത്തെ ചുമതലപ്പെടുത്തിയതാണ്. അത് നടക്കുന്നുണ്ട്. വസ്തുതകള്‍ക്ക് അനുസരിച്ചുള്ള റിപ്പോര്‍ട്ട് അല്ല വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കിയത്. അതിനാലാണ് പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ക്കെതിരെ നടപടിയെടുത്തത്. വിവരാവകാശ ഓഫീസറായ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തി. അന്വേഷണം നേരത്തെ പൂര്‍ത്തിയാക്കേണ്ടതായിരുന്നു.എന്നാല്‍, കഴിഞ്ഞയാഴ്ച കുറച്ചു കൂടി സമയം വേണമെന്ന കത്ത് ലഭിച്ചു. തുടര്‍ന്ന് 24ന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ടു. 

ആ റിപ്പോര്‍ട്ട് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ട് വൈകുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതെന്ന് സ്വഭാവികമായും അന്വേഷിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ ഇതുവരെ മാറ്റിയിട്ടില്ല. അദ്ദേഹം തന്നെ അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. എഡിജിപി എംആര്‍ അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ വിവാദങ്ങള്‍ക്കിടെ ആരോപണ വിധേയനായ എംആര്‍ അജിത്ത് കുമാര്‍ തന്നെ തൃശൂര്‍ പൂരം കലക്കൽ അന്വേഷിക്കുന്നതിലൂടെ വസ്തുത പുറത്തുവരുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്ന മറുപടി മുഖ്യമന്ത്രി നല്‍കിയത്.

അതേസമയം, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ തൃശൂര്‍ പൂരം വിവാദത്തിൽ സിപിഐ നേതാവ് വിഎസ് സുനിൽകുമാറും പ്രതികരിച്ചു. മുഖ്യമന്ത്രി ഇപ്പോള്‍ പറഞ്ഞ കാര്യം മുഖവിലക്കെടുക്കുകയെന്നതാണ് ഏറ്റവും പക്വമായ നിലപാടെന്നും 24 നു മുമ്പ് റിപ്പോർട്ട് നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയാൽ അതിനെ വിശ്വസിക്കാനേ പറ്റുകയുള്ളുവെന്നും വിഎസ് സുനിൽ കുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രി പറയുന്നതാണല്ലോ നമ്മൾ വിശ്വസിക്കേണ്ടത്. ഞാൻ കൊടുത്ത നിവേദനം മുഖ്യമന്ത്രി ഗൗരവത്തിൽ എടുത്തു. റിപ്പോർട്ട് സമർപ്പിക്കണമെന്ന് കർശനമായ നിർദ്ദേശം മുഖ്യമന്ത്രി കൊടുത്തു എന്നാണ് മനസിലാക്കുന്നത്. മുഖ്യമന്ത്രി വാക്കിൽ പൂർണ്ണ വിശ്വാസമുണ്ട്. നീണ്ടുപോയി എന്നുള്ള കാര്യത്തിൽ ഇപ്പോൾ പ്രസക്തിയില്ല. മുഖ്യമന്ത്രിയുടെ ഡേറ്റ് പറഞ്ഞതിന് പിന്നാലെ മറ്റൊരു വിവാദം ഉണ്ടാക്കേണ്ടതില്ല. അഞ്ചു മാസം വൈകിയെന്നുള്ളതൊക്കെ നമ്മൾ ചർച്ച ചെയ്ത കാര്യങ്ങളാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് നമ്മൾ കൊടുത്ത നിവേദനം മുഖ്യമന്ത്രി ഗൗരവത്തിൽ എടുത്തതെന്നും വിഎസ് സുനിൽകുമാര്‍ പറഞ്ഞു.

അജിത്തിനെ കൈവിടാതെ മുഖ്യമന്ത്രി; എഡിജിപിയെ തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം മാത്രം

ഷിരൂരിൽ ഇത് അവസാനത്തെ ശ്രമം, മൂന്നാംഘട്ട തെരച്ചിൽ ആരംഭിച്ചു, ഇരുമ്പ് റിങ് കണ്ടെത്തി; നാളെ വിശദമായ തെരച്ചിൽ

Asianet News Live | Kaviyoor Ponnamma | Mission Arjun | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്