Asianet News MalayalamAsianet News Malayalam

'ബിഷപ്പിന്റെ പരാമർശം നിർഭാഗ്യകരം, വിവാദം സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു' കണക്കുനിരത്തി മുഖ്യമന്ത്രി

നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ വീണ്ടും പാല ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ ബിഷപ്പിന്റെ പരാമർശം  നിർഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി, അതിലൂടെ നിർഭാഗ്യകരമായ വിവാദവും ഉയർന്നുവന്നുവെന്നും പറഞ്ഞു

Chief Minister Pinarayi Vijayan rejects reference to narcotics jihad Of the Bishop of Pala
Author
Kerala, First Published Sep 22, 2021, 7:06 PM IST

തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് (narcotics jihad) പരാമർശത്തിൽ വീണ്ടും പാല ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan) പാലാ ബിഷപ്പിന്റെ പരാമർശം  നിർഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി, അതിലൂടെ നിർഭാഗ്യകരമായ വിവാദവും ഉയർന്നുവന്നുവെന്നും പറഞ്ഞു.. അത്യന്തം നിർഭാഗ്യകരമായ രീതിയിൽ വിവാദം സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ വലിയ തോതിൽ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ വാക്കുകൾ...

ലൗ ജിഹാദും, നാർകോടിക് ജിഹാദുമാണ് ചർച്ച. പ്രണയവും മയക്കുമരുന്നുമൊക്കെ ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരിൽ വിവാദങ്ങൾക്ക് തീ കൊടുത്ത് നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തത്പര കക്ഷികളുടെ വ്യാമോഹം അങ്ങിനെ തന്നെ അവസാനിക്കും.

ചിലർ ഇപ്പോൾ പ്രചരിപ്പിക്കുന്ന കാര്യങ്ങൾക്ക് വസ്തുതയുടെ പിൻബലമില്ല. കേരളത്തിലെ മതപരിവർത്തനത്തിനും മയക്കുമരുന്ന് കേസുകളിലും ഉൾപ്പെട്ടവരുടെ വിവരങ്ങൾ വിലയിരുത്തിയാൽ ന്യൂനപക്ഷ മതങ്ങൾക്ക് പ്രത്യേക പങ്കില്ലെന്ന് മനസിലാകും. ഇതിനൊന്നിനും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയിൽ പെടുത്താൻ കഴിയുകയുമില്ല. ക്രിസ്തുമതത്തിൽ നിന്നും ആളുകളെ ഇസ്ലാം മതത്തിലേക്ക് കൂടുതലായി പരിവർത്തനം നടത്തുന്നുവെന്നത് അടിസ്ഥാന രഹിതമാണ്. 

നിർബന്ധിത മതപരിവർത്തനത്തിന് പരാതികൾ ലഭിച്ചിട്ടില്ല. കോട്ടയം സ്വദേശി അഖില, ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത മതപരിവർത്തനമാണെന്ന് ആരോപണം ഉയർന്നിരുന്നു. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും ആരോപണം വാസ്തവവിരുദ്ധമാണെന്നും പ്രായപൂർത്തിയും മതിയായ വിദ്യാഭ്യാസവുമുള്ള വ്യക്തി സ്വന്തം ഇഷ്ടപ്രകാരം നടത്തിയതാണെന്നും കണ്ടെത്തി.

2019 വരെ ഐഎസിൽ ചേർന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരിൽ 72 പേർ തൊഴിൽ പരമായ ആവശ്യത്തിന് വിദേശത്ത് പോയ ശേഷം അവിടെ നിന്ന് ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി ആ സംഘടനകളിൽ എത്തിപ്പെട്ടവരാണ്. കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകൻ പ്രജു ഒഴികെ മറ്റെല്ലാവരും മുസ്ലിം സമുദായത്തിൽ ജനിച്ചവരാണ്. 

28 പേർ ഐഎസ് ആശയത്തിൽ ആകൃഷ്ടരായി കേരളത്തിൽ നിന്ന് പോയവരാണ്. ഇവരിൽ അഞ്ച് പേരാണ് മറ്റ് മതങ്ങളിൽ നിന്ന് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തത്. തിരുവനന്തപുരം സ്വദേശി നിമിഷയെന്ന ഹിന്ദുമതത്തിലെ യുവതി പാലക്കാട് സ്വദേശി നെക്സൺ എന്ന ക്രിസ്ത്യൻ യുവാവിനെ വിവാഹം ചെയ്തു. ഇവർ വിവാഹത്തിന് ശേഷം ഇസ്ലാമിലേക്ക് പരിവർത്തനം നടത്തി ഐഎസിലേക്ക് പോവുകയായിരുന്നു.

സർക്കാർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്. 2018 മുതൽ സ്പെഷൽ ബ്രാഞ്ച് ഡീറാഡിക്കലൈസേഷൻ പരിപാടി നടത്തുന്നുണ്ട്. തെറ്റായ നിലപാടിൽ നിന്ന് പിന്തിരിപ്പിച്ച് സാധാരണ മനോനിലയിലെത്തിക്കാൻ ഇടപെടുന്നുണ്ട്. തീവ്ര നിലപാടുള്ള യുവാക്കളെ ഡീറാഡിക്കലൈസേഷനിലൂടെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവന്നു.

വിവിധ ജില്ലകളിലെ മഹല്ല് പുരോഹിതന്മാരെയും ഭാരവാഹികളെയും ഉൾപ്പെടുത്തി കൗണ്ടർ റാഡിക്കലൈസേഷൻ പരിപാടി നടത്തി. കുടുംബങ്ങളെയും ഇത്തരത്തിൽ സമീപിച്ചിട്ടുണ്ട്. ചിട്ടയായും ഫലപ്രാപ്തിയോടെയും നല്ല രീതിയിൽ തുടർന്ന പരിപാടികൾ 2020 മുതൽ നിർത്തിവെക്കേണ്ടി വന്നുകൊവിഡ് ശമിക്കുന്നതോടെ ഇത് പുനരാരംഭിക്കും. 

നാർകോടിക് ജിഹാദ് എന്ന പേരിൽ സംഘടിത ശ്രമം നടക്കുന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. 2020 ൽ രജിസ്റ്റർ ചെയ്ത എൻഡിപിഎസ് ആക്ട് പ്രകാരം 4941 കേസുകളാണ്. 5422 പേരാണ് പ്രതികൾ. അവരിൽ 2700 പേർ - 49.8 ശതമാനം - ഹിന്ദുമതത്തിൽ പെട്ടവരാണ്. 1869 പേർ ഇസ്ലാം മതത്തിൽ പെട്ടവരാണ്. 857 പേർ ക്രിസ്തുമതത്തിൽ പെട്ടവരാണ്.

അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം. നിർബന്ധിച്ച് മയക്കുമരുന്ന് നൽകിയതായോ അങ്ങിനെ മതപരിവർത്തനം നടത്തിയതായോ പരാതികളോ തെളിവുകളില്ല. സ്കൂൾ കോളേജ് തലത്തിൽ നാനാജാതി മതക്കാരുണ്ട്. അവരിലാരെങ്കിലും മയക്കുമരുന്ന് കണ്ണിയിൽ പെട്ടാൽ പ്രത്യേക മതത്തിന്റെ ആസൂത്രിത ശ്രമമാണെന്ന് പറയുന്നത് ബാലിശമാണ്.

വിദ്വേഷത്തിന്റെ വിത്തിടുന്നതാണ് അത്തരം പ്രസ്താവനകൾ. സമൂഹത്തിൽ ധ്രുവീകരണം ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുന്ന നിലപാട് എല്ലാ മതവിഭാഗങ്ങളിൽ നിന്നും ഉയർന്നിട്ടുണ്ട്. മതനിരപേക്ഷത ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത്. ഇനിയും അതുതന്നെ ചെയ്യും. തീവ്രനിലപാടുകാർക്ക് സ്ഥാനമില്ലാത്ത സമൂഹമാണ് നമ്മുടേത്. തെറ്റായ പ്രവണത നിയമപരമായി നേരിടും. 

ശരിയായ കാര്യം മനസിലാക്കി ഇടപെടാൻ സാമൂഹ്യസംഘടനകളും രാഷ്ട്രീയ പാർട്ടികളും തയ്യാറാകണം. കലക്കവെള്ളത്തിൽ നിന്നോ വെള്ളം കലക്കി മീൻ പിടിക്കാനോ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. സാമുദായിക സ്പർധയ്ക്ക് കാരണമാകും വിധം വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും പിന്തുണക്കുന്നവരെയും തുറന്നുകാട്ടാൻ എല്ലാവരും തയ്യാറാകണം.

പ്രതിപക്ഷ നേതാവ് പറഞ്ഞ പോലെ സർക്കാർ നിർധാക്ഷിണ്യം നിലപാട് സ്വീകരിക്കും. സർക്കാർ നോക്കിനിൽക്കില്ല. ആദ്യം ഓരോരുത്തരും അവരുടേതായ നിലപാട് സ്വീകരിക്കണം. അതിനുള്ള പൊതു അഭ്യർത്ഥന നടത്തണം. പ്രകോപനപരമായ നിലപാട് സ്വീകരിക്കുന്നവരെ പ്രോത്സാഹിപ്പിക്കരുത്. ഈ അവസരം ഉപയോഗിച്ച് കഴിയാവുന്നത്ര മറ്റ് ചില നില സ്വീകരിച്ച് പ്രത്യേക ലാഭം ഉണ്ടാക്കിക്കളയാമെന്ന് ചിന്തിക്കുന്നവരെ പൊതു സമൂഹം മനസിലാക്കും. അത്തരക്കാരിൽ വർഗീയ നിലപാടുള്ളവരുമുണ്ട്. അത്തരമാളുകളെയും ശക്തികളെയും നേതാക്കളെയും തിരിച്ചറിയാൻ കഴിയുന്ന സമൂഹമാണ് കേരളത്തിലേത്. ഇതിന്റെ ഭാഗമായി കൂടുതൽ പ്രകോപനപരമായ നിലയിലേക്ക് നാടിനെ എത്തിക്കാൻ ആരും ശ്രമിക്കരുത്.

പാലാ ബിഷപ്പിനെ മന്ത്രി വാസവൻ സന്ദർശിച്ചതിൽ വാസവൻ തന്നെ അതിന് വിശദീകരണം നൽകിയതാണ്. ഏതോ പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു. അതിൽ താൻ ഉണ്ടായിരുന്നില്ലെന്നും ബിഷപ്പ് ആവശ്യപ്പെട്ട പ്രകാരം കാണാൻ പോയതാണെന്നും വാസവൻ വിശദീകരിച്ചിട്ടുണ്ട്. നാർകോടിക് വിഷയത്തിൽ ബിഷപ്പിന് പിന്തുണ നൽകാനല്ല വാസവൻ പോയത്. ആ നിലപാടിനെ പിന്താങ്ങുന്ന സമീപനമല്ല സർക്കാരിനുള്ളത് എന്ന് മനസിലായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.

സർവകക്ഷിയോഗം കൊണ്ട് പ്രത്യേക ഫലമില്ല. ഇതിനെതിരെ അഭിപ്രായം എല്ലാവരും നാട്ടിൽ പ്രചരിപ്പിക്കുകയാണ് നല്ലത്. നാട്ടിൽ സർവകക്ഷിയോഗം സർക്കാർ വിളിക്കേണ്ടതായ സ്വാഭാവികമായ ഘട്ടമുണ്ട്. ഇവിടെ അതല്ല നില. ഇവിടെ സർവകക്ഷി യോഗത്തിലുള്ള ഏതെങ്കിലും കക്ഷിയുടെ ഭാഗത്ത് നിന്നല്ല. തെറ്റായ പരാമർശം പുറത്താണുള്ളത്. സർവകക്ഷി യോഗത്തിലൂടെ അതിന് പരിഹാരം കാണാനാവില്ല. പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണോയെന്ന് ഏതെങ്കിലും അധികാര കേന്ദ്രത്തിൽ നിന്ന് ആവശ്യപ്പെടേണ്ട വിഷയമല്ല. ഏതെങ്കിലും ഘട്ടത്തിൽ ഒരു നിലപാടെടുത്തു, സമൂഹം അതിൽ യോജിക്കുന്നില്ലെന്ന് കണ്ടാൽ നിലപാടെടുക്കേണ്ടത് വ്യക്തികളാണെന്നും  മുഖ്യമന്ത്ര് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

Follow Us:
Download App:
  • android
  • ios