Asianet News MalayalamAsianet News Malayalam

മരംമുറി വിവാദം; ഉദ്ദേശം കർഷകരെ സഹായിക്കല്‍, ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി

മുട്ടില്‍ മരംമുറി ഉത്തരവിന്‍റെ മറവില്‍ തെറ്റായ നീക്കം നടന്നെന്നും അവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

chief minister pinarayi vijayan response about muttil tree felling
Author
Thiruvananthapuram, First Published Jun 14, 2021, 7:48 PM IST

തിരുവനന്തപുരം: വിവാദായ മുട്ടില്‍ മരംമുറിയില്‍  ഉത്തരവ് നടപ്പാക്കുന്നതില്‍‌ വീഴ്ച വന്നിട്ടുണ്ടെന്നും ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവിന്‍റെ മറവില്‍ തെറ്റായ നീക്കം നടന്നെന്നും അവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

പട്ടയഭൂമിയിലെ മരം മുറിയുമായി ബന്ധപ്പെട്ട് 2017ല്‍ തന്നെ എടുത്ത നിലപാടിന്‍റെ തുടര്‍ച്ചയായാണ് മുട്ടില്‍ പ്രദേശത്ത്  മരം മുറിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചത്.  പട്ടയ ഭൂമിയില്‍‌ ഉടമകള്‍ നട്ടുവളര്‍ത്തിയ മരവും തനിയെ വളര്‍ന്നുവന്ന മരവും ഉണ്ട്. അവിടെ വളര്‍ന്ന മരങ്ങള്‍ മുറിക്കാന്‍ അനുവാദം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ചില മരങ്ങൾ രാജഗണത്തിൽ പെടുത്തിയിട്ടുണ്ട്. അവയ്ക്ക് ആവശ്യമായ അനുമതി വാങ്ങണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. അങ്ങനെയാണ് ഉത്തരവ് ഇറക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച ഉണ്ടായി. അതുകൊണ്ടാണ് വിശദീകരണം നൽകിയത്. വിശദീകരണത്തില്‍  ചില പോരായ്മകൾ നിയമവകുപ്പ് ചൂണ്ടിക്കാട്ടി. ആ വിശദീകരണം പിന്നീട് പിൻവലിച്ചു. മരം മുറിക്കാനുള്ള ഉത്തരവിന്‍റെ ഉദ്ദേശം വ്യക്തമായിരുന്നു. കർഷകരെ സഹായിക്കലായിരുന്നു ഉത്തരവുകൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ ചിലർ അതിനെ തെറ്റായി ഉപയോഗിച്ച് മരങ്ങൾ വല്ലാതെ മുറിച്ചു മാറ്റി. 

കുറ്റക്കാര്‍ക്കെതിരെ കർക്കശമായ നടപടി സ്വീകരിക്കും. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.  ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. മരം മുറിക്കലുമായി ബന്ധപ്പെട്ട് കൃഷിക്കാരുടെ പ്രശ്നം നിലനിൽക്കുന്നുണ്ട്. അത് ആലോചിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios