Asianet News MalayalamAsianet News Malayalam

കുട്ടികള്‍ക്കെതിരായ അക്രമ കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമത്തിനെതിരായി ജാഗ്രതയോടെയുള്ള ഇടപെടല്‍ അനിവാര്യമാണ്. വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തുന്നുണ്ട്

Chief Minister Pinarayi Vijayan says trial on cases of Atrocity against Children should be completed in one year
Author
Thiruvananthapuram, First Published Oct 28, 2021, 7:24 PM IST

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമത്തിനെതിരായി ജാഗ്രതയോടെയുള്ള ഇടപെടല്‍ അനിവാര്യമാണ്. വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തുന്നുണ്ട്. വനിതാ ശിശുക്ഷേമ വകുപ്പ്, പോലീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, കില, വനിതാ കമ്മീഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍ തുടങ്ങിയവയുടെ കീഴില്‍ ഏകോപനത്തോടെ പരിപാടികള്‍ നടപ്പാക്കും. ഈ വകുപ്പുകള്‍ ചേര്‍ന്ന് സമഗ്രമായ ജൻഡര്‍ സെന്‍സിറ്റൈസേഷന്‍ ക്യാമ്പയിന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളും കുട്ടികളും ഇരയാക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ തോത്, തീവ്രത, സാഹചര്യം എന്നിവ കൂട്ടായ പരിശ്രമങ്ങളിലൂടെ കണ്ടെത്തും. പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് ക്രൈം മാപ്പിംഗ് നടത്തും. ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ടൂള്‍ ഉപയോഗിച്ച് വിവരശേഖരണം നടത്തുകയും തദ്ദേശ സ്വയംഭരണ തലത്തില്‍ ക്രോഡീകരിച്ച് പരിഹാര മാര്‍ഗങ്ങള്‍ തേടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇരയാക്കപ്പെടുന്നവരുടെ വിവരങ്ങള്‍ ഒരു കാരണവശാലും പുറത്തുപോകാതെ സ്വകാര്യമായി സൂക്ഷിക്കണം. മാധ്യമ വാര്‍ത്തകളില്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ടവരെ തിരിച്ചറിയാന്‍ സഹായകരമായ സൂചനകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വനിതാ ശിശു വികസന വകുപ്പ് അംഗണവാടി പഠനസാമഗ്രികളുടെ ജന്റര്‍ ഓഡിറ്റ് നടത്തിയ മാതൃകയില്‍ മുഴുവന്‍ പാഠപുസ്തകങ്ങളും ജന്റര്‍ ഓഡിറ്റിംഗ് നടത്താന്‍ വിദ്യാകിരണം മിഷനെ ചുമതലപ്പെടുത്തി. യോഗത്തില്‍ മന്ത്രിമാരായ ഡോ ആര്‍ ബിന്ദു, വീണാ ജോര്‍ജ്ജ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ്, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Follow Us:
Download App:
  • android
  • ios