തിരുവനന്തപുരം: നേപ്പാളിലെ ദാമനിൽ ഹോട്ടൽ മുറിയിൽ മരിച്ച തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ചെങ്കോട്ടുകോണത്തെ പ്രവീണിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി അച്ഛൻ കൃഷ്ണൻ നായരെയും അമ്മ പ്രസന്നയെയും ആശ്വസിപ്പിച്ചു.

ഈ മാസം 21നായിരുന്നു നേപ്പാളിൽ വിനോദയാത്രയ്ക്ക് പോയ രണ്ട് മലയാളി കുടുംബങ്ങളെ ദാമനിലെ എവറസ്റ്റ് പനോരമ റിസോർട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ദുബായിൽ എൻജിനീയറായിരുന്ന പ്രവീൺ കൃഷ്ണൻ നായര്‍ (39), ഭാര്യ ശരണ്യ ശശി (34) ഇവരുടെ മക്കളായ ശ്രീഭദ്ര പ്രവീൺ (9), ആർച്ച പ്രവീൺ, അഭിനവ് ശരണ്യ നായർ, തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരനായിരുന്ന കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് പുനത്തിൽ രഞ്ജിത്ത് കുമാർ (39) ഭാര്യ ഇന്ദു ലക്ഷ്മി പീതാംബരൻ (34) ഇവരുടെ മകൻ വൈഷ്ണവ് രഞ്ജിത്ത് (2) എന്നിവരാണ് മരിച്ചത്.

രഞ്ജിത്തിന്റെ സഹപാഠികളായ മിലിറ്ററി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരുക്കിയ ഗെറ്റ് ടുഗദറിൽ പങ്കെടുത്ത ശേഷമാണ് സംഘം നേപ്പാളിലേക്ക് വിനോദയാത്ര പോയത്. മുറിക്കകത്തെ ഗ്യാസ് ഹീറ്റർ ലീക്കാവാം മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ ടീച്ചിങ് ആശുപത്രിയില്‍വച്ച് പോസ്റ്റുമോർട്ടം നടത്തിയതിനുശേഷം മൃതദേഹങ്ങൾ 23നാണ് കേരളത്തിലെത്തിച്ചത്.