2026 മാർച്ച് 31ലെ കിഫ്ബിയുടെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപയാണ്. ഇതിൽ 4,128 കോടി രൂപ സർക്കാരിന്റെ തന്നെ ട്രഷറി കോർപ്പസ് ഫണ്ട് ആണ്. ഇത് കിഴിച്ചാൽ കിഫ്ബിയുടെ ആകെ നിക്ഷേപം 6,521 കോടി രൂപയാണ്.

തിരുവനന്തപുരം : കിഫ്‌ബിയുടെ കൈവശം 30000 കോടി ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തെറ്റെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. അക്കൗണ്ടിൽ ഉള്ളത് 6521 കോടി മാത്രമാണ്. കിഫ്ബിയുടെ വെബ്‌സൈറ്റിൽ ലഭ്യമായ ഓഡിറ്റ് രേഖകളിൽ നിന്നും 2026 മാർച്ച് 31ലെ കിഫ്ബിയുടെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപയാണ്. ഇതിൽ 4,128 കോടി രൂപ സർക്കാരിന്റെ തന്നെ ട്രഷറി കോർപ്പസ് ഫണ്ട് ആണ്. ഇത് കിഴിച്ചാൽ കിഫ്ബിയുടെ ആകെ നിക്ഷേപം 6,521 കോടി രൂപയാണ്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കിഫ്ബിയുടെ പണമായും നിക്ഷേപമായും ഉണ്ടായിരുന്നത് 6521 കോടി രൂപയാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ബാക്കി പണം എവിടെയാന്നുള്ളതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

‘’കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സമഗ്ര അവലോകനത്തിനായുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ മുന്‍ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് നടത്തിയ വാർത്താ സമ്മേളനത്തില്‍ കിഫ്ബിയുടെ കൈവശം '30,000' കോടി രൂപ പണമായും നിക്ഷേപമായും ഉണ്ടെന്നും ഇതിലാണ് ഈ സർക്കാരിന്റെ കണ്ണ് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ കിഫ്ബിയുടെ വെബ്‌സൈറ്റിൽ ലഭ്യമായ ഓഡിറ്റ് രേഖകളിൽ നിന്നും 2026 മാർച്ച് 31ലെ കിഫ്ബിയുടെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപയാണ്. ഇതിൽ 4,128 കോടി രൂപ സർക്കാരിന്റെ തന്നെ ട്രഷറി കോർപ്പസ് ഫണ്ട് ആണ്. ഇത് കിഴിച്ചാൽ കിഫ്ബിയുടെ ആകെ നിക്ഷേപം 6,521 കോടി രൂപയാണ്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കിഫ്ബിയുടെ പണമായും നിക്ഷേപമായും ഉണ്ടായിരുന്നത് 6521 കോടി രൂപയാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. പക്ഷെ, കിഫ്ബിയുടെ കടബാധ്യത 32,000 കോടി രൂപയോളമാണ്. അങ്ങനെയെങ്കിൽ സുപ്രധാനമായ ഒരു ചോദ്യമുയരുന്നു. മുൻ മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞ കിഫ്ബിയുടെ കൈവശമുള്ള '30,000' കോടി രൂപ 2026 മാർച്ച് 31 ആയപ്പോൾ 6521 കോടി ആയത് എങ്ങിനെ? കിഫ്ബിയുടെ മുന്‍ ചെയര്‍മാനും അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ പിണറായി വിജയനും മുൻ‍ ധനമന്ത്രി കെ.എൻ ബാല​ഗോപാലും ഈ ചോദ്യത്തിന് മറുപടി നൽകണം‘’.