കണ്ണൂർ: ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ള കണ്ണൂർ ജില്ലയിൽ സ്പെഷ്യൽ ട്രാക്കിംഗ് ടീം പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രീയ വിവര ശേഖരണ രീതിയിലൂടെ ആളുകളുടെ സമ്പർക്കം സ്പെഷ്യൽ ട്രാക്കിംഗ് ടീം കണ്ടെത്തും. നിലവിൽ കണ്ണൂർ ജില്ലയിൽ 47 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഇതിന്റെ  ഭാഗമായി ഓരോ ഇരുപത് വീടുകളിലേയും ചുമതല രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ടീമിന് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിന് മുൻപ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ആളുകളുടെ നിരീക്ഷണ കാലാവതി കഴിഞ്ഞിട്ടുണ്ടെന്നും. അവരെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെങ്കിൽ അക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം, സംസ്ഥാനത്ത് ഇന്ന് രണ്ട്  പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം കാസര്‍കോട് ജില്ലകളിൽ ഉള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നയാളാണ്. മറ്റൊരാള്‍ക്ക് രോഗം ലഭിച്ചത് സമ്പര്‍ക്കം വഴിയാണ്. അതേസമയം പതിനാല് പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തരായി. കോട്ടയം 18 ഇടുക്കി 14 കൊല്ലം 12 കാസർകോട് 9 കോഴിക്കോട് 4 മലപ്പുറം,തിരുവനന്തപുരം രണ്ട് വീതം. പത്തനംതിട്ട, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒരാൾ വീതം ചികിത്സയിലുണ്ട്.