കിഫ്ബിയുടെ ക്രമക്കേടുകളിൽ ഗൗരവ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ ഉണ്ടെന്നും കിഫ്ബി വായ്പക്ക് സർക്കാർ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പ് നിർദേശം മറികടന്നത് റൂൾസ് ഓഫ് ബിസിനസ് ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: കിഫ്ബിയുടെ ക്രമക്കേടുകളിൽ ഗൗരവ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ ഉണ്ടെന്നും കിഫ്ബി വായ്പക്ക് സർക്കാർ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പ് നിർദേശം മറികടന്നത് റൂൾസ് ഓഫ് ബിസിനസ് ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കലിൽ പകുതിയിലധികം നടന്നത് കണ്ണൂരിൽ ആണ്. കണക്കിൽ കാണിച്ചതിന്റെ പത്തിരിട്ടി പരസ്യചെലവ് ആണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വിദഗ്ധ സമിതിയുടെ കിഫ്ബി അവലോകന റിപ്പോർട്ടിൽ ഗുരുതര നിരീക്ഷണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കൽ കൂടുതൽ നടന്നത് കണ്ണൂരിലാണ്. കണ്ണൂരിൽ ആയിരം ഏക്കർ എടുത്തത് എന്തിനാണ്? തിരുവനന്തപുരത്ത് വിഴിഞ്ഞം പദ്ധതി വരുന്നു. ഇവിടെ ഭൂമി ഏറ്റെടുത്തില്ല. ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി. ധനവകുപ്പിൻ്റെ നിർദേശം കിഫ്ബി മറികടന്നു. പദ്ധതികളിൽ പലതും വരുമാനദായകമല്ല. പദ്ധതികളുടെ 41.6 ശതമാനം മൂന്ന് ജില്ലകളിൽ മാത്രമായി ക്രമീകരിച്ചു. കടം പെരുകുമ്പോഴും 5821 കോടി രൂപ നിക്ഷേപിച്ചെന്നും കണക്കിൽ കാണിച്ചതിൻ്റെ പത്തിരട്ടി പരസ്യചെലവ് ആയിരുന്നെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കിഫ്ബി അവസാനിപ്പിക്കാൻ അല്ല തൻ്റെ ഉദ്ദേശമെന്നും പുനസംഘടിപ്പിക്കുകയാണ് ചെയ്യുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
മാസപ്പടി കേസിൽ പ്രതികരണം
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എഫ്ഐആർ എടുത്ത നടപടിയിൽ സർക്കാർ അധികാരം ദുരുപയോഗം ചെയ്യില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. നിയമം നിയമത്തിന്റെ വഴിക്ക് പോകും. രാഷ്ട്രീയ പ്രതികാരം സർക്കാർ ലക്ഷ്യമല്ല. എജി എടുത്ത നിലപാട് സർക്കാർ തീരുമാനമാണ്. സർക്കാർ പറയാത്ത ഒരു വാക്കും എജി പറഞ്ഞിട്ടില്ല. മുതിർന്ന അംഗങ്ങളെല്ലാം ആലോചിച്ച് എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

