തിരുവനന്തപുരം: പൊതുവേ നമ്മുടെ ആകെ ജാഗ്രത കുറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എനിക്ക് ഇതൊന്നും ബാധകമല്ല എന്ന മട്ടിലാണ് പലരും നീങ്ങുന്നത്. റോഡുകളിലും കമ്പോളങ്ങളിലും പതിവ് നിലയില്‍ തിരക്ക് ഏറുകയാണ്. ശാരീരിക അകലം പലയിടത്തും പാലിക്കാതിരിക്കുന്നു. പൊതുവായി ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ സാനിറ്റൈസര്‍, സോപ്പ് എന്നിവയുടെ ഉപയോഗം കുറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് സംസ്ഥാനത്ത് ആകെയുള്ള കാഴ്ചയായി മാറുകയാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ശക്തമായ ഇടപെടല്‍ തന്നെയാണ് വേണ്ടതെന്നാണ് തീരുമാനമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സര്‍ക്കാർ ഓഫീസുകളിലേക്ക് ദൂരെ സ്ഥലങ്ങളില്‍ നിന്ന് യാത്ര ചെയ്യേണ്ടി വരുമ്പോൾ പലരം കൂട്ടായി വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഇത്തരം യാത്രകള്‍ തടയാനോ അങ്ങനെയുള്ളവര്‍ക്ക് വിഷമം ഉണ്ടാക്കാനോ  പൊലീസോ മോട്ടോർവാഹന ഉദ്യോഗസ്ഥരോ തയ്യാറാകരുതെന്ന് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
കേരളത്തിൽ ചരക്ക് എത്തിക്കുന്ന തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധ രൂക്ഷമാകുകയാണ്. ഇത് ചരക്ക് ഗതാഗതത്തെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് രോഗികളുടെ താമസ സ്ഥലത്തിന് സമീപത്തുള്ള ഏതാനും വീടുകള്‍ ഉള്‍പ്പെടുത്തി മൈക്രോ കണ്ടയ്മെന്‍റ് സോണ്‍ രൂപീകരിച്ച് നിയന്ത്രണങ്ങള്‍ വളരെ കര്‍ശനമായി നടപ്പാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.