തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിവരസാങ്കേതിക വകുപ്പ് സെക്രട്ടറി എന്നീ തസ്തികകളിൽ എം ശിവശങ്കറിന് പകരം സർക്കാർ നടത്തിയ നിയമനങ്ങളിൽ മുതിർന്ന ഐഎഎസുകാർക്ക് അതൃപ്തി എന്ന രീതിയിലുള്ള മാധ്യമ വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത.

ഈ തസ്തികകളിൽ ജൂനിയർ ഉദ്യോഗസ്ഥരെ നിയമിച്ചുവെന്ന് ഐഎഎസ് ഉദ്യോഗസ്ഥരാരും ചീഫ് സെക്രട്ടറിയോട് പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയെന്ന് ആരോപണമുന്നയിക്കപ്പെട്ട സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന വിവാദം കത്തിപ്പടർന്നതിന് പിന്നാലെയായിരുന്നു എം ശിവശങ്കറിന്‍റെ സ്ഥാനചലനം.

പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന് മാറ്റിയതിന് പുറമേ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും എം ശിവശങ്കറിനെ നീക്കുകയായിരുന്നു.  പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന് ശിവശങ്കറിനെ മാറ്റിയതിന് പിന്നാലെ, മിർ മുഹമ്മദിനെയാണ് ആ സ്ഥാനത്ത് സര്‍ക്കാര്‍ നിയോഗിച്ചത്.

ഒപ്പം പുതിയ ഐ ടി സെക്രട്ടറിയായി മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ചുവെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി. വിവാദം ഉയര്‍ന്നതിന് പിന്നാലെ ഒരു വർഷത്തെ അവധിക്കുള്ള അപേക്ഷ എം ശിവശങ്കർ നൽകിയിരുന്നു. ഈ അവധി അപേക്ഷ പരിഗണിച്ചാണ് സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് സർക്കാരിന്‍റെ ഔദ്യോഗിക വിശദീകരണം.